SAM 59

59
ദൈവം എന്റെ അഭയസ്ഥാനം
ഗായകസംഘനേതാവിന്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ, ദാവീദിന്റെ ഒരു സങ്കീർത്തനം. തന്നെ വധിക്കാൻ ശൗൽ ആളുകളെ അയച്ചപ്പോൾ ദാവീദ് പാടിയത്.
1എന്റെ ദൈവമേ, ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കണമേ,
എന്നെ ആക്രമിക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കണമേ.
2ദുഷ്കർമികളിൽനിന്ന് എന്നെ വിടുവിക്കണമേ.
കൊലപാതകികളിൽനിന്ന് എന്നെ കാത്തുകൊള്ളണമേ.
3ഇതാ, എന്നെ കൊല്ലുവാനായി അവർ പതിയിരിക്കുന്നു,
കരുത്തരായ ശത്രുക്കൾ എനിക്കെതിരെ ഒരുമിച്ചു കൂടിയിരിക്കുന്നു,
സർവേശ്വരാ, എന്റെ അകൃത്യമോ പാപമോ കൊണ്ടല്ല,
എന്റെ തെറ്റുകൾ കൊണ്ടുമല്ല,
4അവർ പാഞ്ഞുവന്ന് എനിക്കെതിരെ നിലയുറപ്പിക്കുന്നത്,
ദൈവമേ, എഴുന്നേല്‌ക്കണമേ, എന്നെ സഹായിക്കാൻ വരണമേ,
എന്നെ തൃക്കൺപാർക്കണമേ.
5സൈന്യങ്ങളുടെ ദൈവമായ സർവേശ്വരാ,
അവിടുന്ന് ഇസ്രായേലിന്റെ ദൈവം അല്ലേ?
അന്യജനതകളെ ശിക്ഷിക്കാൻ എഴുന്നേല്‌ക്കണമേ.
ദുഷ്ടരായ ആ വഞ്ചകരോട് ഒട്ടും ദയ കാട്ടരുതേ.
6സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു;
നായെപ്പോലെ കുരച്ചുകൊണ്ട് അവർ നഗരത്തിൽ ചുറ്റിനടക്കുന്നു.
7അവർ അസഭ്യം ചൊരിയുന്നു;
വാളുകൾ പോലെയാണ് അവരുടെ വാക്കുകൾ.
തങ്ങൾ ചെയ്യുന്നത് ആരും അറിയുകയില്ലെന്ന് അവർ കരുതുന്നു.
8സർവേശ്വരാ, അവിടുന്ന് അവരെ നോക്കി ചിരിക്കുന്നു.
അവിടുന്ന് അന്യജനതകളെയെല്ലാം പരിഹസിക്കുന്നു.
9എന്റെ ബലമായ ദൈവമേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
അവിടുന്നാണെന്റെ അഭയസങ്കേതം.
10എന്റെ ദൈവം സ്നേഹത്തോടെ എന്നെ സന്ദർശിക്കും,
എന്റെ ശത്രുക്കളുടെ പരാജയം കാണാൻ അവിടുന്ന് എനിക്ക് ഇടയാക്കും.
11അവരെ കൊന്നുകളയരുതേ, അല്ലെങ്കിൽ എന്റെ ജനം അങ്ങയെ മറന്നുകളയും.
ഞങ്ങളുടെ പരിചയായ സർവേശ്വരാ,
അവിടുത്തെ ശക്തിയാൽ അവരെ ചിതറിച്ചു തോല്പിക്കണമേ.
12അഹങ്കാരികളായ അവർ തങ്ങളുടെ അധരങ്ങളിലെ പാപം നിമിത്തം,
വായിലെ വാക്കുകൾ നിമിത്തം കെണിയിൽ കുടുങ്ങട്ടെ.
അവർ ചൊരിയുന്ന ശാപവും ഭോഷ്ക്കും മൂലം,
13ഉഗ്രരോഷത്തോടെ അവരെ സംഹരിക്കണമേ.
അവിടുന്ന് അവരെ ഉന്മൂലനം ചെയ്യണമേ.
അങ്ങനെ ദൈവം ഇസ്രായേലിനെ ഭരിക്കുന്നു എന്ന്;
ഭൂമിയുടെ അതിരുകളോളം എല്ലാവരും അറിയട്ടെ.
14സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു,
നായെപ്പോലെ കുരച്ചുകൊണ്ട് അവർ നഗരത്തിൽ ചുറ്റി നടക്കുന്നു.
15അവർ ആഹാരത്തിനുവേണ്ടി ചുറ്റിത്തിരിയുന്നു.
വയറു നിറയാതെ വരുമ്പോൾ അവർ മുറുമുറുക്കുന്നു.
16എന്നാൽ ഞാൻ അങ്ങയുടെ ബലത്തെ പ്രകീർത്തിക്കും,
പുലർകാലത്ത് അവിടുത്തെ അചഞ്ചല സ്നേഹത്തെ ഞാൻ പ്രഘോഷിക്കും.
എന്റെ കഷ്ടകാലത്ത് അവിടുന്ന് എന്റെ കോട്ടയും അഭയസങ്കേതവും ആയിരുന്നു.
17എന്റെ ബലമായ ദൈവമേ, ഞാൻ അങ്ങേക്കു സ്തുതി പാടും,
അവിടുന്ന് എന്നോട് അചഞ്ചലസ്നേഹം കാട്ടുന്നു.
ദൈവമേ, അവിടുന്നാണ് എന്റെ അഭയസങ്കേതം.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 59: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക