ആവർത്തനപുസ്തകം 32
32
1ആകാശമേ, ചെവിതരിക;
ഞാൻ സംസാരിക്കും;
ഭൂമി എന്റെ വായിൻവാക്കുകളെ കേൾക്കട്ടെ.
2മഴപോലെ എന്റെ ഉപദേശം പൊഴിയും;
എന്റെ വചനം മഞ്ഞുപോലെയും
ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും
സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും.
3ഞാൻ യഹോവയുടെ നാമം ഘോഷിക്കും;
നമ്മുടെ ദൈവത്തിനു മഹത്ത്വം കൊടുപ്പീൻ.
4അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം.
അവന്റെ വഴികളൊക്കെയും ന്യായം;
അവൻ വിശ്വസ്തതയുള്ള ദൈവം,
വ്യാജമില്ലാത്തവൻ;
നീതിയും നേരുമുള്ളവൻതന്നെ.
5അവർ അവനോടു വഷളത്തം കാണിച്ചു:
അവർ അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ;
വക്രതയും കോട്ടവുമുള്ള തലമുറ.
6ഭോഷത്തവും അജ്ഞാനവുമുള്ള ജനമേ,
ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പകരം കൊടുക്കുന്നത്?
അവനല്ലോ നിന്റെ പിതാവ്, നിന്റെ ഉടയവൻ.
അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.
7പൂർവദിവസങ്ങളെ ഓർക്കുക:
മുൻതലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക;
നിന്റെ പിതാവിനോടു ചോദിക്ക, അവൻ അറിയിച്ചുതരും;
നിന്റെ വൃദ്ധന്മാരോടു ചോദിക്ക, അവർ പറഞ്ഞുതരും.
8മഹോന്നതൻ ജാതികൾക്ക് അവകാശം വിഭാഗിക്കയും
മനുഷ്യപുത്രന്മാരെ വേർപിരിക്കയും ചെയ്തപ്പോൾ
അവൻ യിസ്രായേൽമക്കളുടെ എണ്ണത്തിനു തക്കവണ്ണം
ജാതികളുടെ അതിർത്തികളെ നിശ്ചയിച്ചു.
9യഹോവയുടെ അംശം അവന്റെ ജനവും
യാക്കോബ് അവന്റെ അവകാശവും ആകുന്നു.
10താൻ അവനെ മരുഭൂമിയിലും
ഓളി കേൾക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു.
അവനെ ചുറ്റി പരിപാലിച്ചു
കൺമണിപോലെ അവനെ സൂക്ഷിച്ചു.
11കഴുകൻ തന്റെ കൂട് അനക്കി
കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ
താൻ ചിറകു വിരിച്ച് അവനെ എടുത്ത്
തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.
12യഹോവ തനിയേ അവനെ നടത്തി;
അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.
13അവൻ ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി;
നിലത്തെ അനുഭവംകൊണ്ട് അവൻ ഉപജീവിച്ചു.
അവനെ പാറയിൽനിന്ന് തേനും
തീക്കല്ലിൽനിന്ന് എണ്ണയും കുടിപ്പിച്ചു.
14പശുക്കളുടെ വെണ്ണയെയും ആടുകളുടെ പാലിനെയും
ആട്ടിൻകുട്ടികളുടെ മേദസ്സിനെയും
ബാശാനിലെ ആട്ടുകൊറ്റന്മാരെയും
കോലാടുകളെയും
കോതമ്പിൻകാമ്പിനെയും അവനു കൊടുത്തു;
നീ ദ്രാക്ഷാരക്തമായ വീഞ്ഞു കുടിച്ചു.
15യെശൂരൂനോ പുഷ്ടിവച്ച് ഉതച്ചു;
നീ പുഷ്ടിവച്ച് കനത്തു തടിച്ചിരിക്കുന്നു.
തന്നെ ഉണ്ടാക്കിയ ദൈവത്തെ അവൻ ത്യജിച്ചു
തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.
16അവർ അന്യദൈവങ്ങളാൽ അവനെ ക്രുദ്ധിപ്പിച്ചു,
മ്ലേച്ഛതകളാൽ അവനെ കോപിപ്പിച്ചു.
17അവർ ദുർഭൂതങ്ങൾക്ക്, ദൈവമല്ലാത്തവയ്ക്ക്,
തങ്ങൾ അറിയാത്ത ദേവന്മാർക്കു ബലികഴിച്ചു;
അവരുടെ പിതാക്കന്മാർ അവയെ ഭജിച്ചിട്ടില്ല,
അവ നൂതനമായി ഉദ്ഭവിച്ച നവീനമൂർത്തികൾ അത്രേ.
18നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു
നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നുകളഞ്ഞു.
19യഹോവ കണ്ട് അവരെ തള്ളിക്കളഞ്ഞു;
തന്റെ പുത്രീപുത്രന്മാരോടുള്ള നീരസത്താൽ തന്നെ.
20അവൻ അരുളിച്ചെയ്തതു: ഞാൻ എന്റെ
മുഖം അവർക്കു മറയ്ക്കും;
അവരുടെ അന്തം എന്ത് എന്നു ഞാൻ നോക്കും.
അവർ വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കൾ.
21ദൈവമല്ലാത്തതിനെക്കൊണ്ട് എനിക്ക് എരിവു വരുത്തി,
മിഥ്യാമൂർത്തികളാൽ എന്നെ മുഷിപ്പിച്ചു.
ഞാനും ജനമല്ലാത്തവരെക്കൊണ്ട് അവർക്ക് എരിവുവരുത്തും;
മൂഢജാതിയെക്കൊണ്ട് അവരെ മുഷിപ്പിക്കും.
22എന്റെ കോപത്താൽ തീ ജ്വലിച്ചു
പാതാളത്തിന്റെ ആഴത്തോളം കത്തും;
ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു
പർവതങ്ങളുടെ അടിസ്ഥാനങ്ങളെ കരിച്ചുകളയും.
23ഞാൻ അനർഥങ്ങൾ അവരുടെമേൽ കുന്നിക്കും;
എന്റെ അസ്ത്രങ്ങൾ അവരുടെ നേരേ ചെലവിടും.
24അവർ വിശപ്പുകൊണ്ടു ക്ഷയിക്കും;
ഉഷ്ണരോഗത്തിനും വിഷവ്യാധിക്കും ഇരയാകും.
മൃഗങ്ങളുടെ പല്ലും പന്നഗങ്ങളുടെ
വിഷവും ഞാൻ അവരുടെ ഇടയിൽ അയയ്ക്കും.
25വീഥികളിൽ വാളും അറകളിൽ ഭീതിയും
യുവാവിനെയും യുവതിയെയും
ശിശുവിനെയും നരച്ചവനെയും സംഹരിക്കും.
26ഞങ്ങളുടെ കൈ ജയംകൊണ്ടു;
യഹോവയല്ല ഇതൊക്കെയും ചെയ്തത് എന്ന്
അവരുടെ വൈരികൾ തെറ്റായി വിചാരിക്കയും
ശത്രു എനിക്കു ക്രോധം വരുത്തുകയും
ചെയ്യും എന്നു ഞാൻ ശങ്കിച്ചിരുന്നില്ലെങ്കിൽ,
27ഞാൻ അവരെ ഊതിക്കളഞ്ഞു,
മനുഷ്യരിൽനിന്ന് അവരുടെ ഓർമ
ഇല്ലാതാക്കുമായിരുന്നു.
28അവർ ആലോചനയില്ലാത്ത ജാതി;
അവർക്കു വിവേകബുദ്ധിയില്ല.
29ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ചു
തങ്ങളുടെ ഭവിഷ്യം ചിന്തിച്ചെങ്കിൽ കൊള്ളായിരുന്നു.
30അവരുടെ പാറ അവരെ വിറ്റുകളകയും
യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ
ഒരുവൻ ആയിരം പേരെ പിന്തുടരുന്നതും
ഇരുവർ പതിനായിരം പേരെ
ഓടിക്കുന്നതുമെങ്ങനെ?
31അവരുടെ പാറ നമ്മുടെ പാറപോലെയല്ല,
അതിനു നമ്മുടെ ശത്രുക്കൾതന്നെ സാക്ഷികൾ.
32അവരുടെ മുന്തിരിവള്ളി
സൊദോംവള്ളിയിൽനിന്നും
ഗൊമോറാനിലങ്ങളിൽനിന്നും ഉള്ളത്;
അവരുടെ മുന്തിരിപ്പഴം നഞ്ചും
മുന്തിരിക്കുല കയ്പുമാകുന്നു;
33അവരുടെ വീഞ്ഞ് മഹാസർപ്പത്തിൻ വിഷവും
മൂർഖന്റെ കാളകൂടവും ആകുന്നു.
34ഇത് എന്റെ അടുക്കൽ സംഗ്രഹിച്ചും
എൻ ഭണ്ഡാരത്തിൽ മുദ്രയിട്ടും
ഇരിക്കുന്നില്ലയോ?
35അവരുടെ കാൽ വഴുതുംകാലത്തേക്കു
പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ട്;
അവരുടെ അനർഥദിവസം അടുത്തിരിക്കുന്നു;
അവർക്കു ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.
36യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും;
അവരുടെ ബലം ക്ഷയിച്ചുപോയി;
ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായിക്കണ്ടിട്ട്
അവൻ സ്വദാസന്മാരെക്കുറിച്ച് അനുതപിക്കും.
37അവരുടെ ബലികളുടെ മേദസ്സു തിന്നുകയും
പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും
അവർ ആശ്രയിച്ച പാറയും എവിടെ?
38അവർ എഴുന്നേറ്റ് നിങ്ങളെ സഹായിച്ചു
നിങ്ങൾക്കു ശരണമായിരിക്കട്ടെ
എന്ന് അവൻ അരുളിച്ചെയ്യും.
39ഞാൻ, ഞാൻ മാത്രമേയുള്ളൂ;
ഞാനല്ലാതെ ദൈവമില്ല എന്ന്
ഇപ്പോൾ കണ്ടുകൊൾവിൻ.
ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു;
ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു;
എന്റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.
40ഞാൻ ആകാശത്തേക്ക് കൈ ഉയർത്തി
സത്യം ചെയ്യുന്നത്:
നിത്യനായിരിക്കുന്ന എന്നാണ-
41എന്റെ മിന്നലാം വാൾ ഞാൻ മൂർച്ചയാക്കി
എൻ കൈ ന്യായവിധി തുടങ്ങുമ്പോൾ,
ഞാൻ ശത്രുക്കളിൽ പ്രതികാരം നടത്തും;
എന്നെ ദ്വേഷിക്കുന്നവർക്കു പകരം വീട്ടും.
42ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും,
ശത്രുനായകന്മാരുടെ ശിരസ്സിൽനിന്ന് ഒലിക്കുന്നതിനാലും
ഞാൻ എന്റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും;
എന്റെ വാൾ മാംസം തിന്നുകയും ചെയ്യും.
43ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ;
അവൻ സ്വദാസന്മാരുടെ രക്തത്തിനു
പ്രതികാരം ചെയ്യും;
തന്റെ ശത്രുക്കളോട് അവൻ പകരം വീട്ടും;
തന്റെ ദേശത്തിനും ജനത്തിനും
പാപപരിഹാരം വരുത്തും.
44അനന്തരം മോശെയും നൂന്റെ മകനായ യോശുവയും വന്ന് ഈ പാട്ടിന്റെ വചനങ്ങളൊക്കെയും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു. 45മോശെ ഈ സകല വചനങ്ങളും എല്ലാ യിസ്രായേലിനോടും സംസാരിച്ചുതീർന്നപ്പോൾ അവൻ അവരോടു പറഞ്ഞത്: 46ഈ ന്യായപ്രമാണത്തിലെ വചനങ്ങളൊക്കെയും പ്രമാണിച്ചുനടക്കേണ്ടതിനു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാൻ തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സിൽ വച്ചുകൊൾവിൻ. 47ഇതു നിങ്ങൾക്കു വ്യർഥകാര്യമല്ല, നിങ്ങളുടെ ജീവൻ തന്നെ ആകുന്നു; നിങ്ങൾ കൈവശമാക്കേണ്ടതിന് യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങൾക്ക് ഇതിനാൽ ദീർഘായുസ്സുണ്ടാകും.
48അന്നുതന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: 49നീ യെരീഹോവിനെതിരേ മോവാബുദേശത്തുള്ള ഈ അബാരീംപർവതത്തിൽ നെബോമലമുകളിൽ കയറി ഞാൻ യിസ്രായേൽമക്കൾക്ക് അവകാശമായിക്കൊടുക്കുന്ന കനാൻദേശത്തെ നോക്കിക്കാൺക. 50നിന്റെ സഹോദരനായ അഹരോൻ ഹോർപർവതത്തിൽവച്ചു മരിച്ച് തന്റെ ജനത്തോടു ചേർന്നതുപോലെ നീ കയറുന്ന പർവതത്തിൽവച്ച് നീയും മരിച്ചു നിന്റെ ജനത്തോടു ചേരും. 51നിങ്ങൾ സീൻമരുഭൂമിയിൽ കാദേശിലെ കലഹജലത്തിങ്കൽ യിസ്രായേൽമക്കളുടെ മധ്യേവച്ച് എന്നോട് അകൃത്യം ചെയ്കകൊണ്ടും യിസ്രായേൽമക്കളുടെ മധ്യേവച്ച് എന്നെ ശുദ്ധീകരിക്കായ്കകൊണ്ടുംതന്നെ.
52നീ ദേശത്തെ നിന്റെ മുമ്പിൽ കാണും; എങ്കിലും ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്ത് നീ കടക്കയില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആവർത്തനപുസ്തകം 32: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.