കൊലൊ. 3
3
ഉയരത്തിലുള്ളത് അന്വേഷിക്കുവിൻ
1അതുകൊണ്ട് ദൈവം ക്രിസ്തുവിനോടൊപ്പം നിങ്ങളെയും ഉയിർപ്പിച്ചിരിക്കുന്നുവെങ്കിൽ, ക്രിസ്തു ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിക്കുവിൻ. 2ഭൂമിയിലുള്ളതിനെക്കുറിച്ചല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിപ്പിൻ. 3നിങ്ങൾ മരിച്ചു, നിങ്ങളുടെ ജീവൻ ദൈവം ക്രിസ്തുവിൽ മറച്ചിരിക്കുന്നു. 4നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.
പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ
5ആകയാൽ വ്യഭിചാരം, അശുദ്ധി, അമിതവികാരം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ പാപാഭിലാഷങ്ങളെ മരിപ്പിക്കുവീൻ. 6ഈ വകനിമിത്തം ദൈവകോപം അനുസരണം കെട്ടവരുടെമേല്‍ വരുന്നു. 7അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയിൽ നടന്നുപോന്നു. 8ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ദുരുദ്ദേശങ്ങൾ, അപമാനങ്ങൾ, വായിൽനിന്ന് വരുന്ന ലജ്ജാകരവും, അശ്ലീലവുമായ ദുർഭാഷണങ്ങൾ; ഇവയൊക്കെയും വിട്ടുകളയുവിൻ. 9അന്യോന്യം ഭോഷ്ക് പറയരുത്; നിങ്ങൾ പഴയമനുഷ്യനെ അവന്‍റെ ശീലങ്ങളോടുകൂടെ ഉരിഞ്ഞുകളഞ്ഞ് 10തന്നെ സൃഷ്ടിച്ചവൻ്റെ സ്വരൂപപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ. 11ഈ അറിവിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമവും എന്നില്ല, അപരിഷ്കൃതൻ പരിഷ്കൃതൻ, ദാസൻ സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.
ക്രിസ്തുവിന്‍റെ വചനം നിങ്ങളിൽ വസിക്കട്ടെ
12അതുകൊണ്ട് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് 13അന്യോന്യം സഹിക്കുകയും ഒരുവനോട് ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവ് നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ. 14എല്ലാറ്റിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. 15ക്രിസ്തുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിനല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നത്; നന്ദിയുള്ളവരായും ഇരിപ്പിൻ.
16സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന് പാടിയും ഇങ്ങനെ ക്രിസ്തുവിന്‍റെ വചനം അത്യധികമായി സകലജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ. 17വാക്കിനാലോ ക്രിയയാലോ എന്ത് ചെയ്താലും സകലവും കർത്താവായ യേശുവിന്‍റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.
ക്രിസ്തീയ ബന്ധങ്ങളിലെ കൂട്ടുത്തരവാദിത്വങ്ങൾ.
18ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്ക് കർത്താവിന് ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ. 19ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോട് കയ്പായിരിക്കയുമരുത്. 20മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിക്കുവിൻ. ഇത് കർത്താവിന് പൂർണ്ണമായും പ്രസാദകരമല്ലോ. 21പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ നിരുത്സാഹപ്പെടാതിരിക്കേണ്ടതിന് അവരെ കോപിപ്പിക്കരുത്.
22ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിക്കുവിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ട് ഹൃദയത്തിന്‍റെ ആത്മാർത്ഥതയോടെ അത്രേ അനുസരിക്കേണ്ടത്. 23നിങ്ങൾ ചെയ്യുന്നത് ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന് എന്നപോലെ മനസ്സോടെ ചെയ്‌വിൻ. 24അവകാശമെന്ന പ്രതിഫലം കർത്താവ് തരും എന്നറിഞ്ഞ് കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ. 25അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന് ഒത്തത് പ്രാപിക്കും; യാതൊരു മുഖപക്ഷവും ഇല്ലല്ലോ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
കൊലൊ. 3: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.