2 ശമു. 19
19
യോവാബ് ദാവീദിനെ കുറ്റപ്പെടുത്തുന്നു
1രാജാവ് അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചുകരഞ്ഞുകൊണ്ടിരിക്കുന്നു എന്നു യോവാബ് കേട്ടു. 2എന്നാൽ രാജാവ് തന്‍റെ മകനെക്കുറിച്ച് വ്യസനിച്ചിരിക്കുന്നു എന്നു ആ ദിവസം ജനം കേട്ടതുകൊണ്ട് അന്നത്തെ ജയം ജനങ്ങൾക്കെല്ലാം ദുഃഖമായ്തീർന്നു. 3ആകയാൽ യുദ്ധത്തിൽ തോറ്റോടി നാണിച്ച് ഒളിച്ചുവരുന്നതുപോലെ ജനം അന്ന് പട്ടണത്തിലേക്ക് ഒളിച്ചുകടന്നു. 4രാജാവ് മുഖം മൂടി: “എന്‍റെ മകനേ അബ്ശാലോമേ! അബ്ശാലോമേ, എന്‍റെ മകനേ, എന്‍റെ മകനേ!” എന്നു ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.
5അപ്പോൾ യോവാബ് അരമനയിൽ രാജാവിന്‍റെ അടുക്കൽ ചെന്നു പറഞ്ഞത്: “ഇന്ന് നിന്‍റെയും നിന്‍റെ പുത്രീപുത്രന്മാരുടെയും നിന്‍റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്‍റെ സകലഭൃത്യന്മാരെയും നീ ഇന്ന് ലജ്ജിപ്പിച്ചിരിക്കുന്നു; നീ ശത്രുക്കളെ സ്നേഹിക്കുകയും സ്നേഹിതരെ വെറുക്കുകയും ചെയ്യുന്നു. 6പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്ക് ഒന്നുമല്ല എന്നു നീ ഇന്ന് കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കുകയും ഞങ്ങൾ എല്ലാവരും ഇന്ന് മരിക്കുകയും ചെയ്തിരുന്നു എങ്കിൽ നിനക്ക് നല്ല പ്രസാദമാകുമായിരുന്നു എന്നു എനിക്ക് ഇന്ന് മനസ്സിലായി. 7ആകയാൽ ഇപ്പോൾ എഴുന്നേറ്റ് പുറത്തു വന്നു നിന്‍റെ ഭൃത്യന്മാരോട് സന്തോഷമായി സംസാരിക്കുക; നീ പുറത്തു വരാതിരുന്നാൽ യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കുകയില്ല; അത് നിന്‍റെ യൗവനംമുതൽ ഇന്നുവരെ നിനക്ക് ഭവിച്ചിട്ടുള്ള സകലഅനർത്ഥത്തെക്കാളും വലിയതായിരിക്കും.”
8അപ്പോൾ രാജാവ് എഴുന്നേറ്റ് പടിവാതില്ക്കൽ ഇരുന്നു. രാജാവ് പടിവാതില്ക്കൽ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവ് കിട്ടി; സകലജനവും രാജാവിന്‍റെ മുമ്പിൽ വന്നു.
9യിസ്രായേല്യർ അവരവരുടെ വീടുകളിലേക്ക് ഓടിപ്പോയിരുന്നു. എല്ലാ യിസ്രായേൽ ഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മിൽ തർക്കിച്ചു: “രാജാവ് നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിച്ചു; അവൻ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് നമ്മെ വിടുവിച്ചു. ഇപ്പോഴോ അബ്ശാലോം നിമിത്തം അവൻ നാട്ടിൽനിന്ന് ഓടിപ്പോയിരിക്കുന്നു. 10നമുക്ക് രാജാവായി നാം അഭിഷേകം ചെയ്ത അബ്ശാലോമോ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ആകയാൽ രാജാവിനെ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് നിങ്ങൾ ഒന്നും പറയാതിരിക്കുന്നത് എന്ത്?” എന്നു പറഞ്ഞു.
11പിന്നീട് ദാവീദ് രാജാവ് പുരോഹിതന്മാരായ സാദോക്കിന്‍റെയും അബ്യാഥാരിന്‍റെയും അടുക്കൽ ആളയച്ച് പറയിച്ചത്: “നിങ്ങൾ യെഹൂദാമൂപ്പന്മാരോട് പറയേണ്ടത്: രാജാവിനെ അരമനയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ എല്ലാ യിസ്രായേലിന്‍റെയും സംസാരം അവന്‍റെ അടുക്കൽ എത്തിയിരിക്കുന്നു. നിങ്ങൾ രാജാവിനെ അരമനയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നത് എന്ത്? 12നിങ്ങൾ എന്‍റെ സഹോദരന്മാർ; എന്‍റെ അസ്ഥിയും മാംസവും അല്ലയോ?. രാജാവിനെ മടക്കിവരുത്തുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നത് എന്ത്?” 13നിങ്ങൾ അമാസയോട്: “നീ എന്‍റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിന് പകരം എപ്പോഴും എന്‍റെ മുമ്പിൽ സേനാപതിയായിരിക്കുന്നില്ല എങ്കിൽ ദൈവം ഇതും ഇതിലധികവും എന്നോട് ചെയ്യട്ടെ” എന്നു പറയുവിൻ.
14ഇങ്ങനെ അവൻ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകർഷിച്ചു. ആകയാൽ അവർ: “നീയും നിന്‍റെ സകലഭൃത്യന്മാരും മടങ്ങിവരുവിൻ” എന്നു രാജാവിന്‍റെ അടുക്കൽ പറഞ്ഞയച്ചു.
ദാവീദ് യെരൂശലേമില്‍ മടങ്ങിയെത്തുന്നു
15അങ്ങനെ രാജാവ് മടങ്ങി യോർദ്ദാനിൽ എത്തി. രാജാവിനെ എതിരേറ്റ് യോർദ്ദാൻ കടത്തിക്കൊണ്ടുപോരേണ്ടതിന് യെഹൂദാപുരുഷന്മാർ ഗില്ഗാലിൽ ചെന്നു. 16ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടി ദാവീദ് രാജാവിനെ എതിരേല്ക്കുവാൻ ബദ്ധപ്പെട്ടു ചെന്നു. 17അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൗലിന്‍റെ ഗൃഹവിചാരകനായ സീബയും അവന്‍റെ പതിനഞ്ചുപുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവർ രാജാവ് കാൺകെ യോർദ്ദാൻ കടന്നുചെന്നു. 18രാജാവിന്‍റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിനും അവന്‍റെ ഇഷ്ടംപോലെ ചെയ്യേണ്ടതിനും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോൾ ഗേരയുടെ മകനായ ശിമെയി യോർദ്ദാൻ കടക്കുവാൻ പോകുന്ന രാജാവിന്‍റെ മുമ്പിൽ വീണു രാജാവിനോട്: 19“എന്‍റെ യജമാനൻ എന്‍റെ കുറ്റം എനിക്ക് കണക്കിടരുതേ; എന്‍റെ യജമാനനായ രാജാവ് യെരൂശലേമിൽനിന്ന് പുറപ്പെട്ട ദിവസം അടിയൻ ചെയ്ത ദോഷം രാജാവ് മനസ്സിൽ വയ്ക്കുകയും ഓർക്കുകയും അരുതേ. 20അടിയൻ പാപം ചെയ്തിരിക്കുന്നു എന്നു അറിയുന്നു; അതുകൊണ്ട് അടിയൻ ഇതാ, എന്‍റെ യജമാനനായ രാജാവിനെ എതിരേല്‍ക്കേണ്ടത്തിന് ഇറങ്ങിവരുവാൻ യോസേഫിന്‍റെ സകലഗൃഹത്തെക്കാളും മുമ്പനായി ഇന്ന് വന്നിരിക്കുന്നു” എന്നു പറഞ്ഞു.
21എന്നാൽ സെരൂയയുടെ മകനായ അബീശായി: “യഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതുനിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടതല്ലയോ?” എന്നു ചോദിച്ചു.
22അതിന് ദാവീദ്: “സെരൂയയുടെ പുത്രന്മാരേ, ഇന്ന് നിങ്ങൾ എനിക്ക് എതിരാളികളാകേണ്ടതിന് ഞാൻ നിങ്ങളോട് എന്തുചെയ്തു? ഇന്ന് യിസ്രായേലിൽ ഒരുവനെ കൊല്ലാമോ? ഇന്ന് ഞാൻ യിസ്രായേലിനു രാജാവെന്ന് ഞാൻ അറിയുന്നില്ലയോ?” എന്നു പറഞ്ഞു. 23പിന്നെ രാജാവ് ശിമെയിയോട്: “നീ മരിക്കുകയില്ല” എന്നു പറഞ്ഞു, രാജാവ് അവനോട് സത്യവും ചെയ്തു.
മെഫീബോശെത്തിനോടും കരുണ കാണിക്കുന്നു
24ശൗലിന്‍റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്ക്കുവാൻ വന്നു; രാജാവ് പോയ ദിവസംമുതൽ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവൻ തന്‍റെ പാദങ്ങൾ സംരക്ഷിക്കുകയോ താടി ഒതുക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിരുന്നില്ല. 25എന്നാൽ അവൻ രാജാവിനെ എതിരേല്ക്കുവാൻ യെരൂശലേമിൽ നിന്നു വന്നപ്പോൾ രാജാവ് അവനോട്: “മെഫീബോശെത്തേ, നീ എന്നോടുകൂടി വരാതെയിരുന്നത് എന്ത്?” എന്നു ചോദിച്ചു.
26അതിന് അവൻ ഉത്തരം പറഞ്ഞത്: “എന്‍റെ യജമാനനായ രാജാവേ, എന്‍റെ ദാസൻ എന്നെ ചതിച്ചു; കഴുതപ്പുറത്ത് കയറി, രാജാവിനോടുകൂടി പോകേണ്ടതിന് കോപ്പിടണമെന്ന് അടിയൻ പറഞ്ഞു; അടിയൻ മുടന്തനല്ലോ. 27അവൻ എന്‍റെ യജമാനനായ രാജാവിനോട് അടിയനെപ്പറ്റി നുണയും പറഞ്ഞു; എങ്കിലും എന്‍റെ യജമാനനായ രാജാവ് ദൈവദൂതനെപ്പോലെ ആകുന്നു; അതുകൊണ്ട് തിരുമനസ്സിലെ ഇഷ്ടംപോലെ ചെയ്തുകൊള്ളുക. 28എന്‍റെ യജമാനനായ രാജാവിന്‍റെ മുമ്പാകെ അടിയന്‍റെ പിതൃഭവനമൊക്കെയും മരണയോഗ്യർ ആയിരുന്നു; എന്നിട്ടും അടിയനെ അവിടുത്തെ മേശയിങ്കൽ ഭക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ആക്കി; രാജാവിനോട് സങ്കടം പറവാൻ അടിയന് ഇനി എന്ത് അവകാശമുള്ളു?”
29രാജാവ് അവനോട്: “നീ നിന്‍റെ കാര്യം ഇനി അധികം പറയുന്നത് എന്തിന്? നീയും സീബയും നിലം പകുത്തെടുത്തുകൊള്ളുവിൻ എന്നു ഞാൻ കല്പിക്കുന്നു” എന്നു പറഞ്ഞു.
30മെഫീബോശെത്ത് രാജാവിനോട്: “അല്ല, അവൻ തന്നെ മുഴുവനും എടുത്തുകൊള്ളട്ടെ; എന്‍റെ യജമാനനായ രാജാവു സമാധാനത്തോടെ അരമനയിൽ മടങ്ങിവന്നുവല്ലോ” എന്നു പറഞ്ഞു.
ബർസില്ലായിയോടും കരുണ കാണിക്കുന്നു
31ഗിലെയാദ്യനായ ബർസില്ലായിയും രോഗെലീമിൽനിന്നു വന്നു, രാജാവിനെ യോർദ്ദാനക്കരെ കടത്തി യാത്ര അയയ്ക്കുവാൻ അവനോടുകൂടെ യോർദ്ദാൻ കടന്നു. 32ബർസില്ലായിയോ എൺപതു വയസ്സുള്ള ഒരു വൃദ്ധനായിരുന്നു; രാജാവ് മഹനയീമിൽ വസിച്ചിരുന്ന കാലത്ത് അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു. 33രാജാവ് ബർസില്ലായിയോട്: “എന്നോടുകൂടി വരിക; നീ എന്നോടൊപ്പം യെരൂശലേമിൽ ഉള്ള കാലത്തോളം ഞാൻ നിനക്കായി കരുതും” എന്നു പറഞ്ഞു.
34ബർസില്ലായി രാജാവിനോട് പറഞ്ഞത്: “ഞാൻ യെരൂശലേമിൽ രാജാവിനോടുകൂടി പോരേണ്ടതിന് ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും? 35എനിക്ക് ഇന്ന് എൺപതു വയസ്സായിരിക്കുന്നു; നല്ലതും ചീത്തയും എനിക്ക് തിരിച്ചറിയാമോ? ഭക്ഷണപാനിയങ്ങളുടെ രുചി അടിയന് അറിയാമോ? ഗായകന്മാരുടെയും ഗായികമാരുടെയും സ്വരം എനിക്ക് ഇനി കേട്ടു രസിക്കാമോ? എന്‍റെ യജമാനനായ രാജാവിന് അടിയൻ ഭാരമായിത്തീരുന്നത് എന്തിന്? 36അടിയൻ രാജാവിനോടുകൂടെ യോർദ്ദാൻ കടക്കുവാൻ മാത്രമേ വിചാരിച്ചുള്ളൂ; രാജാവ് ഇതിനായി എനിക്ക് ഈ വിധം പ്രത്യുപകാരം ചെയ്യുന്നത് എന്തിന്? 37എന്‍റെ പട്ടണത്തിൽ എന്‍റെ അപ്പന്‍റെയും അമ്മയുടെയും കല്ലറയുടെ അടുക്കൽവച്ചു മരിക്കേണ്ടതിന് അടിയനെ വിട്ടയച്ചാലും; എന്നാൽ നിന്‍റെ ദാസനായ കിംഹാം ഇതാ; അവൻ എന്‍റെ യജമാനനായ രാജാവിനോടുകൂടി പോരട്ടെ; നിനക്ക് പ്രസാദമായത് അവന് ചെയ്തു കൊടുത്താലും.“
38അതിന് രാജാവ്: “കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്‍റെ ഇഷ്ടപ്രകാരം ഞാൻ അവന് ചെയ്തുകൊടുക്കാം; നീ എന്നോട് ആവശ്യപ്പെടുന്നതെല്ലാം ഞാൻ നിനക്കായി ചെയ്യും“ എന്നു പറഞ്ഞു. 39പിന്നെ സകലജനവും യോർദ്ദാൻ കടന്നു. രാജാവ് യോർദ്ദാൻ കടന്നശേഷം ബർസില്ലായിയെ ചുംബനം ചെയ്തു അനുഗ്രഹിച്ചു; അവൻ സ്വദേശത്തേക്ക് മടങ്ങിപ്പോയി.
40രാജാവ് ഗില്ഗാലിൽ ചെന്നു; കീംഹാമും അവനോടുകൂടെ പോയി; യെഹൂദാജനം മുഴുവനും യിസ്രായേൽജനം പകുതിയും കൂടി രാജാവിനെ അകമ്പടി ചെയ്തു. 41അപ്പോൾ യിസ്രായേൽപുരുഷന്മാർ എല്ലാവരും രാജാവിന്‍റെ അടുക്കൽ വന്നു രാജാവിനോട്: “ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാർ രാജാവിനെയും അങ്ങേയുടെ കുടുംബത്തെയും ദാവീദിന്‍റെ സകലപരിചാരകന്മാരെയും മോഷ്ടിച്ചു കൊണ്ടുവന്നു യോർദ്ദാൻ കടത്തിയത് എന്ത്?“ എന്നു പറഞ്ഞു.
42അതിന് യെഹൂദാപുരുഷന്മാർ എല്ലാവരും യിസ്രായേൽ പുരുഷന്മാരോട്: “രാജാവ് ഞങ്ങളുടെ അടുത്ത ബന്ധു ആയതുകൊണ്ടുതന്നെ; പിന്നെ ഈ കാര്യത്തിന് നിങ്ങൾ കോപിക്കുന്നത് എന്തിന്? ഞങ്ങൾ രാജാവിന്‍റെ ചെലവിൽ വല്ലതും തിന്നുവോ? അവൻ ഞങ്ങൾക്ക് വല്ല സമ്മാനവും തന്നുവോ?“ എന്നു ഉത്തരം പറഞ്ഞു.
43യിസ്രായേൽപുരുഷന്മാർ യെഹൂദാപുരുഷന്മാരോട്: “രാജാവിങ്കൽ ഞങ്ങൾക്ക് പത്തു ഓഹരി ഉണ്ട്; ദാവീദിങ്കൽ ഞങ്ങൾക്ക് നിങ്ങളേക്കാൾ അധികം അവകാശവും ഉണ്ട്; നിങ്ങൾ ഞങ്ങളെ അവഗണിച്ചത് എന്ത്? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന് ഞങ്ങളല്ലയോ ആദ്യം പറഞ്ഞത്“ എന്നു ഉത്തരം പറഞ്ഞു. എന്നാൽ യെഹൂദാപുരുഷന്മാരുടെ വാക്ക് യിസ്രായേൽ പുരുഷന്മാരുടെ വാക്കിനെക്കാൾ അധികം കഠിനമായിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ശമു. 19: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.