1 തിമൊ. 5
5
വിധവമാരോടുള്ള നിർദ്ദേശങ്ങൾ
1പ്രായത്തിൽ മൂത്തവനെ ശകാരിക്കാതെ പിതാവിനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും 2പ്രായമായ സ്ത്രീകളെ മാതാക്കളെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്കുക.
3യഥാർത്ഥ വിധവമാരായിരിക്കുന്നവരെ മാനിക്കുക. 4ഏതെങ്കിലും വിധവയ്ക്ക് മക്കളും കൊച്ചുമക്കളും ഉണ്ടെങ്കിൽ, അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിക്കുവാനും അമ്മയപ്പന്മാർക്ക് പ്രത്യുപകാരം ചെയ്യുവാനും പഠിക്കട്ടെ; എന്തുകൊണ്ടെന്നാൽ ഇത് ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.
5യഥാർത്ഥ വിധവയും കൈവിടപ്പെട്ടവളുമായവൾ ദൈവത്തിൽ പ്രത്യാശവയ്ക്കുകയും രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും തുടരുകയും ചെയ്യുന്നു. 6എന്നാൽ സുഖഭോഗജീവിതം ആഗ്രഹിക്കുന്നവളോ ജീവിച്ചിരിക്കയിൽ തന്നെ മരിച്ചവൾ ആകുന്നു. 7അവർ അപവാദമില്ലാത്തവർ ആയിരിക്കേണ്ടതിന് നീ ഇത് ആജ്ഞാപിക്കുക.
8തനിക്കുള്ളവരോടും പ്രത്യേകിച്ച് സ്വന്ത കുടുംബത്തോടും കരുതലില്ലാത്തവൻ, റ്വിശ്വാസം തള്ളിക്കളയുകയും അവിശ്വാസിയെക്കാൾ വഷളനായിത്തീരുകയും ചെയ്യുന്നു. 9വിധവയായി തിരഞ്ഞെടുക്കപ്പെടേണ്ടവളോ, അറുപതു വയസ്സിന് താഴെയല്ലാത്തവളും ഏകഭർത്താവിൻ്റെ ഭാര്യയായിരുന്നവളും, 10മക്കളെ വളർത്തുകയോ അതിഥികളെ സൽക്കരിക്കുകയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്ക് മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയ്ക്കും സമർപ്പിക്കപ്പെടുകയോ ചെയ്തു സൽപ്രവൃത്തികളാൽ അറിയപ്പെട്ടവളും ആയിരിക്കേണം.
11ഇളയ വിധവമാരെ ഒഴിവാക്കുക; എന്തെന്നാൽ ക്രിസ്തുവിന് വിരോധമായി അവരുടെ ശാരീരിക മോഹങ്ങൾ വർദ്ധിച്ചുവരുമ്പോൾ വിവാഹം ചെയ്യുവാൻ ഇച്ഛിക്കും. 12അവരുടെ ആദ്യ പ്രതിജ്ഞ തള്ളിക്കളയുകയാൽ അവർക്ക് ശിക്ഷാവിധി ഉണ്ട്. 13അത്രയുമല്ല അവർ വീടുതോറും നടന്ന് അലസരായിരിക്കുവാനും ശീലിക്കും; അലസരായിരിക്കുക മാത്രമല്ല, അപവാദികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തത് സംസാരിക്കുകയും ചെയ്യും. 14ആകയാൽ ഇളയ വിധവമാർ വിവാഹിതരായി, പുത്രസമ്പത്തുണ്ടാക്കി, വീട്ടുകാര്യം നോക്കി, വിരോധിക്ക് അപവാദത്തിന് അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാൻ ഇച്ഛിക്കുന്നു. 15ഇപ്പോൾതന്നെ ചിലർ സാത്താന്‍റെ പിന്നാലെ പോയല്ലോ.
16ഏതെങ്കിലും വിശ്വാസിനിക്ക് വിധവമാർ#5:16 വിശ്വാസിനിക്ക് വിധവമാർ വിശ്വാസിനിയെ ബന്ധുവായ വിധവ ഉണ്ടെങ്കിൽ, അവൾ തന്നെ അവരെ സംരക്ഷിക്കട്ടെ; സഭയ്ക്ക് ഭാരം വരുത്തരുത്; യഥാർത്ഥ വിധവമാരായവരെ സംരക്ഷിക്കാമല്ലോ!
മൂപ്പന്മാരെ ആദരിക്കുക
17നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകാൽ വചനത്തിലും ഉപദേശത്തിലും #5:17 വചനത്തിലും ഉപദേശത്തിലും പ്രസംഗത്തിലും ഉപദേശിക്കുന്നതിലും എന്നാണ്അദ്ധ്വാനിക്കുന്നവരെ തന്നെ, ഇരട്ടി മാനത്തിന് യോഗ്യരായി പരിഗണിക്കുക. 18എന്തെന്നാൽ “മെതിക്കുന്ന കാളയ്ക്ക് മുഖക്കൊട്ട കെട്ടരുത്” എന്നും; “വേലക്കാരൻ തന്‍റെ കൂലിക്ക് യോഗ്യൻ” എന്നും തിരുവെഴുത്ത് പറയുന്നുവല്ലോ.
19രണ്ടു മൂന്നു സാക്ഷികളുടെ തെളിവിൻ്റെ അടിസ്ഥാനത്തിലല്ലാതെ ഒരു മൂപ്പൻ്റെ നേരെ കുറ്റാരോപണം ഉന്നയിക്കരുത്. 20പാപത്തിൽ തുടരുന്നവരെ, ശേഷമുള്ളവർക്കും ഭയത്തിനായി എല്ലാവരും കേൾക്കെ ശാസിക്കുക.
21നീ മുൻവിധിയോടെ പക്ഷപാതപരമായി ഒന്നും ചെയ്യാതെ ഈ നിയമങ്ങളെ പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരെയും സാക്ഷിയാക്കി നിന്നോട് കല്പിക്കുന്നു.
22യാതൊരുത്തൻ്റെമേലും വേഗത്തിൽ കൈ വയ്ക്കുകയോ അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകുകയോ അരുത്. നിന്നെത്തന്നെ നിർമ്മലനായി കാത്തുകൊള്ളുക.
23ഇനി വെള്ളം മാത്രം കുടിക്കാതെ, നിന്‍റെ ദഹനക്കുറവും കൂടെക്കൂടെയുള്ള ക്ഷീണവും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊള്ളുക.
24ചില മനുഷ്യരുടെ പാപങ്ങൾ ന്യായവിധിയ്ക്കു മുമ്പെ തന്നെ വ്യക്തമാകുന്നു; എന്നാൽ ചിലരുടെ പാപങ്ങളോ ക്രമേണയത്രേ. 25സൽപ്രവൃത്തികളും അങ്ങനെ തന്നെ വ്യക്തമാകുന്നു; വ്യക്തമാകാത്തവയ്ക്കും മറഞ്ഞിരിക്കുവാൻ കഴിയുകയില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 തിമൊ. 5: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.