ആവർത്തനപുസ്തകം 9
9
1യിസ്രായേലേ, കേൾക്ക; നീ ഇന്നു യോർദ്ദാൻ കടന്നു നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളെയും ആകാശത്തോളം ഉയർന്ന മതിലുള്ള വലിയ പട്ടണങ്ങളെയും 2വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജാതിയെയും അടക്കുവാൻ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ; അനാക്യരുടെ മുമ്പാകെ നില്ക്കാവുന്നവൻ ആർ എന്നിങ്ങനെയുള്ള ചൊല്ല് നീ കേട്ടിരിക്കുന്നു. 3എന്നാൽ നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പിൽ കടന്നുപോകുന്നു എന്ന് നീ ഇന്ന് അറിഞ്ഞുകൊൾക. അവൻ അവരെ നശിപ്പിക്കയും നിന്റെ മുമ്പിൽ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളകയും ക്ഷണത്തിൽ നശിപ്പിക്കയും ചെയ്യും. 4നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞശേഷം: എന്റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാൻ യഹോവ എന്നെ കൊണ്ടുവന്നു എന്നു നിന്റെ ഹൃദയത്തിൽ പറയരുത്; ആ ജാതിയുടെ ദുഷ്ടത നിമിത്തമത്രേ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നത്. 5നീ അവരുടെ ദേശം കൈവശമാക്കുവാൻ ചെല്ലുന്നത് നിന്റെ നീതി നിമിത്തവും നിന്റെ ഹൃദയപരമാർഥം നിമിത്തവുമല്ല, ആ ജാതിയുടെ ദുഷ്ടത നിമിത്തവും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു യഹോവ സത്യംചെയ്ത വചനം നിവർത്തിക്കേണ്ടതിനും അത്രേ നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നത്. 6ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്ക് ആ നല്ല ദേശം അവകാശമായിത്തരുന്നതു നിന്റെ നീതി നിമിത്തം അല്ലെന്ന് അറിഞ്ഞുകൊൾക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ; 7നീ മരുഭൂമിയിൽവച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്ന് ഓർക്ക; മറന്നുകളയരുത്; മിസ്രയീംദേശത്തുനിന്ന് പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു. 8ഹോറേബിലും നിങ്ങൾ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ടു യഹോവ നിങ്ങളെ നശിപ്പിപ്പാൻ വിചാരിക്കുംവണ്ണം നിങ്ങളോടു കോപിച്ചു. 9യഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്റെ പലകകളായ കല്പലകകളെ വാങ്ങുവാൻ ഞാൻ പർവതത്തിൽ കയറി നാല്പതു രാവും നാല്പതു പകലും പർവതത്തിൽ താമസിച്ചു; ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല. 10ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവതത്തിൽവച്ചു തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്ത സകല വചനങ്ങളും അവയിൽ എഴുതിയിരുന്നു. 11നാല്പതു രാവും നാല്പതു പകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കൽ നിയമത്തിന്റെ പലകകളായ ആ രണ്ടു കല്പലക തന്നത്. 12അപ്പോൾ യഹോവ എന്നോട്: നീ എഴുന്നേറ്റു ക്ഷണത്തിൽ ഇവിടെനിന്ന് ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ വഷളാക്കി, ഞാൻ അവരോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറി ഒരു വിഗ്രഹം വാർത്തുണ്ടാക്കിയിരിക്കുന്നു എന്നു കല്പിച്ചു. 13ഞാൻ ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു; 14എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ച് അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോട് അരുളിച്ചെയ്തു. 15അങ്ങനെ ഞാൻ തിരിഞ്ഞു പർവതത്തിൽനിന്ന് ഇറങ്ങി; പർവതം തീ കാളിക്കത്തുകയായിരുന്നു; നിയമത്തിന്റെ പലക രണ്ടും എന്റെ രണ്ടു കൈയിലും ഉണ്ടായിരുന്നു. 16ഞാൻ നോക്കിയാറെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്ത് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നതു കണ്ടു. 17അപ്പോൾ ഞാൻ പലക രണ്ടും എന്റെ രണ്ടു കൈയിൽനിന്നു നിങ്ങൾ കാൺകെ എറിഞ്ഞ് ഉടച്ചുകളഞ്ഞു. 18പിന്നെ യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം നിങ്ങൾ അവന് അനിഷ്ടമായി പ്രവർത്തിച്ച നിങ്ങളുടെ സകല പാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണുകിടന്നു; ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല. 19യഹോവ നിങ്ങളെ നശിപ്പിക്കുമാറു നിങ്ങളുടെ നേരേ കോപിച്ച കോപവും ക്രോധവും ഞാൻ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു. 20അഹരോനെ നശിപ്പിക്കുമാറ് അവന്റെ നേരേയും യഹോവ ഏറ്റവും കോപിച്ചു; എന്നാൽ ഞാൻ അന്ന് അഹരോനു വേണ്ടിയും അപേക്ഷിച്ചു. 21നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കുട്ടിയെ ഞാൻ എടുത്തു തീയിൽ ഇട്ടു ചുട്ടു നന്നായി അരച്ചു നേരിയ പൊടിയാക്കി പൊടി പർവതത്തിൽനിന്ന് ഇറങ്ങുന്ന തോട്ടിൽ ഇട്ടുകളഞ്ഞു. 22തബേരയിലും മസ്സായിലും കിബ്രോത്ത്-ഹത്താവയിലുംവച്ചു നിങ്ങൾ യഹോവയെ കോപിപ്പിച്ചു. 23നിങ്ങൾ ചെന്നു ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള ദേശം കൈവശമാക്കുവിൻ എന്നു കല്പിച്ചു യഹോവ നിങ്ങളെ കാദേശ്-ബർന്നേയയിൽനിന്ന് അയച്ചപ്പോഴും നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോടു മറുത്തു; അവനെ വിശ്വസിച്ചില്ല; അവന്റെ വാക്ക് അനുസരിച്ചതുമില്ല. 24ഞാൻ നിങ്ങളെ അറിഞ്ഞ നാൾമുതൽ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നു. 25യഹോവ നിങ്ങളെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തിരുന്നതുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ നാല്പതു രാവും നാല്പതു പകലും വീണുകിടന്നു; 26ഞാൻ യഹോവയോട് അപേക്ഷിച്ചു പറഞ്ഞത്: കർത്താവായ യഹോവേ, നിന്റെ മഹത്ത്വംകൊണ്ടു നീ വീണ്ടെടുത്തു ബലമുള്ള കൈയാൽ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ജനത്തെയും നിന്റെ അവകാശത്തെയും നശിപ്പിക്കരുതേ. 27അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ ദാസന്മാരെ ഓർക്കേണമേ; താൻ അവർക്കു വാഗ്ദത്തം ചെയ്തിരുന്ന ദേശത്ത് അവരെ എത്തിപ്പാൻ യഹോവയ്ക്കു കഴിയായ്കകൊണ്ടും അവൻ അവരെ പകെച്ചതുകൊണ്ടും അവരെ കൊണ്ടുപോയി മരുഭൂമിയിൽവച്ചു കൊന്നുകളഞ്ഞു എന്നു നീ ഞങ്ങളെ വിടുവിച്ചു കൊണ്ടുപോന്ന ദേശക്കാർ പറയാതിരിപ്പാൻ 28ഈ ജനത്തിന്റെ ശഠതയും അവരുടെ അകൃത്യവും പാപവും നോക്കരുതേ. 29അവർ നിന്റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ചു കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവുമല്ലോ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആവർത്തനപുസ്തകം 9: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.