1 കൊരി. 1
1
പൗലോസിന്‍റെ അഭിവാദ്യം
1ദൈവഹിതപ്രകാരം ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്ഥനേസും, കൊരിന്ത്യയിലുള്ള ദൈവസഭയ്ക്ക്, 2ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവർക്ക്, എല്ലായിടത്തും നമ്മുടെയും അവരുടെയും കർത്താവായ യേശുക്രിസ്തുവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംകൂടെ വിളിക്കപ്പെട്ട, വിശുദ്ധന്മാരുമായവർക്ക് തന്നെ, എഴുതുന്നത്; 3നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
പൗലോസിന്‍റെ നന്ദിവാക്കുകൾ
4ക്രിസ്തുയേശുവിൽ നിങ്ങൾക്ക് ലഭിച്ച ദൈവകൃപനിമിത്തം ഞാൻ നിങ്ങൾക്ക് വേണ്ടി എന്‍റെ ദൈവത്തിന് എപ്പോഴും സ്തോത്രം ചെയ്യുന്നു. 5ക്രിസ്തുവിന്‍റെ സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരിക്കുന്നതുപോലെ 6അവനിൽ നിങ്ങൾ സകലത്തിലും, സകല വചനത്തിലും, സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നു. 7ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ വരവിനായി കാത്തിരിക്കുന്നു. 8നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കുകയും ചെയ്യും. 9തന്‍റെ പുത്രനും നമ്മുടെ കർത്താവും ആയ യേശുക്രിസ്തുവിന്‍റെ കൂട്ടായ്മയിലേക്ക് നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.
സഭയിലെ ഭിന്നത
10സഹോദരന്മാരേ, നിങ്ങൾ എല്ലാവരും ഒന്ന് തന്നെ സംസാരിക്കുകയും, നിങ്ങളുടെ ഇടയിൽ ഭിന്നതയില്ലാതെ, ഏകമനസ്സിലും ഏകാഭിപ്രായത്തിലും പൂർണ്ണമായി യോജിച്ചിരിക്കുകയും വേണം എന്നു ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു. 11എന്തെന്നാൽ സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ തർക്കം ഉണ്ടെന്ന് ക്ലോവയുടെ ആളുകൾ എനിക്ക് അറിവ് നൽകിയിരിക്കുന്നു. 12നിങ്ങളിൽ ഓരോരുത്തരും: ഞാൻ പൗലോസിന്‍റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിൻ്റെ പക്ഷക്കാരൻ, ഞാൻ കേഫാവിൻ്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്‍റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നതിനാൽ തന്നെ ഞാൻ ഇപ്പോൾ ഇത് പറയുന്നു.
13ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൗലൊസ് നിങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൗലോസിന്‍റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ? 14എന്‍റെ നാമത്തിൽ ഞാൻ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതിരിക്കുവാനായി 15ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കാത്തതിനാൽ ഞാൻ ദൈവത്തിന് സ്തോത്രം ചെയ്യുന്നു. 16സ്തെഫാനൊസിൻ്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റ് ആരെയെങ്കിലും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാൻ ഓർക്കുന്നില്ല. 17എന്തെന്നാൽ, സ്നാനം കഴിപ്പിക്കുവാൻ അല്ല, സുവിശേഷം അറിയിക്കുവാനത്രേ ക്രിസ്തു എന്നെ അയച്ചത്; എന്നാൽ, ക്രിസ്തുവിന്‍റെ ക്രൂശ് നിഷ്ഫലമാകാതിരിക്കേണ്ടതിന് ജ്ഞാനത്തിന്‍റെ വാക്കുകളോടെ അല്ലതാനും.
ദൈവത്തിന്‍റെ ജ്ഞാനം
18എന്തെന്നാൽ, ക്രൂശിൻ്റെ വചനം നശിച്ചുപോകുന്നവർക്ക് ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
19“ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കുകയും
ബുദ്ധിമാന്മാരുടെ ബുദ്ധി വിഫലമാക്കുകയും ചെയ്യും”
എന്നു എഴുതിയിരിക്കുന്നുവല്ലോ.
20ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ഈ ലോകത്തിന്‍റെ ജ്ഞാനം ദൈവം ഭോഷത്വം ആക്കിയില്ലയോ? 21ദൈവത്തിന്‍റെ ജ്ഞാനത്തിൽ, ലോകം അതിന്‍റെ ജ്ഞാനത്താൽ, ദൈവത്തെ അറിയായ്കകൊണ്ട് ഞങ്ങളുടെ പ്രസംഗത്തിൻ്റെ ഭോഷത്വത്താൽ വിശ്വസിക്കുന്നവരെ രക്ഷിക്കുവാൻ ദൈവത്തിന് പ്രസാദം തോന്നി. 22എന്തെന്നാൽ, യെഹൂദന്മാർ അടയാളം ചോദിക്കുകയും യവനന്മാർ ജ്ഞാനം അന്വേഷിക്കുകയും ചെയ്യുന്നു; 23ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്ക് ഇടർച്ചയും, 24ജനതകൾക്ക് ഭോഷത്വവുമെങ്കിലും, യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും തന്നെ. 25എന്തെന്നാൽ, ദൈവത്തിന്‍റെ ഭോഷത്വം മനുഷ്യരേക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്‍റെ ബലഹീനത മനുഷ്യരേക്കാൾ ബലമേറിയതും ആകുന്നു.
26സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകത്തിന്‍റെ മാനദണ്ഡപ്രകാരം നിങ്ങളിൽ ജ്ഞാനികൾ ഏറെയില്ല; ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല. 27എന്നാൽ ജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിന്‍റെ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിന്‍റെ ബലഹീനമായത് തിരഞ്ഞെടുത്തു. 28ഉള്ളതിനെ ഇല്ലാതാക്കുവാൻ ദൈവം ലോകത്തിൽ നികൃഷ്ടവും നിസ്സാരവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു; 29ദൈവസന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കുവാൻ തന്നെ. 30നിങ്ങൾ ഇപ്പോൾ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്ക് ദൈവത്തിങ്കൽ നിന്ന് ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.
31“പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ”
എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 കൊരി. 1: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.