2 തിമൊ. 3
3
അന്ത്യകാലത്തെ അഭക്തി
1അന്ത്യകാലത്ത് ദുർഘടസമയങ്ങൾ വരും എന്നറിയുക. 2എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും 3വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും ഇന്ദ്രിയജയം ഇല്ലാത്തവരും ക്രൂരന്മാരും 4സൽഗുണദ്വേഷികളും ദ്രോഹികളും വീണ്ടുവിചാരമില്ലാത്തവരും തന്റേടികളും ദൈവത്തെ സ്നേഹിക്കാതെ സുഖമോഹികളായും 5ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. ഇങ്ങനെയുള്ളവരെ വിട്ടൊഴിയുക. 6വീടുകളിൽ നുഴഞ്ഞുകടക്കുകയും പാപങ്ങളെ ചുമന്നുകൊണ്ട് പലതരം മോഹങ്ങൾക്കും അധീനരായി, 7എപ്പോഴും പഠിക്കുകയും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിക്കുവാൻ കഴിയാത്തവരുമായ ബലഹീനസ്ത്രീകളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു. 8യന്നേസും യംബ്രേസും മോശെയോട് എതിർത്തുനിന്നതുപോലെ തന്നെ ഇവരും സത്യത്തോട് മറുത്തുനില്ക്കുന്നു; അവർ ദുർബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ച് അയോഗ്യരുമത്രേ. 9എന്നാൽ മേല്പറഞ്ഞവരുടെ ബുദ്ധികേട് വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും എല്ലാവർക്കും വെളിപ്പെടും എന്നതിനാൽ അവർ അധികം മുന്നോട്ടുപോകയില്ല.
10നീയോ എന്റെ ഉപദേശം, സ്വഭാവം, ഉദ്ദേശ്യം, വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും 11അന്ത്യൊക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എനിക്ക് സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അവ എല്ലാറ്റിൽ നിന്നും കർത്താവ് എന്നെ വിടുവിച്ചു. 12ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കുവാൻ മനസ്സുള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും നിശ്ചയം. 13ദുഷ്ടമനുഷ്യരും കപടശാലികളുമോ വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും കൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.
14എന്നാൽ നീയോ ആരിൽനിന്ന് പഠിച്ചു എന്നു അറിയുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷയ്ക്ക് ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറിയുകയും ചെയ്യുന്നതുകൊണ്ടു 15നീ പഠിച്ചും നിശ്ചയം പ്രാപിച്ചുമിരിക്കുന്നതിൽ നിലനിൽക്കുക. 16എല്ലാ തിരുവെഴുത്തും ദൈവശ്വാസീയവും, ദൈവത്തിന്റെ മനുഷ്യൻ സകലസൽപ്രവൃത്തിക്കും ഒരുക്കപ്പെട്ട് തികഞ്ഞവൻ ആകേണ്ടതിന് 17ഉപദേശത്തിനും ശാസനത്തിനും തിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും പ്രയോജനമുള്ളതും ആകുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 തിമൊ. 3: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.