പ്രവൃത്തികൾ 18
18
പൗലൊസ് കൊരിന്ത്യയിൽ
1അതിനുശേഷം പൗലൊസ് അഥേന വിട്ട് കൊരിന്ത്യയിൽ ചെന്നു. 2അവിടെ അവൻ പൊന്തൊസിൽ ജനിച്ചവനും യെഹൂദന്മാർ എല്ലാവരും റോമാനഗരം വിട്ടു പോകേണം എന്നു ക്ലൗദ്യൊസ് കല്പന കൊടുത്തതുകൊണ്ട് ആ ഇടയ്ക്ക് ഇറ്റലിയിൽനിന്ന് വന്നവനുമായ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്‍റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കൽ ചെന്നു. 3പൗലോസിൻ്റെയും അവരുടെയും തൊഴിൽ ഒന്നാകകൊണ്ട് അവൻ അവരോടുകൂടെ പാർത്ത് വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു. 4എന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽച്ചെന്ന് യെഹൂദന്മാരോടും യവനന്മാരോടും യേശുവിനെ കുറിച്ച് കാര്യകാരണസഹിതം പറഞ്ഞ് അവരെ സമ്മതിപ്പിച്ചു.
5എന്നാൽ ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽനിന്ന് വന്നപ്പോൾ പൗലൊസ് ആത്മാവിനാൽ പ്രേരിതനായി തീഷ്ണതയോടെ യേശു തന്നെ ക്രിസ്തു എന്നു യെഹൂദന്മാരോട് സാക്ഷീകരിച്ചു. 6അവർ പൗലോസിനോട് എതിർ പറയുകയും ദുഷിക്കയും ചെയ്തപ്പോൾ അവൻ വസ്ത്രം കുടഞ്ഞു: “നിങ്ങളുടെ നാശത്തിന് നിങ്ങൾതന്നെ ഉത്തരവാദികൾ; ഞാൻ നിർമ്മലൻ; ഇനി മേൽ ഞാൻ ജനതകളുടെ അടുക്കൽ പോകും” എന്നു അവരോട് പറഞ്ഞു.
7അവൻ അവിടംവിട്ട്, തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്‍റെ വീട്ടിൽ ചെന്നു; അവന്‍റെ വീട് പള്ളിയുടെ അടുത്തായിരുന്നു. 8പള്ളിപ്രമാണിയായ ക്രിസ്പൊസ് തന്‍റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ മറ്റ് അനേകരും പൗലോസിൽനിന്ന് വചനം കേട്ടു യേശുവിൽ വിശ്വസിച്ചു സ്നാനം ഏറ്റു.
9രാത്രിയിൽ കർത്താവ് ദർശനത്തിൽ പൗലൊസിനോട്: “നീ ഭയപ്പെടാതെ പ്രസംഗിക്കുക; മിണ്ടാതിരിക്കരുത്; 10ഞാൻ നിന്നോടുകൂടെ ഉണ്ട്; ആരും നിന്നെ അപായപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്ക് വളരെ ജനമുണ്ട്” എന്നു അരുളിച്ചെയ്തു. 11അങ്ങനെ അവൻ ഒരു വർഷവും ആറുമാസവും അവരുടെ ഇടയിൽ ദൈവവചനം പഠിപ്പിച്ചുകൊണ്ട് താമസിച്ചു.
12ഗല്ലിയോൻ അഖായയിൽ ഭരണാധികാരിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലോസിന്‍റെ നേരെ ഒരുമനപ്പെട്ട് എഴുന്നേറ്റ്, അവനെ ന്യായാസനത്തിൻ്റെ മുമ്പാകെ കൊണ്ടുചെന്നു: 13“ഇവൻ ന്യായപ്രമാണത്തിന് വിരോധമായി ദൈവത്തെ ആരാധിക്കുവാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു” എന്നു പറഞ്ഞു.
14പൗലൊസ് സംസാരിക്കാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോട്: “യെഹൂദന്മാരേ, വല്ല അന്യായമോ കുറ്റകൃത്യമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു. 15എന്നാൽ വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ ആണെങ്കിൽ നിങ്ങൾതന്നെ നോക്കിക്കൊൾവിൻ; ഈ വകയ്ക്ക് ന്യായാധിപതി ആകുവാൻ എനിക്ക് മനസ്സില്ല” എന്നു പറഞ്ഞ് 16അവരെ ന്യായാസനത്തിങ്കൽനിന്ന് പുറത്താക്കി. 17എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ച് ന്യായാസനത്തിൻ്റെ മുമ്പിൽവച്ച് അടിച്ചു; ഇതു ഒന്നും ഗല്ലിയോൻ കാര്യമാക്കിയില്ല.
18പൗലൊസ് പിന്നെയും കുറേനാൾ കൊരിന്ത്യയിൽ പാർത്തശേഷം സഹോദരന്മാരോട് യാത്ര പറഞ്ഞിട്ട്, താൻ ഒരു നേർച്ച ചെയ്തതിനാൽ കെംക്രയയിൽവച്ച് തല ക്ഷൗരം ചെയ്യിച്ചിട്ട് പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സിറിയയിലേക്ക് പുറപ്പെട്ടു, 19എഫെസൊസിൽ എത്തി അവരെ അവിടെ വിട്ടിട്ട്; അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോട് യേശുവിനെ കുറിച്ച് സംഭാഷിച്ചു. 20കുറെ കൂടെ താമസിക്കേണം എന്നു യെഹൂദന്മാർ അപേക്ഷിച്ചിട്ടും അവൻ സമ്മതിക്കാതെ: 21“ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും” എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്ന് കപ്പൽ കയറി. 22കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ട് അന്ത്യൊക്യയിലേക്ക് പോയി.
23അവിടെ കുറേനാൾ താമസിച്ചശേഷം പുറപ്പെട്ടു, ഗലാത്യദേശത്തിലൂടെയും ഫ്രുഗ്യയിലൂടെയും സഞ്ചരിച്ച് ശിഷ്യന്മാരെ ഒക്കെയും പ്രോത്സാഹിപ്പിച്ചു.
അപ്പൊല്ലോസ് എഫെസൊസിൽ എത്തുന്നു
24ആ സമയത്ത് തിരുവെഴുത്തുകളിൽ സാമർത്ഥ്യവും വാഗ്വൈഭവവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ള അലെക്സന്ത്രിയക്കാരനായ ഒരു യെഹൂദൻ എഫെസൊസിൽ എത്തി. 25അവനു കർത്താവിന്‍റെ മാർഗ്ഗത്തെ കുറിച്ച് ഉപദേശം ലഭിച്ചിരുന്നു; അവൻ ആത്മാവിൽ എരിവുള്ളവനാകയാൽ യേശുവിനെ കുറിച്ച് കൃത്യമായി ഉപദേശിച്ചിരുന്നു എങ്കിലും അവൻ യോഹന്നാന്‍റെ സ്നാനത്തെക്കുറിച്ച് മാത്രമേ അറിഞ്ഞിരുന്നുള്ളു. 26അവൻ പള്ളിയിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു തുടങ്ങി; എന്നാൽ അക്വിലാസും പ്രിസ്കില്ലയും അവന്‍റെ പ്രസംഗം കേട്ടപ്പോൾ താല്‍പ്പര്യത്തോടെ അവനെ ചേർത്തുകൊണ്ട് ദൈവത്തിന്‍റെ മാർഗ്ഗം അധികം സ്പഷ്ടമായി അവനു തെളിയിച്ചുകൊടുത്തു. 27അവൻ അഖായയിലേക്ക് പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ സ്വീകരിക്കേണ്ടതിന് അഖായയിലെ ശിഷ്യന്മാർക്ക് എഴുതുകയും ചെയ്തു; അവിടെ എത്തിയപ്പോൾ അവൻ ദൈവകൃപയാൽ യേശുവിൽ വിശ്വസിച്ചവർക്ക് വളരെ പ്രയോജനമായിത്തീർന്നു. 28അവൻ തിരുവെഴുത്തുകളാൽ യേശു തന്നെ ക്രിസ്തു എന്നു ശക്തമായി തെളിയിച്ച് യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പ്രവൃത്തികൾ 18: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.