സങ്കീർത്തനങ്ങൾ 7
7
ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം.
1എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു;
എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കൈയിൽനിന്ന് എന്നെ രക്ഷിച്ചു വിടുവിക്കേണമേ.
2അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ;
വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോൾ
എന്നെ ചീന്തിക്കളയരുതേ.
3എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ,
എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ,
4എനിക്കു ബന്ധുവായിരുന്നവനോട് ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ,-
ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ-
5ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ;
അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ;
എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ.
6യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ;
എന്റെ വൈരികളുടെ ക്രോധത്തോട് എതിർത്തു നില്ക്കേണമേ;
എനിക്കുവേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.
7ജാതികളുടെ സംഘം നിന്നെ ചുറ്റിനില്ക്കട്ടെ;
നീ അവർക്കു മീതെകൂടി ഉയരത്തിലേക്കു മടങ്ങേണമേ.
8യഹോവ ജാതികളെ ന്യായംവിധിക്കുന്നു;
യഹോവേ, എന്റെ നീതിക്കും പരമാർഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;
9ദുഷ്ടന്റെ ദുഷ്ടത തീർന്നുപോകട്ടെ;
നീതിമാനെ നീ ഉറപ്പിക്കേണമേ.
നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധന ചെയ്യുന്നുവല്ലോ.
10എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ട്;
അവൻ ഹൃദയപരമാർഥികളെ രക്ഷിക്കുന്നു.
11ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു;
ദൈവം ദിവസംപ്രതി കോപിക്കുന്നു.
12മനംതിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിനു മൂർച്ചകൂട്ടും;
അവൻ തന്റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു.
13അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരേ തൊടുത്തു.
തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു.
14ഇതാ, അവനു നീതികേടിനെ നോവുകിട്ടുന്നു;
അവൻ കഷ്ടത്തെ ഗർഭം ധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു.
15അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി,
കുഴിച്ച കുഴിയിൽ താൻതന്നെ വീണു.
16അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും;
അവന്റെ ബലാൽക്കാരം അവന്റെ നെറുകയിൽ തന്നെ വീഴും.
17ഞാൻ യഹോവയെ അവന്റെ നീതിക്കു
തക്കവണ്ണം സ്തുതിക്കും;
അത്യുന്നതനായ യഹോവയുടെ നാമത്തിനു സ്തോത്രം പാടും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 7: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.