1 തിമൊ. 1
1
പൗലോസിന്‍റെ അഭിവാദനങ്ങൾ
1ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായ പൗലൊസ് നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിൻ്റെയും കല്പനപ്രകാരം, 2വിശ്വാസത്തിൽ യഥാർത്ഥപുത്രനായ തിമൊഥെയൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.
ദുരുപദേശങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പ്
3മറ്റു യാതൊരുവിധ ഉപദേശങ്ങളും പഠിപ്പിക്കുകയോ വിശ്വാസത്താലുള്ള ദൈവഹിതത്തേക്കാൾ തർക്കങ്ങൾക്ക് മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കുകയോ ചെയ്യരുതെന്ന് ചിലരോട് കല്പിക്കേണ്ടതിന്, 4നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദോന്യെക്കു പോകുമ്പോൾ ഉത്സാഹിപ്പിച്ചതുപോലെ ഇപ്പോഴും ഉത്സാഹിപ്പിക്കുന്നു. 5കല്പിച്ചതിൻ്റെ ഉദ്ദേശ്യമോ: ശുദ്ധഹൃദയത്തിൽനിന്നും, നല്ല മനസ്സാക്ഷിയിൽനിന്നും, നിർവ്യാജവിശ്വാസത്തിൽ നിന്നും ഉളവാകുന്ന സ്നേഹം തന്നെ. 6ചിലർ ഇവ വിട്ടുമാറി അർത്ഥശൂന്യമായ സംസാരത്തിലേക്ക് തിരിഞ്ഞ്, 7തങ്ങൾ പറയുന്നത് എന്തെന്നോ, സ്ഥാപിക്കുന്നത് ഇന്നതെന്നോ ഗ്രഹിക്കാതെ, ന്യായപ്രമാണത്തിന്‍റെ ഉപദേഷ്ടാക്കന്മാരായിരിക്കുവാൻ ഇച്ഛിക്കുന്നു.
8ഒരാൾ ന്യായപ്രമാണം ന്യായോചിതമായി ഉപയോഗിക്കുന്നെങ്കിൽ അത് ഉത്തമമാണെന്ന് നമുക്കറിയാം. 9ന്യായപ്രമാണമോ നീതിമാനു വേണ്ടിയല്ല, പ്രത്യുത, അധർമ്മികൾ, അനുസരണംകെട്ടവർ, അഭക്തർ, പാപികൾ, അശുദ്ധർ, ലൗകികർ, മാതാപിതാക്കളെ കൊല്ലുന്നവർ, കൊലപാതകർ, 10ദുർന്നടപ്പുകാർ, സ്വവർഗഭോഗികൾ, മനുഷ്യക്കടത്തുകാർ, ഭോഷ്കുപറയുന്നവർ, കള്ളസാക്ഷികൾ എന്നീ വകക്കാർക്കും ആരോഗ്യകരമായ ഉപദേശത്തിന് വിപരീതമായ മറ്റേതിനും അത്രേ ന്യായപ്രമാണം വച്ചിരിക്കുന്നത്. 11എങ്കൽ ഭരമേല്പിച്ചിരിക്കുന്ന, ധന്യനായ ദൈവത്തിന്‍റെ മഹത്വമുള്ള സുവിശേഷത്തിന് അനുസൃതമായതാണ് ഈ ആരോഗ്യകരമായ ഉപദേശം.
ദൈവകൃപ ഓർത്തുള്ള കൃതജ്ഞത
12എനിക്ക് ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവ് എന്നെ വിശ്വസ്തൻ എന്നെണ്ണി ശുശ്രൂഷയ്ക്ക് ആക്കിയതുകൊണ്ട് ഞാൻ അവനെ സ്തുതിക്കുന്നു. 13മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും ധിക്കാരിയും ആയിരുന്നു; എങ്കിലും അവിശ്വാസത്തിൽ അറിവില്ലാതെ ചെയ്തതാകകൊണ്ട് എനിക്ക് കരുണ ലഭിച്ചു; 14നമ്മുടെ കർത്താവിന്‍റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വർദ്ധിച്ചു കവിഞ്ഞുമിരിക്കുന്നു.
15ക്രിസ്തുയേശു പാപികളെ രക്ഷിക്കുവാൻ ലോകത്തിൽ വന്നു എന്നുള്ളത് വിശ്വാസ്യവും എല്ലാവരും അംഗീകരിക്കുവാൻ യോഗ്യവുമായ വചനം തന്നെ; ആ പാപികളിൽ ഒന്നാമൻ ഞാൻ തന്നെ. 16എന്നിട്ടും, നിത്യജീവനായി തന്നിൽ വിശ്വസിക്കുവാനുള്ളവർക്ക് ദൃഷ്ടാന്തത്തിനായി യേശുക്രിസ്തു സകലദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന് എനിക്ക് കരുണ ലഭിച്ചു. 17നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.
തിമൊഥെയൊസിൻ്റെ ഉത്തരവാദിത്വങ്ങൾ
18മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ച് മുമ്പുണ്ടായ പ്രവചനങ്ങൾക്ക് ഒത്തവണ്ണം ഞാൻ ഈ കല്പന നിന്നെ ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയാൽ നല്ല യുദ്ധസേവ ചെയ്യുക. 19ചിലർ ഈ വിശ്വാസവും നല്ല മനസ്സാക്ഷിയും തള്ളിക്കളഞ്ഞതു നിമിത്തം കപ്പൽഛേതം സംഭവിച്ചതുപോലെ അവരുടെ വിശ്വാസം തകർന്നുപോയി; 20ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു; അവർ ദൈവദൂഷണം പറയാതിരിക്കുവാൻ പഠിക്കേണ്ടതിന് ഞാൻ അവരെ സാത്താന് ഏല്പിച്ചിരിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 തിമൊ. 1: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.