ആവർത്തനപുസ്തകം 13
13
1ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിൻ; അതിനോടു കൂട്ടരുത്; അതിൽനിന്നു കുറയ്ക്കയും അരുത്. 2നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ്: 3നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ട് ഒരു അടയാളമോ അദ്ഭുതമോ മുന്നറിയിക്കയും അവൻ പറഞ്ഞ അടയാളമോ അദ്ഭുതമോ സംഭവിക്കയും ചെയ്താൽ 4ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്ക് നീ കേട്ടനുസരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്ന് അറിയേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു. 5നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ച് അവന്റെ വാക്ക് കേൾക്കയും അവനെ സേവിച്ച് അവനോടു ചേർന്നിരിക്കയും വേണം.
6ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്ന് വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിനു നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിപ്പാൻ നോക്കിയതുകൊണ്ട് അവനെ കൊല്ലേണം; അങ്ങനെ നിന്റെ മധ്യേനിന്നു ദോഷം നീക്കിക്കളയേണം. 7നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരിൽവച്ച് 8നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാർവിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞ് നിന്നെ വശീകരിപ്പാൻ നോക്കിയാൽ 9അവനോടു യോജിക്കയോ അവന്റെ വാക്ക് കേൾക്കയോ ചെയ്യരുത്; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ച് അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം. 10അവനെ കൊല്ലേണ്ടതിന് ആദ്യം നിന്റെ കൈയും പിന്നെ സർവജനത്തിന്റെ കൈയും അവന്റെമേൽ ചെല്ലേണം. 11അടിമവീടായ മിസ്രയീംദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോട് നിന്നെ അകറ്റിക്കളവാൻ അവൻ അന്വേഷിച്ചതുകൊണ്ട് അവനെ കല്ലെറിഞ്ഞു കൊല്ലേണം.
12ഇനി നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാൻ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം. 13നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ട് തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്ന് 14നിന്റെ ദൈവമായ യഹോവ നിനക്കു പാർപ്പാൻ തന്നിട്ടുള്ള നിന്റെ പട്ടണങ്ങളിൽ ഒന്നിനെക്കുറിച്ചു കേട്ടാൽ 15നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ലേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കിൽ 16നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്ന് അതും അതിലുള്ളതൊക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം. 17അതിലെ കൊള്ളയൊക്കെയും വീഥിയുടെ നടുവിൽ കൂട്ടി ആ പട്ടണവും അതിലെ കൊള്ളയൊക്കെയും അശേഷം നിന്റെ ദൈവമായ യഹോവയ്ക്കായി തീയിട്ടു ചുട്ടുകളയേണം; അത് എന്നും പാഴ്ക്കുന്നായിരിക്കേണം; അതിനെ പിന്നെ പണിയുകയുമരുത്. 18നിന്റെ ദൈവമായ യഹോവയുടെ വാക്ക് കേട്ടു ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് ഹിതമായുള്ളതു ചെയ്തിട്ട് 19യഹോവ തന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് നിന്നോട് കരുണയും കനിവും കാണിക്കേണ്ടതിനും നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ നിന്നെ വർധിപ്പിക്കേണ്ടതിനും ശപഥാർപ്പിതമായ യാതൊന്നും നിന്റെ കൈയിൽ പറ്റിയിരിക്കരുത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആവർത്തനപുസ്തകം 13: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.