SAM 36
36
മനുഷ്യന്റെ ദുഷ്ടതയും ദൈവത്തിന്റെ സ്നേഹവും
ഗായകസംഘനേതാവിന്; സർവേശ്വരന്റെ ദാസനായ ദാവീദിന്റെ സങ്കീർത്തനം
1ദുഷ്ടന്റെ ഹൃദയാന്തർഭാഗത്തു പാപം നിറഞ്ഞിരിക്കുന്നു;
ദൈവഭക്തിയെക്കുറിച്ച് അവൻ ആലോചിക്കുന്നതേയില്ല.
2തന്റെ പാപം കണ്ടുപിടിക്കപ്പെടുകയോ;
അങ്ങനെ താൻ വെറുക്കപ്പെടുകയോ ഇല്ലെന്നാണ് അവന്റെ മേനിപറച്ചിൽ.
3വഞ്ചനയും കാപട്യവും നിറഞ്ഞതാണ് അവന്റെ വാക്കുകൾ;
നന്മയും വിവേകവും അവന്റെ പ്രവൃത്തികളിലില്ല.
4ഉറങ്ങാൻ കിടക്കുമ്പോഴും അവൻ ദ്രോഹാലോചനകളിലാണ്;
അവൻ എപ്പോഴും ചരിക്കുന്നതു ദുർമാർഗത്തിലാണ്.
അവൻ ദോഷത്തെ വെറുക്കുന്നുമില്ല.
5സർവേശ്വരാ, അവിടുത്തെ അചഞ്ചലസ്നേഹം, ആകാശത്തോളവും;
അവിടുത്തെ വിശ്വസ്തത മേഘങ്ങൾ വരെയും എത്തുന്നു.
6അവിടുത്തെ നീതി ഉന്നതപർവതങ്ങൾ പോലെയും;
അവിടുത്തെ വിധികൾ അഗാധമായ ആഴി പോലെയുമാണ്.
പരമനാഥാ, മനുഷ്യരെയും മൃഗങ്ങളെയും സംരക്ഷിക്കുന്നത് അവിടുന്നാണ്.
7ദൈവമേ, അവിടുത്തെ അചഞ്ചലസ്നേഹം എത്ര അമൂല്യം.
മനുഷ്യരെല്ലാം അവിടുത്തെ ചിറകിൻകീഴിൽ അഭയംതേടുന്നു.
8അവിടുത്തെ ആലയത്തിലെ സമൃദ്ധികൊണ്ട് അവർ തൃപ്തിയടയുന്നു.
അവിടുത്തെ ആനന്ദനദിയിൽനിന്ന് അവർ പാനംചെയ്യുന്നു.
9അവിടുന്നാകുന്നു ജീവന്റെ ഉറവിടം;
അവിടുത്തെ പ്രകാശത്താൽ ഞങ്ങൾ വെളിച്ചം കാണുന്നു.
10അങ്ങയെ അറിയുന്നവർക്ക് അവിടുത്തെ കാരുണ്യവും
പരമാർഥഹൃദയമുള്ളവർക്ക് അവിടുത്തെ രക്ഷയും നിരന്തരം നല്‌കണമേ.
11അഹങ്കാരികൾ എന്നെ ആക്രമിക്കരുതേ,
ദുഷ്ടർ എന്നെ ആട്ടി ഓടിക്കരുതേ.
12അതാ, ദുഷ്ടന്മാർ വീണുകിടക്കുന്നു;
എഴുന്നേല്‌ക്കാനാവാത്തവിധം അവർ നിലംപരിചായിരിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 36: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.