SAM 77

77
ആശ്വാസം നല്‌കുന്ന ദൈവം
ഗായകസംഘനേതാവിന്, യെദൂഥൂന്യ രാഗത്തിൽ, ആസാഫിന്റെ സങ്കീർത്തനം
1ഞാൻ ദൈവത്തോടു നിലവിളിക്കുന്നു,
ഞാൻ അവിടുത്തോട് ഉച്ചത്തിൽ നിലവിളിക്കുന്നു.
2എന്റെ കഷ്ടകാലത്ത് ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു.
രാത്രി മുഴുവൻ തളരാതെ ഞാൻ കൈ ഉയർത്തി പ്രാർഥിച്ചു,
എങ്കിലും എനിക്ക്, ആശ്വാസം ലഭിച്ചില്ല.
3ദൈവത്തെ ഓർക്കുന്നു എങ്കിലും ഞാൻ വിലപിക്കുന്നു.
ദൈവത്തെ ധ്യാനിച്ചിട്ടും ഞാൻ നിരാശനായിത്തീരുന്നു.
4അവിടുന്ന് എനിക്ക് ഉറക്കം നല്‌കുന്നില്ല.
ഞാൻ വ്യാകുലനായിരിക്കുന്നു;
എന്താണു പറയേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ.
5ഞാൻ കഴിഞ്ഞ കാലത്തെക്കുറിച്ച് ഓർക്കുന്നു.
പണ്ടത്തെ വർഷങ്ങളെ ഞാൻ അനുസ്മരിക്കുന്നു.
6രാത്രിയിൽ ഞാൻ ഗാഢചിന്തയിൽ കഴിയുന്നു.
ഞാൻ ധ്യാനിക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യുന്നു.
7സർവേശ്വരൻ എന്നേക്കുമായി തള്ളിക്കളയുമോ?
ഇനി ഒരിക്കലും അവിടുന്ന് എന്നിൽ പ്രസാദിക്കയില്ലേ?
8അവിടുത്തെ അചഞ്ചലസ്നേഹം എന്നേക്കുമായി അറ്റുപോയോ?
അവിടുന്നു നമ്മോടു ചെയ്ത വാഗ്ദാനങ്ങൾ നിറവേറ്റുകയില്ലേ?
9കരുണ കാട്ടാൻ ദൈവം മറന്നുപോയോ?
അവിടുന്നു നമ്മോടുള്ള കോപത്താൽ കരുണയുടെ വാതിൽ അടച്ചുകളഞ്ഞുവോ?
10അത്യുന്നതനായ ദൈവം നമുക്കുവേണ്ടി,
പ്രവർത്തിക്കാത്തതാണ് എന്റെ ദുഃഖകാരണം എന്നു ഞാൻ പറഞ്ഞു.
11സർവേശ്വരന്റെ പ്രവൃത്തികൾ ഞാൻ അനുസ്മരിക്കും,
അവിടുന്നു പണ്ടു പ്രവർത്തിച്ച അദ്ഭുതങ്ങൾ തന്നെ.
12അവിടുത്തെ സകല പ്രവൃത്തികളെയും ഞാൻ ധ്യാനിക്കും.
അവിടുത്തെ മഹത്തായ പ്രവൃത്തികൾതന്നെ.
13ദൈവമേ, അവിടുത്തെ മാർഗം വിശുദ്ധമാകുന്നു.
നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായി ആരുണ്ട്?
14അവിടുന്നാണ് അദ്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവം,
അവിടുന്നു ജനതകളുടെ ഇടയിൽ ശക്തി വെളിപ്പെടുത്തി.
15തൃക്കൈകൊണ്ടു സ്വജനത്തെ അവിടുന്നു രക്ഷിച്ചു.
യാക്കോബിന്റെയും യോസേഫിന്റെയും സന്തതികളെത്തന്നെ.
16ദൈവമേ, വെള്ളം അങ്ങയെ കണ്ടു ഭ്രമിച്ചു,
അഗാധത അങ്ങയെ കണ്ടു വിറച്ചു.
17മേഘങ്ങൾ വെള്ളം ചൊരിഞ്ഞു, ആകാശം ഇടി മുഴക്കി;
അവിടുത്തെ മിന്നലുകൾ അസ്ത്രങ്ങൾ പോലെ എല്ലാ ദിക്കുകളിലേക്കും പാഞ്ഞു.
18അങ്ങയുടെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മാറ്റൊലികൊണ്ടു.
മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി നടുങ്ങിവിറച്ചു.
19അങ്ങയുടെ മാർഗം സമുദ്രത്തിലൂടെയും
അങ്ങയുടെ വഴി ആഴിയുടെ അടിത്തട്ടിലൂടെയും ആയിരുന്നു.
എന്നാൽ അങ്ങയുടെ കാൽപ്പാടുകൾ അദൃശ്യമായിരുന്നു.
20മോശയുടെയും അഹരോന്റെയും നേതൃത്വത്തിൽ,
അവിടുത്തെ ജനത്തെ ഒരു ആട്ടിൻപറ്റത്തെ പോലെ, അവിടുന്നു നയിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 77: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക