HLA CHHUANVÂWR 1

1
ഗീതം ഒന്ന്
1ശലോമോന്റെ ഉത്തമഗീതം
മണവാട്ടി
2അങ്ങയുടെ അധരങ്ങൾ എന്നെ ചുംബനംകൊണ്ട് പൊതിയട്ടെ;
അങ്ങയുടെ പ്രേമം വീഞ്ഞിനെക്കാൾ ശ്രേഷ്ഠം.
3അങ്ങയുടെ അഭിഷേകതൈലം സുഗന്ധപൂരിതം;
അങ്ങയുടെ നാമംതന്നെ തൈലധാരപോലെ സുരഭിലമാണ്;
അതിനാൽ കന്യകമാർ അങ്ങയിൽ പ്രേമം പകരുന്നു.
4നാഥാ, എന്നെയും കൊണ്ടുപോകുക;
നമുക്കു വേഗം പോകാം;
രാജാവ് തന്റെ മണവറയിലേക്ക് എന്നെ ആനയിച്ചിരിക്കുന്നു;
ഞങ്ങൾ അങ്ങയിൽ ആഹ്ലാദിച്ചുല്ലസിക്കും;
അങ്ങയുടെ പ്രേമം വീഞ്ഞിനെക്കാൾ മധുരമെന്നു ഞങ്ങൾ വാഴ്ത്തും.
അവർ അങ്ങയെ പ്രേമിക്കുന്നത് ഉചിതംതന്നെ.
5യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവളെങ്കിലും
കേദാരിലെ കൂടാരങ്ങൾപോലെയും ശലോമോന്റെ യവനികപോലെയും അഴകുറ്റവളാണ്.
6ഞാൻ നിറം മങ്ങിയവളും വെയിലേറ്റ് ഇരുണ്ടുപോയവളും ആണെന്നോർത്ത് എന്നെ തുറിച്ചുനോക്കരുതേ.
എന്റെ അമ്മയുടെ പുത്രന്മാർക്ക് എന്നോട് അനിഷ്ടമുണ്ടായി;
അവർ എന്നെ മുന്തിരിത്തോപ്പിനു കാവൽക്കാരിയാക്കി;
എന്നാൽ, എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാൻ കാത്തുസൂക്ഷിച്ചുമില്ല.
7പ്രാണപ്രിയാ, പറയൂ; എവിടെയാണ് അങ്ങ് ആടു മേയ്‍ക്കുന്നത്?
എവിടെയാണ് അവ ഉച്ചയ്‍ക്കു വിശ്രമം കൊള്ളുന്നത്?
അങ്ങയുടെ കൂട്ടുകാരുടെ ആട്ടിൻപറ്റങ്ങൾക്കു സമീപം
ഞാനെന്തിന് അലഞ്ഞുതിരിയണം?
മണവാളൻ
8പെൺകൊടികളിൽ അതിസുന്ദരീ, നിനക്ക് അതറിഞ്ഞുകൂടെങ്കിൽ
ആടുകളുടെ കാൽപ്പാടുകളെ പിന്തുടർന്നു ചെല്ലുക;
ഇടയരുടെ കൂടാരങ്ങൾക്കരികിൽ നിന്റെ കുഞ്ഞാടുകളെ മേയ്‍ക്കുക.
9എന്റെ പ്രിയേ, ഫറവോന്റെ രഥം വലിക്കുന്ന പെൺകുതിരയോടു ഞാൻ നിന്നെ ഉപമിക്കുന്നു.
10നിന്റെ കവിൾത്തടങ്ങൾ ആഭരണങ്ങൾകൊണ്ടും
നിന്റെ കണ്ഠം രത്നഹാരങ്ങൾകൊണ്ടും അഴകാർന്നിരിക്കുന്നു.
11വെള്ളി പതിച്ച കനകാഭരണങ്ങൾ ഞങ്ങൾ നിനക്ക് നിർമ്മിച്ചു സമ്മാനിക്കാം.
മണവാട്ടി
12രാജാവു മഞ്ചത്തിൽ ശയിക്കേ എന്റെ നർദീൻ തൈലം പരിമളം പരത്തി.
13സ്തനങ്ങൾക്കിടയിൽ അണിഞ്ഞ മൂറിൻകെട്ടാണ് എന്റെ പ്രിയതമൻ.
14എന്റെ പ്രിയൻ എനിക്ക് എൻഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂങ്കുലയാകുന്നു.
മണവാളൻ
15പ്രിയേ, ഹാ നീ എത്ര സുന്ദരി,
നിന്റെ കണ്ണുകൾ ഇണപ്രാവുകളാണ്.
മണവാട്ടി
16എന്റെ പ്രിയതമാ, അങ്ങ് എത്ര സുന്ദരൻ, എത്ര മനോഹരൻ;
17നമ്മുടെ ശയനമഞ്ചം ഹരിത സുന്ദരം;
ദേവദാരുകൊണ്ടു തുലാങ്ങളും സരളവൃക്ഷംകൊണ്ടു കഴുക്കോലും തീർത്തതാണ് നമ്മുടെ വീട്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

HLA CHHUANVÂWR 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക