NEHEMIA 13

13
വിജാതീയരെ വേർതിരിക്കുന്നു
1അന്നു ജനം കേൾക്കെ അവർ മോശയുടെ പുസ്‍തകം വായിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “അമ്മോന്യരും മോവാബ്യരും ഒരിക്കലും ദൈവത്തിന്റെ സഭയിൽ പ്രവേശിക്കരുത്. 2അവർ അപ്പവും വെള്ളവും കൊണ്ടുവന്ന് ഇസ്രായേലിനെ സ്വീകരിക്കുന്നതിനു പകരം അവരെ ശപിക്കാൻ ബിലെയാമിനെ കൂലിക്കു വിളിച്ചു. എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി മാറ്റി.” 3ജനം നിയമം വായിച്ചു കേട്ടപ്പോൾ വിജാതീയരെയെല്ലാം ഇസ്രായേലിൽനിന്നു വേർതിരിച്ചു.
നെഹെമ്യായുടെ പരിഷ്കാരങ്ങൾ
4എന്നാൽ അതിനു മുമ്പു പുരോഹിതനും നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ മുറികളുടെ ചുമതലക്കാരനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് തന്റെ ബന്ധുവായ തോബീയായ്‍ക്കുവേണ്ടി ഒരു വലിയ മുറി ഒരുക്കിക്കൊടുത്തിരുന്നു. 5ധാന്യയാഗം, കുന്തുരുക്കം, പാത്രങ്ങൾ എന്നിവയും ലേവ്യർ, ഗായകർ, വാതിൽകാവല്‌ക്കാർ എന്നിവർക്കുവേണ്ടിയുള്ള ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുവേണ്ടിയുള്ള സംഭാവനകളും അവിടെയാണു സൂക്ഷിച്ചിരുന്നത്. 6ഈ സമയത്ത് ഞാൻ യെരൂശലേമിൽ ഉണ്ടായിരുന്നില്ല. ബാബിലോൺരാജാവായ അർത്ഥക്സേർക്സസ് രാജാവിന്റെ വാഴ്ചയുടെ മുപ്പത്തിരണ്ടാം വർഷം ഞാൻ രാജാവിന്റെ അടുക്കൽ പോയിരുന്നു. കുറച്ചുകാലം കഴിഞ്ഞ് രാജാവിന്റെ അനുവാദത്തോടെ ഞാൻ യെരൂശലേമിൽ മടങ്ങിയെത്തി. 7അപ്പോഴാണ് എല്യാശീബ് തോബീയായ്‍ക്കുവേണ്ടി ദേവാലയത്തിന്റെ അങ്കണത്തിൽ മുറി ഒരുക്കിക്കൊടുത്ത ഹീനകൃത്യം ഞാൻ അറിഞ്ഞത്. 8എനിക്ക് വല്ലാത്ത കോപമുണ്ടായി; ആ മുറിയിൽനിന്നു തോബീയായുടെ ഗൃഹോപകരണങ്ങളെല്ലാം ഞാൻ പുറത്ത് എറിഞ്ഞുകളഞ്ഞു. 9പിന്നീട് എന്റെ ആജ്ഞയനുസരിച്ച് മുറികളെല്ലാം ശുദ്ധമാക്കി; ദേവാലയത്തിന്റെ ഉപകരണങ്ങളും ധാന്യയാഗത്തിനുള്ള ധാന്യങ്ങളും കുന്തുരുക്കവും തിരികെ കൊണ്ടുവന്നു. 10ലേവ്യർക്കുള്ള ഓഹരി കൊടുക്കാതിരുന്നതിനാൽ ഗായകരും മറ്റു ലേവ്യരും അവരവരുടെ വയലുകളിലേക്കു പോയ വിവരം ഞാൻ അറിഞ്ഞു. 11ഞാൻ ജനപ്രമാണികളെ ശാസിച്ചു. ലേവ്യരും മറ്റും ദേവാലയം ഉപേക്ഷിച്ചു പോയതെന്തെന്നു ഞാൻ അവരോടു ചോദിച്ചു. ഞാൻ ഗായകരെയും മറ്റു ലേവ്യരെയും മടക്കിവരുത്തി അവരെ യഥാസ്ഥാനങ്ങളിൽ നിയോഗിച്ചു. 12അപ്പോൾ സകല യെഹൂദന്മാരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നു. 13ഭണ്ഡാരഗൃഹങ്ങളുടെ സൂക്ഷിപ്പുകാരായി ശേലെമ്യാപുരോഹിതനെയും വേദപണ്ഡിതനായ സാദോക്കിനെയും ലേവ്യനായ പെദായായെയും അവരുടെ സഹായി ആയി മത്ഥന്യായുടെ പൗത്രനും സക്കൂരിന്റെ പുത്രനുമായ ഹാനാനെയും നിയമിച്ചു. അവർ വിശ്വസ്തരെന്നു കരുതപ്പെട്ടിരുന്നു. തങ്ങളുടെ സഹോദരർക്കു വിഹിതം പങ്കിട്ടുകൊടുക്കുക എന്നതായിരുന്നു അവരുടെ ജോലി. 14എന്റെ ദൈവത്തിന്റെ ആലയത്തിനും അതിലെ ശുശ്രൂഷകൾക്കുംവേണ്ടി ഞാൻ ചെയ്ത സൽപ്രവൃത്തികൾ മറക്കരുതേ! അവയെല്ലാം എന്റെ ദൈവമേ, ഓർക്കണമേ.
15അക്കാലത്ത് യെഹൂദ്യരിൽ ചിലർ ശബത്തിൽ മുന്തിരിച്ചക്കു ചവിട്ടുന്നതും കറ്റകൊണ്ടുവരുന്നതും കഴുതപ്പുറത്ത് ചുമടു കയറ്റുന്നതും വീഞ്ഞ്, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായവ ചുമടുകളായി ശബത്തിൽ യെരൂശലേമിലേക്കു വില്‌ക്കാൻ കൊണ്ടുവരുന്നതും ഞാൻ കണ്ടു. ശബത്തിൽ ഒന്നും വില്‌ക്കരുത് എന്ന് ഞാൻ അവർക്കു മുന്നറിയിപ്പു നല്‌കി. 16അവിടെ പാർത്തിരുന്ന സോർ ദേശക്കാർ മത്സ്യവും പലചരക്കും കൊണ്ടുവന്നു ശബത്തിൽ യെഹൂദ്യർക്കും യെരൂശലേംനിവാസികൾക്കും വിറ്റുപോന്നു. 17അതുകൊണ്ട് ഞാൻ യെഹൂദാപ്രഭുക്കന്മാരെ ശാസിച്ചു: “നിങ്ങൾ ഈ തിന്മ പ്രവർത്തിക്കുന്നതെന്ത്? ശബത്ത് നിങ്ങൾ അശുദ്ധമാക്കുകയല്ലേ ചെയ്യുന്നത്? 18നിങ്ങളുടെ പിതാക്കന്മാർ ഇങ്ങനെ ചെയ്തതുകൊണ്ടല്ലേ നമ്മുടെ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും അനർഥമെല്ലാം വരുത്തിയത്? ശബത്ത് അശുദ്ധമാക്കുന്നതിലൂടെ ഇസ്രായേലിന്മേലുള്ള ദൈവകോപം നിങ്ങൾ വർധിപ്പിക്കുന്നു.” 19ശബത്തിനു മുമ്പ് ഇരുട്ടായിത്തുടങ്ങുമ്പോൾ യെരൂശലേമിന്റെ നഗരവാതിലുകൾ അടയ്‍ക്കാനും ശബത്തു കഴിയുന്നതുവരെ തുറക്കാതിരിക്കാനും ഞാൻ ആജ്ഞാപിച്ചു. ശബത്തുനാളിൽ ഒരു ചുമടും പട്ടണത്തിനകത്തു കടത്താതിരിക്കാൻ വാതിലുകൾക്കരികെ എന്റെ ദാസന്മാരിൽ ചിലരെ കാവൽ നിർത്തി. 20അതുകൊണ്ടു കച്ചവടക്കാർക്ക് ഒന്നുരണ്ടു പ്രാവശ്യം യെരൂശലേമിനു പുറത്തു രാപാർക്കേണ്ടിവന്നു. 21പിന്നീട് ഞാൻ അവർക്ക് താക്കീതു നല്‌കി: “നിങ്ങൾ മതിലിനരികെ പാർക്കുന്നതെന്ത്? നിങ്ങൾ ഇതാവർത്തിച്ചാൽ ഞാൻ നിങ്ങളെ ശിക്ഷിക്കും.” അന്നുമുതൽ അവർ ശബത്തിൽ വരാതെയായി. 22ശബത്തുദിവസം വിശുദ്ധമായി ആചരിക്കാൻവേണ്ടി തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു വാതിലുകൾക്കു കാവൽ നില്‌ക്കാൻ ഞാൻ ലേവ്യരോടു കല്പിച്ചു. എന്റെ ദൈവമേ, എന്റെ ഈ പ്രവൃത്തികളും എനിക്ക് അനുകൂലമായി ഓർക്കണമേ; അവിടുത്തെ അചഞ്ചല സ്നേഹത്തിനു തക്കവിധം എന്നോട് കനിവു തോന്നണമേ.
23അസ്തോദ്യരും അമ്മോന്യരും മോവാബ്യരുമായ സ്‍ത്രീകളെ വിവാഹം കഴിച്ച ചില യെഹൂദന്മാരെ ഞാൻ കണ്ടു. 24അവരുടെ സന്താനങ്ങളിൽ പകുതി പേർ അസ്തോദ്യഭാഷ സംസാരിച്ചിരുന്നു. വിജാതീയരുടെ ഭാഷയല്ലാതെ യെഹൂദഭാഷ സംസാരിക്കാൻ അവർക്കു കഴിയുമായിരുന്നില്ല. 25അവരെ ഞാൻ ശാസിക്കുകയും ശപിക്കുകയും ചെയ്തു; ചിലരെ അടിച്ചു; അവരുടെ തലമുടി വലിച്ചു പറിച്ചു; “നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു വിവാഹം കഴിച്ചുകൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങൾക്കോ നിങ്ങളുടെ പുത്രന്മാർക്കോവേണ്ടി സ്വീകരിക്കുകയോ ഇല്ല എന്ന് അവരെക്കൊണ്ട് ദൈവനാമത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യിച്ചു. 26ഇസ്രായേൽരാജാവായ ശലോമോൻ ഇത്തരം സ്‍ത്രീകളെ വിവാഹം കഴിച്ചതുകൊണ്ടല്ലേ പാപം ചെയ്യാൻ ഇടയായത്? അദ്ദേഹത്തെപ്പോലെ ഒരു രാജാവ് ഒരു ജനതയുടെയും ഇടയിൽ ഉണ്ടായിരുന്നില്ല. ശലോമോൻ തന്റെ ദൈവത്തിനു പ്രിയങ്കരനായിരുന്നു; അതിനാൽ ദൈവം അദ്ദേഹത്തെ സമസ്ത ഇസ്രായേലിന്റെയും രാജാവാക്കി. എങ്കിലും വിജാതീയ ഭാര്യമാർ അദ്ദേഹത്തെക്കൊണ്ടു പാപം ചെയ്യിച്ചു. 27ഞങ്ങളും നിങ്ങളെപ്പോലെ വിജാതീയ സ്‍ത്രീകളെ വിവാഹം ചെയ്തു തിന്മ പ്രവർത്തിക്കണമോ? അങ്ങനെ നമ്മുടെ ദൈവത്തോടു വഞ്ചന കാട്ടണമോ? 28“മഹാപുരോഹിതനായ എല്യാശീബിന്റെ പുത്രൻ യെഹോയാദയുടെ പുത്രന്മാരിൽ ഒരാൾ ഹോരോന്യനായ സൻബല്ലത്തിന്റെ ജാമാതാവ് ആയിരുന്നു. അതുകൊണ്ട് ഞാൻ അവനെ എന്റെ അടുക്കൽനിന്ന് ഓടിച്ചുകളഞ്ഞു. 29“എന്റെ ദൈവമേ, അവർ പൗരോഹിത്യത്തെയും പൗരോഹിത്യനിയമത്തെയും ലേവ്യരെയും മലിനപ്പെടുത്തിയിരിക്കുന്നു. അതിനു തക്ക പ്രതിഫലം അവർക്കു നല്‌കണമേ.” 30ഇങ്ങനെ വിജാതീയമായ എല്ലാറ്റിൽനിന്നും ഞാൻ അവരെ ശുദ്ധീകരിച്ചു; പുരോഹിതന്മാരുടെയും ലേവ്യരുടെയും ചുമതലകൾക്ക് ഞാൻ വ്യവസ്ഥ ഉണ്ടാക്കി. 31നിശ്ചിത സമയങ്ങളിൽ വിറകും ആദ്യഫലങ്ങളും സമർപ്പിക്കുന്നതിനു വേണ്ട ഏർപ്പാടുകൾ ചെയ്തു. എന്റെ ദൈവമേ എന്റെ നന്മയ്‍ക്കായി ഇവയെല്ലാം ഓർക്കണമേ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

NEHEMIA 13: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക