പുറപ്പാട് 2

2
1എന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷൻ പോയി ഒരു ലേവ്യകന്യകയെ പരിഗ്രഹിച്ചു. 2അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. അവൻ സൗന്ദര്യമുള്ളവൻ എന്നു കണ്ടിട്ട് അവനെ മൂന്നു മാസം ഒളിച്ചുവച്ചു. 3അവനെ പിന്നെ ഒളിച്ചുവയ്പാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിനു പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വച്ചു. 4അവന് എന്തു ഭവിക്കുമെന്ന് അറിവാൻ അവന്റെ പെങ്ങൾ ദൂരത്തുനിന്നു. 5അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിപ്പാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അതിനെ എടുത്തു കൊണ്ടു വരുവാൻ ദാസിയെ അയച്ചു. 6അവൾ അതു തുറന്നാറെ പൈതലിനെ കണ്ടു: കുട്ടി ഇതാ, കരയുന്നു. അവൾക്ക് അതിനോട് അലിവു തോന്നി: ഇത് എബ്രായരുടെ പൈതങ്ങളിൽ ഒന്ന് എന്നു പറഞ്ഞു. 7അവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോട്: ഈ പൈതലിനു മുലകൊടുക്കേണ്ടതിന് ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു. 8ഫറവോന്റെ പുത്രി അവളോട്: ചെന്നു കൊണ്ടുവരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്റെ അമ്മയെ വിളിച്ചു കൊണ്ടുവന്നു. 9ഫറവോന്റെ പുത്രി അവളോട്: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളർത്തേണം; ഞാൻ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രീ പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളർത്തി. 10പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടുപോയി, അവൻ അവൾക്കു മകനായി: ഞാൻ അവനെ വെള്ളത്തിൽനിന്നു വലിച്ചെടുത്തു എന്നു പറഞ്ഞ് അവൾ അവനു മോശെ എന്നു പേരിട്ടു.
11ആ കാലത്ത് മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു. 12അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ട് ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചുകൊന്നു മണലിൽ മറവു ചെയ്തു. 13പിറ്റേദിവസവും അവൻ ചെന്നപ്പോൾ രണ്ട് എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോട്: നിന്റെ കൂട്ടുകാരനെ അടിക്കുന്നത് എന്ത് എന്നു ചോദിച്ചു. 14അതിന് അവൻ: നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോൾ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു. 15ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്തു ചെന്നു പാർത്തു; അവൻ ഒരു കിണറ്റിനരികെ ഇരുന്നു. 16മിദ്യാനിലെ പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്ന് അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറച്ചു. 17എന്നാൽ ഇടയന്മാർ വന്ന് അവരെ ആട്ടിക്കളഞ്ഞു: അപ്പോൾ മോശെ എഴുന്നേറ്റ് അവരെ സഹായിച്ച് അവരുടെ ആടുകളെ കുടിപ്പിച്ചു. 18അവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ: നിങ്ങൾ ഇന്ന് ഇത്ര വേഗം വന്നത് എങ്ങനെ എന്ന് അവൻ ചോദിച്ചു. 19ഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കൈയിൽനിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങൾക്ക് വെള്ളം കോരിത്തന്ന് ആടുകളെ കുടിപ്പിച്ചു എന്ന് അവർ പറഞ്ഞു. 20അവൻ തന്റെ പുത്രിമാരോട്: അവൻ എവിടെ? നിങ്ങൾ അവനെ വിട്ടേച്ചു പോന്നത് എന്ത്? ഭക്ഷണം കഴിപ്പാൻ അവനെ വിളിപ്പിൻ എന്നു പറഞ്ഞു. 21മോശെക്ക് അവനോടുകൂടെ പാർപ്പാൻ സമ്മതമായി; അവൻ മോശെക്കു തന്റെ മകൾ സിപ്പോറായെ കൊടുത്തു. 22അവൾ ഒരു മകനെ പ്രസവിച്ചു: ഞാൻ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്ന് അവൻ പറഞ്ഞ് അവനു ഗേർശോം എന്നു പേരിട്ടു.
23ഏറെനാൾ കഴിഞ്ഞിട്ടു മിസ്രയീംരാജാവ് മരിച്ചു. യിസ്രായേൽമക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി. 24ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു. 25ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

പുറപ്പാട് 2: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക