2 കൊരി. 9
9
വിശുദ്ധന്മാർക്കുവേണ്ടിയുള്ള ദ്രവ്യശേഖരം
1വിശുദ്ധന്മാർക്കുവേണ്ടി നടത്തുന്ന ശുശ്രൂഷയെക്കുറിച്ച് ഞാൻ നിങ്ങൾക്ക് എഴുതുവാൻ ആവശ്യമില്ലല്ലോ? 2എന്തെന്നാൽ, അഖായയിലുള്ളവർ#9:2 കൊരിന്ത് തലസ്ഥാനമായുള്ള ഗ്രീസിലെ ഒരു പ്രവിശ്യയാണ് അഖായ. ഒരു വർഷം മുമ്പ് ഒരുങ്ങിയിരിക്കുന്നു എന്നു മക്കെദോന്യരോട് നിങ്ങളെക്കുറിച്ച് ഞാൻ പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാൻ അറിയുകയും, നിങ്ങളുടെ തീക്ഷ്ണത മിക്കപേർക്കും പ്രചോദനമായിരിക്കുകയും ചെയ്യുന്നതുകൊണ്ടു തന്നെ. 3എന്നാൽ, നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസ ഈ കാര്യത്തിൽ വ്യർത്ഥമാകാതെ ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒരുങ്ങിയിരിക്കേണ്ടതിനത്രേ ഞാൻ സഹോദരന്മാരെ അയച്ചത്. 4അല്ലെങ്കിൽ ചില മക്കെദോന്യർ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താൽ - നിങ്ങൾ എന്നല്ല ഞങ്ങളും നിങ്ങളെക്കുറിച്ചുള്ള ഈ ആത്മവിശ്വാസം നിമിത്തം ലജ്ജിച്ചുപോകേണ്ടിവരുമല്ലോ. 5ആകയാൽ സഹോദരന്മാർ ഞങ്ങൾക്ക് മുമ്പായി വരികയും, നിർബ്ബന്ധത്താലല്ല ഉദാരമായിട്ട് തന്നെ നിങ്ങൾ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം കരുതിയിരിക്കുവാൻ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവയ്ക്കുകയും ചെയ്യേണ്ടതിന് സഹോദരന്മാരെ ഉത്സാഹിപ്പിക്കുവാൻ ആവശ്യം എന്നു എനിക്ക് തോന്നി.
ഔദാര്യമായി വിതയ്ക്കുക
6എന്നാൽ അല്പമായി വിതയ്ക്കുന്നവൻ അല്പമായി കൊയ്യും; ധാരാളമായി വിതയ്ക്കുന്നവൻ ധാരാളമായി കൊയ്യും എന്നു ഓർത്തുകൊള്ളുവിൻ. 7അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബ്ബന്ധത്താലുമരുത്; എന്തെന്നാൽ, സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. 8നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും വർദ്ധിച്ചു വരുമാറ് നിങ്ങളിൽ സകലകൃപയും വർദ്ധിപ്പിക്കുവാൻ ദൈവം ശക്തൻ ആകുന്നു.
9“അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു;
അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു”
എന്നു എഴുതിയിരിക്കുന്നുവല്ലോ. 10എന്നാൽ വിതയ്ക്കുന്നവന് വിത്തും, ഭക്ഷിക്കുവാൻ അപ്പവും നല്കുന്നവൻ, വിതയ്ക്കാനുള്ള നിങ്ങളുടെ വിത്ത് നൽകി പലമടങ്ങാക്കുകയും, നിങ്ങളുടെ നീതിയുടെ വിളവ് വർദ്ധിപ്പിക്കുകയും ചെയ്യും.
11ഇങ്ങനെ ദൈവത്തിന് ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യം ഒക്കെയും കാണിക്കേണ്ടതിന് നിങ്ങൾ സകലത്തിലും സമ്പന്നർ ആകും. 12ഈ നടത്തുന്ന ശുശ്രൂഷാസേവനം വിശുദ്ധന്മാരുടെ ആവശ്യങ്ങൾക്ക് ഉതകുന്നതു മാത്രമല്ലാതെ, ദൈവത്തിന് അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു. 13ഈ ശുശ്രൂഷയുടെ അംഗീകാരം ഹേതുവായി ക്രിസ്തുവിന്‍റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണം നിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന ഔദാര്യകൂട്ടായ്മ നിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും. 14നിങ്ങൾക്ക് ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാണുവാൻ വാഞ്ഛിച്ച് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. 15പറഞ്ഞറിയിക്കുവാൻ പറ്റാത്ത ദാനം നിമിത്തം ദൈവത്തിന് സ്തോത്രം.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 കൊരി. 9: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.