1 രാജാ. 1
1
അദോനീയാവ് തന്നെത്തന്നെ രാജാവായി ഉയർത്തുന്നു
1ദാവീദ് രാജാവ് വൃദ്ധനും പ്രായം ചെന്നവനുമായപ്പോള് അവർ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല. 2ആകയാൽ അവന്റെ ഭൃത്യന്മാർ അവനോട്: “യജമാനനായ രാജാവിനുവേണ്ടി കന്യകയായ ഒരു യുവതിയെ ഞങ്ങൾ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിക്കയും, അങ്ങേയുടെ കുളിർ മാറേണ്ടതിനു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ” എന്നു പറഞ്ഞു.
3അങ്ങനെ അവർ സൗന്ദര്യമുള്ള ഒരു യുവതിക്കുവേണ്ടി യിസ്രായേൽദേശത്തെല്ലായിടവും അന്വേഷിച്ചു; ശൂനേംകാരത്തി അബീശഗിനെ കണ്ടു, രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. 4ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിനെ പരിചരിക്കുകയും ശുശ്രൂഷിക്കയും ചെയ്തു; എന്നാൽ രാജാവ് അവളെ പരിഗ്രഹിച്ചില്ല.
5അനന്തരം ഹഗ്ഗീത്തിന്റെ മകൻ അദോനീയാവ് നിഗളിച്ചു “ഞാൻ രാജാവാകും” എന്നു പറഞ്ഞ് രഥങ്ങളെയും കുതിരച്ചേവകരെയും, തനിക്കു മുമ്പായി ഓടുവാൻ അമ്പത് അകമ്പടികളെയും ഒരുക്കി. 6“നീ ഇങ്ങനെ ചെയ്തത് എന്ത്?” എന്നു അവന്റെ അപ്പൻ ഒരിക്കലും അവനെ ശാസിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അവൻ ജനിച്ചത് അബ്ശാലോമിനു ശേഷം ആയിരുന്നു.
7അവൻ സെരൂയയുടെ മകൻ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചു; ഇവർ അദോനീയാവിനെ തുണക്കുകയും സഹായിക്കുകയും ചെയ്തു. 8എന്നാൽ പുരോഹിതനായ സാദോക്ക്, യെഹോയാദയുടെ മകൻ ബെനായാവ്, പ്രവാചകനായ നാഥാൻ, ശിമെയി, രേയി, ദാവീദിന്റെ വീരന്മാർ എന്നിവർ അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നില്ല.
9അദോനീയാവ് ഏൻ-രോഗേലിനു സമീപത്തു, സോഹേലെത്ത് എന്ന കല്ലിനരികെവച്ച് ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു; രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ എല്ലാ യെഹൂദാപുരുഷന്മാരെയും ക്ഷണിച്ചു. 10എങ്കിലും നാഥാൻപ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരൻ ശലോമോനെയും അവൻ ക്ഷണിച്ചില്ല.
ശലോമോൻ രാജാവാകുന്നു
11അനന്തരം നാഥാൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോട് പറഞ്ഞത്: “ഹഗ്ഗീത്തിന്റെ മകനായ അദോനീയാവ് രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് ഈ വിവരം അറിഞ്ഞിട്ടുമില്ല. 12ആകയാൽ വരിക; നിന്റെയും നിന്റെ മകനായ ശലോമോന്റെയും ജീവൻ രക്ഷിക്കേണ്ടതിന് ഞാൻ നിനക്കു ഒരു ആലോചന പറഞ്ഞുതരാം. 13നീ ദാവീദ് രാജാവിന്റെ അടുക്കൽ ചെന്നു ഇപ്രകാരം പറയേണം: “യജമാനനായ രാജാവേ, നിന്റെ മകനായ ശലോമോൻ എനിക്കു ശേഷം രാജാവായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവ് രാജാവായി വാഴുന്നത് എന്ത്?” എന്നു അവനോടു ചോദിക്ക. 14നീ അവിടെ രാജാവിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്ക് ഉറപ്പിച്ചുകൊള്ളാം.”
15അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്റെ അടുക്കൽ ചെന്നു; രാജാവ് വയോധികനായിരുന്നു; ശൂനേംകാരത്തി അബീശഗ് രാജാവിനു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. 16ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു “നിനക്കു എന്തു വേണം?” എന്നു രാജാവ് ചോദിച്ചു.
17അവൾ അവനോടു പറഞ്ഞത്: “എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എനിക്കു ശേഷം രാജാവായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഈ ദാസിയോട് സത്യം ചെയ്തിട്ടുണ്ടല്ലോ. 18ഇപ്പോൾ ഇതാ, അദോനീയാവ് രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവ് ഈ കാര്യം അറിയുന്നതുമില്ല. 19അവൻ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും യാഗം കഴിച്ചു; രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതി യോവാബിനെയും ക്ഷണിച്ചു; എങ്കിലും നിന്റെ ദാസനായ ശലോമോനെ അവൻ ക്ഷണിച്ചില്ല. 20യജമാനനായ രാജാവേ, അങ്ങേയുടെ ശേഷം സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്നു അറിയിക്കേണ്ടതിന് എല്ലാ യിസ്രായേലിന്റെയും കണ്ണ് നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു. 21അല്ലാത്തപക്ഷം, യജമാനനായ രാജാവ് തന്റെ പൂര്വ്വ പിതാക്കന്മാരെപ്പോലെ ഈ ലോകം വിട്ടുപിരിയുമ്പോള്, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും.”
22അവൾ രാജാവിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ നാഥാൻ പ്രവാചകൻ വന്നു. 23‘നാഥാൻ പ്രവാചകൻ വന്നിരിക്കുന്നു’ എന്നു അവർ രാജാവിനെ അറിയിച്ചു.
അവൻ രാജസന്നിധിയിൽ ചെന്നു രാജാവിനെ സാഷ്ടാംഗം നമസ്കരിച്ചു. 24നാഥാൻ പ്രവാചകൻ പറഞ്ഞതെന്തെന്നാൽ: “യജമാനനായ രാജാവേ, അദോനീയാവ് രാജാവായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ? 25അവൻ ഇന്നു ചെന്നു അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും യാഗം കഴിച്ച്, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു; അവർ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു: “അദോനീയാരാജാവേ, ജയജയ” എന്നു ആർപ്പിടുന്നു. 26എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യെഹോയാദയുടെ മകൻ ബെനായാവെയും നിന്റെ ദാസൻ ശലോമോനെയും അവൻ ക്ഷണിച്ചില്ല. 27യജമാനനായ രാജാവിന്റെ കാലശേഷം അങ്ങേയുടെ സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്ന് അടിയങ്ങളെ അറിയിക്കാതിരിക്കയാൽ, ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നിരിക്കുന്നത്?”
28“ബത്ത്-ശേബയെ വിളിപ്പിൻ” എന്നു ദാവീദ് രാജാവ് കല്പിച്ചു. അവൾ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ മുമ്പാകെ നിന്നു. 29അപ്പോൾ രാജാവ് സത്യംചെയ്തു പറഞ്ഞത്: “എന്റെ ജീവനെ സകലകഷ്ടത്തിൽ നിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ, 30നിന്റെ മകനായ ശലോമോൻ എന്റെ കാലശേഷം വാണ് എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു ഞാൻ നിന്നോട് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യം ചെയ്തതുപോലെ തന്നെ ഞാൻ ഇന്നു നിവർത്തിക്കും.”
31അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: “എന്റെ യജമാനനായ ദാവീദ് രാജാവ് ദീർഘായുസ്സായിരിക്കട്ടെ” എന്നു പറഞ്ഞു.
32പിന്നെ ദാവീദ്: “സാദോക്ക് പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകൻ ബെനായാവെയും വിളിപ്പിൻ” എന്നു കല്പിച്ചു. അവർ രാജസന്നിധിയിൽ ചെന്നുനിന്നു. 33രാജാവ് അവരോട് കല്പിച്ചതെന്തെന്നാൽ: “നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ട് എന്റെ മകൻ ശാലോമോനെ എന്റെ കോവർകഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിൻ. 34അവിടെവച്ചു സാദോക്ക് പുരോഹിതനും നാഥാൻപ്രവാചകനും അവനെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: “ശലോമോൻരാജാവേ, ജയജയ” എന്നു ഘോഷിച്ചുപറവിൻ. 35അതിന്റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ; അവൻ വന്ന് എന്റെ സിംഹാസനത്തിൽ ഇരുന്ന് എനിക്ക് പകരം വാഴേണം; യിസ്രായേലിനും യെഹൂദയ്ക്കും രാജാവായിരിക്കേണ്ടതിന് ഞാൻ അവനെ നിയമിച്ചിരിക്കുന്നു.”
36അപ്പോൾ യെഹോയാദയുടെ മകൻ ബെനായാവ് രാജാവിനോട്: “ആമേൻ! യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെ തന്നെ കല്പിക്കുമാറാകട്ടെ. 37യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ് രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ” എന്നു ഉത്തരം പറഞ്ഞു.
38അങ്ങനെ സാദോക്ക് പുരോഹിതനും നാഥാൻപ്രവാചകനും യെഹോയാദയുടെ മകൻ ബെനായാവും ക്രേത്യരും പ്ലേത്യരും ചെന്നു ദാവീദ്രാജാവിന്റെ കോവർകഴുതപ്പുറത്തു ശലോമോനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി. 39സാദോക്ക് പുരോഹിതൻ സമാഗമനകൂടാരത്തിൽ നിന്നു തൈലക്കൊമ്പ് കൊണ്ടുചെന്ന് ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും “ശലോമോൻരാജാവേ, ജയജയ” എന്നു ഘോഷിച്ചുപറഞ്ഞു. 40പിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്നു കുഴലൂതി; അവർ അത്യന്തം സന്തോഷിച്ചു; ഭൂമി പിളരുന്നു എന്നു തോന്നുമാറ് അവർ അത്യന്തം ഘോഷിച്ചു.
41അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അത് കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: “പട്ടണം ഇളക്കുന്ന ഈ ആരവം എന്ത്?” എന്നു ചോദിച്ചു.
42അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അബ്യാഥാർ പുരോഹിതന്റെ മകൻ യോനാഥാൻ വന്നെത്തി; അദോനീയാവ് അവനോട്: “യോഗ്യനായ പുരുഷാ അകത്തുവരിക; നല്ല വർത്തമാനം കൊണ്ടുവന്നാലും” എന്നു പറഞ്ഞു.
43യോനാഥാൻ അദോനീയാവോട് ഉത്തരം പറഞ്ഞത്: ”നമ്മുടെ യജമാനനായ ദാവീദ് രാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു. 44രാജാവ് സാദോക്ക് പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകൻ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്തു കയറ്റി. 45സാദോക്ക് പുരോഹിതനും നാഥാൻപ്രവാചകനും അവനെ ഗീഹോനിൽവച്ചു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു. അവർ പട്ടണം മുഴങ്ങുമാറ് സന്തോഷിച്ചു അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം. 46അത്രയുമല്ല, ശലോമോൻ രാജസിംഹാസനത്തിൽ ഇരിക്കുന്നു. 47കൂടാതെ രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ് രാജാവിനെ അഭിവന്ദനം ചെയ്വാൻ ചെന്നു. 'നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാൾ ഉൽകൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠവും ആക്കട്ടെ' എന്നു പറഞ്ഞു. 48രാജാവ് തന്റെ കട്ടിലിന്മേൽ നമസ്കരിച്ചു: 'ഇന്ന് എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നത് എന്റെ കണ്ണുകൊണ്ടു കാണ്മാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ'” എന്നു പറഞ്ഞു.
49ഉടനെ അദോനീയാവിന്റെ വിരുന്നുകാർ ഒക്കെയും ഭയപ്പെട്ട് എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ വഴിക്കു പോയി. 50അദോനീയാവും ശലോമോനെ ഭയപ്പെട്ടു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു. 51“അദോനീയാവ് ശലോമോൻരാജാവിനെ ഭയപ്പെട്ടിരിക്കയാൽ ശലോമോൻ രാജാവ് അടിയനെ വാൾകൊണ്ട് കൊല്ലുകയില്ല എന്നു ഇന്ന് എന്നോട് സത്യം ചെയ്യട്ടെ” എന്നു പറഞ്ഞ് അവൻ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോൻ കേട്ടു.
52“അവൻ യോഗ്യനായിരുന്നാൽ അവന്റെ തലയിലെ ഒരു രോമംപോലും നിലത്ത് വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവൻ മരിക്കേണം” എന്നു ശലോമോൻ കല്പിച്ചു. 53അങ്ങനെ ശലോമോൻ രാജാവ് ആളയച്ചു അവനെ യാഗപീഠത്തിൽ നിന്ന് ഇറക്കി കൊണ്ടുവന്നു. അവൻ വന്നു ശലോമോൻരാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോട്: “നിന്റെ വീട്ടിൽ പൊയ്ക്കൊൾക” എന്നു കല്പിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 രാജാ. 1: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.