2 ദിന. 31
31
യെഹിസ്കീയാവിന്‍റെ നവീകരണം
1ഇതെല്ലാം തീർന്നശേഷം വന്നുകൂടിയിരുന്ന യിസ്രായേൽ ജനമെല്ലാം യെഹൂദാ നഗരങ്ങളിൽ ചെന്നു വിഗ്രഹസ്തംഭങ്ങൾ തകർത്തുകളഞ്ഞു. യെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകൾ വെട്ടിക്കളയുകയും പുജാഗിരികളും ബലിപീഠങ്ങളും ഇടിച്ച് നശിപ്പിച്ചുകളയുകയും ചെയ്തു. പിന്നെ യിസ്രായേൽ മക്കൾ എല്ലാവരും താന്താന്‍റെ പട്ടണത്തിലേക്കും അവകാശത്തിലേക്കും മടങ്ങിപ്പോയി.
2അനന്തരം യെഹിസ്കീയാവ് പുരോഹിതന്മാരെയും ലേവ്യരെയും, ഗണംഗണമായി, അവനവന്‍റെ ശുശ്രൂഷയുടെ ക്രമപ്രകാരം, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുവാനും, യഹോവയുടെ പാളയത്തിന്‍റെ വാതിലുകളിൽ ശുശ്രൂഷിപ്പാനും, സ്തോത്രം ചെയ്തു വാഴ്ത്തുവാനും നിയമിച്ചു. 3രാജാവ്, യഹോവയുടെ ന്യായപ്രമാണപ്രകാരം കാലത്തും വൈകുന്നേരത്തും അർപ്പിക്കേണ്ട ഹോമയാഗങ്ങൾക്കായും, ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും ഉള്ള ഹോമയാഗങ്ങൾക്കായും സ്വന്ത സമ്പത്തിൽനിന്ന് ഒരു ഓഹരി നിശ്ചയിച്ചു. 4പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണപ്രകാരം ഉള്ള കടമകൾ നിറവേറ്റേണ്ടതിന് അവരുടെ ഓഹരി യഥാസമയം കൊടുക്കുവാൻ രാജാവ് യെരൂശലേമിൽ പാർത്ത ജനത്തോട് കല്പിച്ചു.
5ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേൽ മക്കൾ ധാന്യം, വീഞ്ഞ്, എണ്ണ, തേൻ, വയലിലെ വിളവുകൾ എന്നിവയുടെ ആദ്യഫലം ധാരാളമായി കൊണ്ടുവന്നു; എല്ലാറ്റിന്‍റെയും ദശാംശവും സമൃദ്ധിയായി കൊണ്ടുവന്നു. 6യെഹൂദാ നഗരങ്ങളിൽ പാർത്ത യിസ്രായേല്യരും യെഹൂദ്യരും കാളകളുടെയും ആടുകളുടെയും ദശാംശവും, തങ്ങളുടെ ദൈവമായ യഹോവയ്ക്കു നിവേദിച്ചിരുന്ന വസ്തുക്കളുടെ ദശാംശവും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി. 7മൂന്നാം മാസത്തിൽ അവർ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തിൽ തീർത്തു. 8യെഹിസ്കീയാവും പ്രഭുക്കന്മാരും വന്ന് ഈ കൂമ്പാരങ്ങൾ കണ്ടപ്പോൾ അവർ യഹോവയെ വാഴ്ത്തുകയും അവന്‍റെ ജനമായ യിസ്രായേലിനെ പുകഴ്ത്തുകയും ചെയ്തു. 9യെഹിസ്കീയാവ് കൂമ്പാരങ്ങളെക്കുറിച്ച് പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു. 10അതിന് മറുപടിയായി സാദോക്കിന്‍റെ ഗൃഹത്തിൽ മഹാപുരോഹിതനായ അസര്യാവ് അവനോട്: “ജനം ഈ വഴിപാടുകൾ യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവന്ന് തുടങ്ങിയത് മുതൽ ഞങ്ങൾ തിന്നു തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ തന്‍റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം” എന്നു ഉത്തരം പറഞ്ഞു.
11അപ്പോൾ യെഹിസ്കീയാവ്, യഹോവയുടെ ആലയത്തിൽ അറകൾ ഒരുക്കുവാൻ കല്പിച്ചു; 12അങ്ങനെ അവർ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്ത് കൊണ്ടുവന്നു: ലേവ്യനായ കോനന്യാവ് അവയുടെ മേൽവിചാരകനും അവന്‍റെ സഹോദരൻ ശിമെയി രണ്ടാമനും ആയിരുന്നു. 13യെഹിസ്കീയാ രാജാവിന്‍റെയും ദൈവാലയ പ്രമാണിയായ അസര്യാവിന്‍റെയും ആജ്ഞപ്രകാരം, യെഹീയേൽ, അസസ്യാവ്, നഹത്ത്, അസാഹേൽ, യെരീമോത്ത്, യോസാബാദ്, എലീയേൽ, യിസ്മഖ്യാവ്, മഹത്ത്, ബെനായാവ് എന്നിവർ കോനന്യാവിന്‍റെയും അവന്‍റെ സഹോദരൻ ശിമെയിയുടെയും കീഴിൽ മേൽനോട്ടക്കാരായിരുന്നു.
14കിഴക്കെ വാതിൽകാവല്ക്കാരനായിരുന്ന ലേവ്യനായ യിമ്നയുടെ മകൻ കോരേ, യഹോവയുടെ വഴിപാടുകളും അതിവിശുദ്ധവസ്തുക്കളും, ഔദാര്യ ദാനങ്ങളും വിഭാഗിച്ചുകൊടുക്കുന്ന മേൽവിചാരകനായിരുന്നു. 15അവന്‍റെ കീഴിൽ, വലിയവരും ചെറിയവരുമായ തങ്ങളുടെ സഹോദരന്മാർക്ക് ക്രമമായി വിഭാഗിച്ച് കൊടുക്കുവാൻ, ഏദെൻ, മിന്യാമീൻ, യേശുവ, ശെമയ്യാവ്, അമര്യാവ്, ശെഖന്യാവ് എന്നീ വിശ്വസ്തർ പുരോഹിതനഗരങ്ങളിൽ ഉദ്യോഗസ്ഥന്മാരായിരുന്നു. 16മൂന്നു വയസ്സിനു മുകളിൽ വംശാവലിയിൽ പേര് ചേർത്തിരുന്ന പുരുഷന്മാരെയും, ദിനമ്പ്രതി ആവശ്യംപോലെ ഗണംഗണമായി താന്താങ്ങളുടെ ശുശ്രൂഷക്കായി യഹോവയുടെ ആലയത്തിൽ പ്രവേശിക്കാൻ കഴിയുന്ന സകലർക്കും അവർ ഓഹരി വിഭജിച്ചുകൊടുത്തിരുന്നു. 17പുരോഹിതന്മാരുടെ വംശാവലിയിൽ പിതൃഭവനക്രമം അനുസരിച്ച് പേരു ചേർക്കപ്പെട്ടവരെയും, ഇരുപതു വയസ്സിന് മുകളിൽ താന്താങ്ങളുടെ ശുശ്രൂഷയുടെ ക്രമപ്രകാരം പേരുചേർത്ത ലേവ്യരെയും, ഈ കൂട്ടത്തിൽനിന്നും ഒഴിവാക്കിയിരുന്നു. 18സർവ്വസഭയിലുമുള്ള അവരുടെ കുഞ്ഞുങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി വംശാവലിയിൽ പേര് ചേർക്കപ്പെട്ടവർക്കും കൂടെ ഓഹരി കൊടുക്കണ്ടതായിരുന്നു. അവർ വിശ്വസ്തതയോടെ തങ്ങളെ തന്നെ വിശുദ്ധീകരിച്ചുപോന്നു.
19പട്ടണങ്ങളോട് ചേർന്ന പുൽപ്പുറങ്ങളിൽ പാർത്തിരുന്ന അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാർക്കും, വംശാവലിയിൽ പേര് ചേർക്കപ്പെട്ട എല്ലാ ലേവ്യർക്കും ഓഹരി കൊടുക്കണ്ടതിന് ഓരോ പട്ടണത്തിലും പ്രത്യേകം ആളുകളെ നിയമിച്ചിരുന്നു.
20യെഹിസ്കീയാവ് യെഹൂദയിൽ എല്ലയിടത്തും ഇവ്വണ്ണം ചെയ്തു; തന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നന്മയും ന്യായവും സത്യവും ആയ കാര്യങ്ങൾ പ്രവർത്തിച്ചു. 21അവൻ ദൈവാലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ന്യായപ്രമാണവും കല്പനയും സംബന്ധിച്ചും തന്‍റെ ദൈവത്തെ അന്വേഷിക്കേണ്ടതിന് ആരംഭിച്ച സകലപ്രവൃത്തിയിലും പൂർണ്ണഹൃദയത്തോടെ പ്രവർത്തിച്ച് അഭിവൃദ്ധിപ്പെട്ടു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ദിന. 31: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.