യെശയ്യാവ് 46

46
1ബേൽ വണങ്ങുന്നു; നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു; നിങ്ങൾ എടുത്തുകൊണ്ടു നടന്നവ ഒരു ചുമടും തളർന്ന മൃഗങ്ങൾക്കു ഭാരവും ആയിത്തീർന്നിരിക്കുന്നു. 2അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; ഭാരം ഒഴിപ്പാൻ കഴിയാതെ അവ തന്നെ പ്രവാസത്തിലേക്കു പോയിരിക്കുന്നു.
3ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി യാക്കോബ്ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ. 4നിങ്ങളുടെ വാർധക്യംവരെ ഞാൻ അനന്യൻ തന്നെ; നിങ്ങൾ നരയ്ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും. 5നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും? 6അവർ സഞ്ചിയിൽനിന്നു പൊന്നു കുടഞ്ഞിടുന്നു; തുലാസ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്കു വയ്ക്കുന്നു; അവൻ അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കുന്നു; അവർ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു. 7അവർ അതിനെ തോളിൽ എടുത്തുകൊണ്ടുപോയി അതിന്റെ സ്ഥലത്തു നിർത്തുന്നു; അതു തന്റെ സ്ഥലത്തുനിന്നു മാറാതെ നില്ക്കുന്നു; അതിനോടു നിലവിളിച്ചാൽ അത് ഉത്തരം പറയുന്നില്ല; കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല.
8ഇത് ഓർത്ത് സ്ഥിരത കാണിപ്പിൻ; ദ്രോഹികളേ, ഇതു മനസ്സിലാക്കുവിൻ. 9പണ്ടുള്ള പൂർവകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. 10ആരംഭത്തിങ്കൽ തന്നെ അവസാനവും പൂർവകാലത്തു തന്നെ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താൽപര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാൻ പറയുന്നു. 11ഞാൻ കിഴക്കുനിന്ന് ഒരു റാഞ്ചൻപക്ഷിയെ, ദൂരദേശത്തുനിന്ന് എന്റെ ആലോചനയെ അനുഷ്ഠിക്കുന്ന പുരുഷനെ തന്നെ വിളിക്കുന്നു; ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും. 12നീതിയോട് അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, എന്റെ വാക്കു കേൾപ്പിൻ. 13ഞാൻ എന്റെ നീതിയെ അടുത്തു വരുത്തിയിരിക്കുന്നു; അതു ദൂരമായിരിക്കുന്നില്ല; എന്റെ രക്ഷ താമസിക്കയുമില്ല; ഞാൻ സീയോനിൽ രക്ഷയും യിസ്രായേലിന് എന്റെ മഹത്ത്വവും നല്കും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യെശയ്യാവ് 46: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക