പ്രവൃത്തികൾ 12
12
യാക്കോബ് കൊല്ലപ്പെടുന്നു, പത്രൊസിനെ തടവിൽ ആക്കുന്നു
1ആ കാലത്ത് ഹെരോദാരാജാവ് സഭയിൽ ചിലരെ അപായപ്പെടുത്തേണ്ടതിന് പദ്ധതിയിട്ടു. 2യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ട് കൊന്നു. 3അത് യെഹൂദന്മാർക്ക് ഇഷ്ടമായി എന്നു തിരിച്ചറിഞ്ഞ ഹെരോദാവ് പത്രൊസിനെയും പിടിക്കുവാൻ നിർദ്ദേശിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയിരുന്നു. 4അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ട് ജനത്തിന്റെ മുമ്പിൽ നിർത്തുവാൻ ഭാവിച്ച് തടവിലാക്കി, കാക്കുവാൻ നാലു പേരടങ്ങുന്ന പടയാളികൾ ഉളള നാലു കൂട്ടത്തിനെ ഏല്പിച്ചു. 5ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
കാരാഗൃഹത്തിൽ ദൈവപ്രവൃത്തി വെളിപ്പെടുന്നു
6ഹെരോദാവ് അവനെ ജനത്തിന്റെ മുമ്പിൽ നിർത്തുവാൻ തീരുമാനിച്ചതിൻ്റെ തലേരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിയ്ക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പിൽ കാവല്ക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു. 7ക്ഷണത്തിൽ കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയ്ക്കുള്ളിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രോസിന്റെ വശത്ത് തട്ടി: “വേഗം എഴുന്നേൽക്ക” എന്നു പറഞ്ഞ് അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽനിന്ന് അഴിഞ്ഞു വീണു. 8ദൂതൻ അവനോട്: “അരകെട്ടി ചെരിപ്പിട്ട് മുറുക്കുക” എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു; “നിന്റെ വസ്ത്രം പുതച്ച് എന്റെ പിന്നാലെ വരിക” എന്നു പറഞ്ഞു.
9അവൻ പിന്നാലെ ചെന്നു, ദൂതൻ മുഖാന്തരം സംഭവിച്ചത് വാസ്തവം എന്നു അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു. 10അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരുമ്പുവാതിൽക്കൽ എത്തി. അത് അവർക്ക് തനിയെ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവ് കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.
11പത്രൊസിന് സുബോധം വന്നിട്ട്: “കർത്താവ് തന്റെ ദൂതനെ അയച്ച് ഹെരോദാവിൻ്റെ കയ്യിൽനിന്നും യെഹൂദജനത്തിൻ്റെ സകല പ്രതീക്ഷയിൽനിന്നും എന്നെ വിടുവിച്ചു എന്നു ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു” എന്നു അവൻ പറഞ്ഞു.
12ഈ വസ്തുതകൾ തിരിച്ചറിഞ്ഞ ശേഷം അവൻ മർക്കൊസ് എന്നു വിളിക്കുന്ന യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചുകൂടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. 13അവൻ പടിപ്പുരവാതിൽക്കൽ മുട്ടിയപ്പോൾ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേൾപ്പാൻ അടുത്തുവന്നു. 14പത്രോസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താൽ പടിവാതിൽ തുറക്കാതെ അകത്തേക്ക് ഓടി, “പത്രൊസ് പടിപ്പുരയ്ക്കൽ നില്ക്കുന്നു” എന്നു അറിയിച്ചു.
15അവർ അവളോട്: “നിനക്കു ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
അവളോ: അല്ല, ഉള്ളതുതന്നെ എന്നു ഉറപ്പിച്ചു പറയുമ്പോൾ “അവന്റെ ദൂതൻ ആകുന്നു” എന്നു അവർ പറഞ്ഞു.
16പത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവർ തുറന്നപ്പോൾ അവനെ കണ്ടു വിസ്മയിച്ചു. 17അവർ മിണ്ടാതിരിക്കുവാൻ അവൻ ആംഗ്യം കാട്ടി, കർത്താവ് തന്നെ തടവിൽനിന്ന് പുറപ്പെടുവിച്ച വിവരം പറഞ്ഞു കേൾപ്പിച്ചു; “ഇത് യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിക്കുവിൻ” എന്നു പറഞ്ഞു; പിന്നെ അവൻ പുറപ്പെട്ടു വേറൊരു സ്ഥലത്തേയ്ക്ക് പോയി. 18നേരം വെളുത്തപ്പോൾ പത്രൊസ് എവിടെ പോയി എന്നു പടയാളികൾക്ക് അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി. 19ഹെരോദാവ് അവനെ അന്വേഷിച്ചിട്ട് കാണായ്കയാൽ കാവൽക്കാരെ വിസ്തരിച്ച് അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ അവൻ യെഹൂദ്യയിൽ നിന്നും കൈസര്യയിലേക്ക് പോയി അവിടെ പാർത്തു.
ഹെരോദാവിൻ്റെ അന്ത്യം
20ഹെരോദാരാജാവ് സോര്യരുടെയും സീദോന്യരുടെയും നേരെ കോപാകുലനായിരിക്കവെ ആ ദേശത്തുനിന്ന് തങ്ങൾക്ക് ആഹാരം കിട്ടിവരികയാൽ അവർ ഏകമനസ്സോടെ അവന്റെ അടുക്കൽ ചെന്നു, ഹെരോദാവിൻ്റെ വിശ്വസ്തസേവകനായ ബ്ലസ്തൊസിനെ വശത്താക്കി സന്ധിയ്ക്കായി അപേക്ഷിച്ചു. 21നിശ്ചയിച്ച ദിവസത്തിൽ ഹെരോദാവ് രാജവസ്ത്രം ധരിച്ച് സിംഹാസനത്തിൽ ഇരുന്ന് അവരോട് പ്രസംഗിച്ചു. 22“ഇത് മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ” എന്നു ജനം ആർത്തു. 23അവൻ അത്യുന്നതനായ ദൈവത്തിന് മഹത്വം കൊടുക്കായ്കയാൽ കർത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിയ്ക്ക് ഇരയായി പ്രാണനെ വിട്ടു.
24എന്നാൽ ദൈവവചനം മേല്ക്കുമേൽ വ്യാപിച്ചും വിശ്വാസികളുടെ എണ്ണം പെരുകിയും കൊണ്ടിരുന്നു.
25ബർന്നബാസും ശൗലും ശുശ്രൂഷ നിവർത്തിച്ചശേഷം മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ട് യെരൂശലേം വിട്ട് മടങ്ങിപ്പോന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പ്രവൃത്തികൾ 12: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.