പ്രവൃത്തികൾ 16
16
ലുസ്ത്രയിൽ നിന്നും തിമൊഥെയൊസ് പൗലൊസിനോടൊപ്പം
1പൗലോസ് ദെർബ്ബയിലും ലുസ്ത്രയിലും ചെന്നു. അവിടെ കർത്താവിൽ വിശ്വാസമുള്ളൊരു യെഹൂദസ്ത്രീയുടെ മകനായ തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു; അവന്‍റെ പിതാവ് യവനനായിരുന്നു. 2അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം പ്രാപിച്ചവൻ ആയിരുന്നു. 3തിമൊഥെയൊസ് തന്നോടുകൂടെ പോരേണം എന്നു പൗലൊസ് ഇച്ഛിച്ചു; അവന്‍റെ പിതാവ് യവനൻ എന്നു ആ പ്രദേശങ്ങളിലുള്ള യെഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ച് അവനെ പരിച്ഛേദന കഴിപ്പിച്ചു. 4അവർ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും മുൻ നിർണ്ണയിച്ച പ്രബോധനങ്ങൾ അനുസരിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു. 5അങ്ങനെ സഭകൾ വിശ്വാസത്തിൽ ശക്തിപ്പെടുകയും ദിവസേന എണ്ണത്തിൽ പെരുകുകയും ചെയ്തു.
ത്രോവാസിലെ മക്കെദോന്യ ദർശനം
6അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്ന് പരിശുദ്ധാത്മാവ് വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ച്, 7മുസ്യയിൽ എത്തി ബിഥുന്യയ്ക്ക് പോകുവാൻ ശ്രമിച്ചു; അവിടെയും യേശുവിന്‍റെ ആത്മാവ് അവരെ സമ്മതിച്ചില്ല. 8അവർ മുസ്യ കടന്ന് ത്രോവാസിൽ എത്തി. 9അവിടെവച്ച് പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: “നീ മക്കെദോന്യെയിലേക്ക് കടന്നുവന്ന് ഞങ്ങളെ സഹായിക്ക” എന്നു തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു. 10ഈ ദർശനം കണ്ടിട്ട് അവരോട് സുവിശേഷം അറിയിക്കുവാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ച്, ഞങ്ങൾ ഉടനെ മക്കെദോന്യയ്ക്ക് പുറപ്പെട്ടു.
ലുദിയായും കുടുംബവും സ്നാനം ഏൽക്കുന്നു.
11അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്ന് കപ്പൽ നീക്കി നേരെ സമൊത്രൊക്കയിലേക്കും പിറ്റെന്നാൾ നവപൊലിക്കും അവിടെനിന്ന് ഫിലിപ്പിയിലേക്കും ചെന്നു. 12റോമക്കാർ കുടിയേറിപ്പാർത്തിരുന്ന ഫിലിപ്പിയ എന്ന മക്കെദോന്യയുടെ പ്രധാനപട്ടണത്തിൽ ഞങ്ങൾ ചില ദിവസങ്ങൾ പാർത്തു. 13ശബ്ബത്തുനാളിൽ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു വിചാരിച്ചു ഞങ്ങൾ പട്ടണവാതിലിന് പുറത്തേക്ക് പോയി അവിടെ പുഴവക്കത്ത് ഇരുന്നു, അവിടെ കൂടിവന്ന സ്ത്രീകളോട് സംസാരിച്ചു. 14തുയഥൈരാ പട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായൊരു സ്ത്രീ ഞങ്ങളുടെ വാക്ക് കേട്ടുകൊണ്ടിരുന്നു. പൗലൊസ് സംസാരിച്ചത് ശ്രദ്ധിക്കേണ്ടതിന് കർത്താവ് അവളുടെ ഹൃദയം തുറന്നു. 15അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: “നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്‍റെ വീട്ടിൽ വന്നു പാർപ്പിൻ” എന്നു അപേക്ഷിച്ച് ഞങ്ങളെ നിർബ്ബന്ധിച്ചു.
പൗലൊസ് വെളിച്ചപ്പാടത്തിയിലുള്ള ഭൂതത്തെ ശാസിക്കുന്നു
16ഞങ്ങൾ പ്രാർത്ഥനാ സ്ഥലത്തേക്ക് ചെല്ലുമ്പോൾ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞ് യജമാനന്മാർക്ക് വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു. 17അവൾ പൗലൊസിൻ്റെയും ഞങ്ങളുടെയും പിന്നാലെ വന്ന്: “ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോട് അറിയിക്കുന്നവർ” എന്നു വിളിച്ചുപറഞ്ഞു. 18ഇങ്ങനെ അവൾ ചില ദിവസങ്ങൾ ചെയ്തുവന്നു. പൗലൊസ് വളരെ നീരസപ്പെട്ടിട്ട് തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോട്: “അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്‍റെ നാമത്തിൽ നിന്നോട് കല്പിക്കുന്നു” എന്നു പറഞ്ഞു. ആ നാഴികയിൽ തന്നെ ഭൂതം അവളെ വിട്ടുപോയി.
കാരാഗൃഹ പ്രമാണിയും കുടുംബവും സ്നാനം ഏൽക്കുന്നു
19അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭപ്രതീക്ഷ നഷ്ടപ്പെട്ടത് കണ്ടിട്ട് പൗലൊസിനെയും ശീലാസിനെയും പിടിച്ച്, ചന്തസ്ഥലത്ത് പ്രമാണികളുടെ അടുക്കലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി 20അധിപതികളുടെ മുമ്പിൽ നിർത്തി; “യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തിൽ കലാപം ഉണ്ടാക്കുന്നു, 21റോമാക്കാരായ നമുക്ക് അംഗീകരിക്കുവാനും അനുസരിക്കുവാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു” എന്നു പറഞ്ഞു. 22പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികൾ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞ് കോൽകൊണ്ട് അവരെ അടിക്കുവാൻ കല്പിച്ചു. 23അവരെ വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കി കാരാഗൃഹപ്രമാണിയോട് അവരെ സൂക്ഷ്മത്തോടെ കാക്കുവാൻ കല്പിച്ചു. 24അവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ തടികൾകൊണ്ടുള്ള ആമത്തിൽ ഇട്ടു പൂട്ടി.
25അർദ്ധരാത്രിക്ക് പൗലൊസും ശീലാസും പ്രാർത്ഥിച്ച് ദൈവത്തെ പാടി സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു. 26പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്‍റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞു വീണു. 27കാരാഗൃഹപ്രമാണി ഉറക്കം ഉണർന്ന് കാരാഗൃഹത്തിന്‍റെ വാതിലുകൾ തുറന്നിരിക്കുന്നത് കണ്ടിട്ട് തടവുകാർ രക്ഷപെട്ടിരിക്കും എന്നു ചിന്തിച്ച് വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു. 28അപ്പോൾ പൗലൊസ്: “നിനക്കു ഒരു ദോഷവും ചെയ്യരുത്, ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ” എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 29അവൻ വെളിച്ചം ചോദിച്ച് അകത്തേക്ക് ചാടി വിറച്ചുകൊണ്ട് പൗലൊസിൻ്റെയും ശീലാസിൻ്റെയും മുമ്പിൽ വീണു. 30അവരെ പുറത്ത് കൊണ്ടുവന്ന്: “യജമാനന്മാരേ, രക്ഷ പ്രാപിക്കുവാൻ ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു.
31“കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കും” എന്നു അവർ പറഞ്ഞു. 32പിന്നെ അവർ കർത്താവിന്‍റെ വചനം അവനോടും അവന്‍റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. 33അവൻ രാത്രിയിൽ, ആ നാഴികയിൽത്തന്നെ, അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും വേഗത്തിൽ സ്നാനം ഏറ്റു. 34പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ട് അവർക്ക് ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.
35നേരം പുലർന്നപ്പോൾ അധിപതികൾ ഭടന്മാരെ അയച്ചു: “ആ മനുഷ്യരെ വിട്ടയയ്ക്കേണം” എന്നു പറയിച്ചു. 36കാരാഗൃഹപ്രമാണി ഈ വാക്ക് പൗലൊസിനോട് അറിയിച്ചു: “നിങ്ങളെ വിട്ടയപ്പാൻ അധിപതികൾ ആളയച്ചിരിക്കുന്നു; ആകയാൽ സമാധാനത്തോടെ പോകുവിൻ” എന്നു പറഞ്ഞു. 37പൗലൊസ് അവരോട്: “റോമാപൗരന്മാരായ ഞങ്ങളെ അവർ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ച് തടവിലാക്കിയല്ലോ; ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവർ തന്നെ വന്ന് ഞങ്ങളെ പുറത്തുകൊണ്ടുപോകട്ടെ” എന്നു പറഞ്ഞു.
38കാവൽക്കാർ ആ വാക്ക് അധിപതികളോട് ബോധിപ്പിച്ചപ്പോൾ അവർ റോമ പൗരന്മാർ എന്നു കേട്ടു അധിപതികൾ ഭയപ്പെട്ട് ചെന്നു അവരോട് നല്ലവാക്ക് പറഞ്ഞു. 39അവരെ പുറത്ത് കൊണ്ടുവന്നതിനു ശേഷം പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു. 40അവർ തടവ് വിട്ടു ലുദിയയുടെ വീട്ടിൽ ചെന്നു സഹോദരന്മാരെ കണ്ടു ധൈര്യപ്പെടുത്തി പുറപ്പെട്ടുപോയി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പ്രവൃത്തികൾ 16: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.