THUFINGTE 25
25
ശലോമോന്റെ സുഭാഷിതങ്ങൾ
1ഇവയും യെഹൂദാരാജാവായ ഹിസ്കീയായുടെ ആളുകൾ
പകർത്തിയ ശലോമോന്റെ സുഭാഷിതങ്ങളാണ്.
2നിഗൂഢത ദൈവത്തിന്റെ മഹത്ത്വമാണ്;
എന്നാൽ അത് ആരാഞ്ഞറിയുന്നതാണു രാജാക്കന്മാരുടെ മഹത്ത്വം.
3ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും അളക്കാൻ ആവാത്തതുപോലെയാണു
രാജാക്കന്മാരുടെ മനസ്സ്.
4വെള്ളിയിൽനിന്നു കീടം നീക്കുക,
അപ്പോൾ ശുദ്ധമായ വെള്ളി കിട്ടും.
5രാജസന്നിധിയിൽനിന്നു ദുരുപദേഷ്ടാക്കളെ നീക്കുക;
അപ്പോൾ രാജത്വം നീതിയിൽ അധിഷ്ഠിതമായിരിക്കും.
6രാജസന്നിധിയിൽ മുൻനിരക്കാരനായി കയറിനില്‌ക്കുകയോ
മഹാന്മാരുടെ സ്ഥാനം പിടിക്കുകയോ അരുത്.
7രാജസന്നിധിയിൽ നീ താഴ്ത്തപ്പെടുന്നതിലും നല്ലത്
“ഇങ്ങോട്ടു കയറിവരൂ” എന്നു നിന്നോടു പറയാനിടയാകുന്നതാണ്.
8നീ കണ്ടത് എന്തോ അതു കോടതിയിൽ വെളിപ്പെടുത്താൻ തിടുക്കം കൂട്ടരുത്.
നീ പറഞ്ഞതു തെറ്റാണെന്ന് അയൽക്കാരൻ തെളിയിച്ചാൽ നീ എന്തു ചെയ്യും?
9അയൽക്കാരനുമായുള്ള തർക്കം പരസ്പരം പറഞ്ഞു തീർക്കുക,
മറ്റൊരുവന്റെ രഹസ്യം പുറത്തു പറയരുത്.
10അപ്പോൾ കേൾക്കുന്നവൻ നിന്നെ നിന്ദിക്കും;
നിന്റെ ദുഷ്കീർത്തിക്ക് അറുതി വരികയില്ല.
11സന്ദർഭോചിതമായ വാക്ക് വെള്ളിത്താലത്തിലെ പൊൻനാരങ്ങാപോലെയാണ്.
12ജ്ഞാനിയുടെ ശാസന കേൾക്കുന്നതു സ്വർണവളയമോ, കനകാഭരണമോ പോലെയാണ്.
13വിശ്വസ്തനായ ദൂതൻ അയാളെ അയയ്‍ക്കുന്നവർക്ക്
കൊയ്ത്തുകാലത്തെ മഞ്ഞിന്റെ തണുപ്പുപോലെയാകുന്നു.
അവൻ അവർക്ക് ഉന്മേഷം പകരുന്നു.
14കൊടുക്കാത്ത ദാനത്തെ ചൊല്ലി പൊങ്ങച്ചം പറയുന്നവൻ
മാരി പൊഴിക്കാത്ത മേഘവും കാറ്റും പോലെയാണ്.
15ക്ഷമകൊണ്ട് ഭരണാധികാരിയെ അനുനയിപ്പിക്കാം;
മൃദുഭാഷണംകൊണ്ട് അസ്ഥിയെപ്പോലും വഴക്കാം.
16തേൻ കിട്ടിയാലും ആവശ്യത്തിനുള്ളതേ ഭുജിക്കാവൂ;
അല്ലെങ്കിൽ തിന്നു ചെടിച്ചു നീ ഛർദിക്കും.
17അയൽവീട്ടിൽ അപൂർവമായേ പോകാവൂ,
അല്ലാഞ്ഞാൽ അതിസാന്നിധ്യം കൊണ്ട് അവർ നിന്നെ വെറുക്കും.
18അയൽക്കാരനെതിരെ കള്ളസ്സാക്ഷ്യം പറയുന്നവൻ
ഗദയും വാളും മൂർച്ചയുള്ള അസ്ത്രവും പോലെയാണ്.
19കഷ്ടകാലത്ത് വഞ്ചകനെ ആശ്രയിക്കുന്നത്,
ആടുന്ന പല്ലിനും മുടന്തുന്ന കാലിനും തുല്യമാണ്.
20വേദന നിറഞ്ഞവന്റെ മുന്നിൽ ആഹ്ലാദത്തോടെ പാടുന്നത്
കൊടുംതണുപ്പത്ത് ഒരുവന്റെ വസ്ത്രം ഉരിഞ്ഞുകളയുന്നതുപോലെയും
മുറിവിൽ വിനാഗിരി ഒഴിക്കുന്നതുപോലെയും ആകുന്നു.
21നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അപ്പം കൊടുക്കുക,
ദാഹിക്കുന്നെങ്കിൽ കുടിക്കാൻ കൊടുക്കുക.
22അങ്ങനെ ചെയ്താൽ നീ അവനെ അപമാനാഗ്നിക്ക് ഇരയാക്കുന്നു.
സർവേശ്വരൻ നിനക്കു പ്രതിഫലം നല്‌കും.
23വടക്കൻകാറ്റ് മഴ കൊണ്ടുവരുന്നു,
അതുപോലെ ഏഷണി രോഷം ഉളവാക്കുന്നു.
24കലഹപ്രിയയായ സ്‍ത്രീയുമൊത്ത് വീട്ടിൽ കഴിയുന്നതിലും മെച്ചം
മട്ടുപ്പാവിന്റെ കോണിൽ ഒതുങ്ങിക്കൂടുകയാണ്.
25ദാഹത്തിനു കുളിർജലംപോലെയാണ്
വിദൂരദേശത്തുനിന്നു ലഭിക്കുന്ന സദ്‍വാർത്ത.
26ദുഷ്ടന്റെ മുമ്പിൽ വഴങ്ങുന്ന നീതിമാൻ കലങ്ങിയ അരുവിപോലെയും
മലിനമാക്കപ്പെട്ട നീരുറവപോലെയുമാകുന്നു.
27തേൻ അമിതമായി കുടിക്കുന്നതു നന്നല്ല;
അതുപോലെയാണ് അമിതമായ പ്രശംസയും.
28ആത്മനിയന്ത്രണം ഇല്ലാത്ത മനുഷ്യൻ,
ഇടിഞ്ഞു തകർന്നു കിടക്കുന്ന നഗരം പോലെയാകുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
THUFINGTE 25: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.