ദാനീ. 6
6
ദാനീയേൽ സിംഹക്കുഴിയിൽ
1രാജ്യം ഭരിക്കേണ്ടതിന് രാജ്യത്തെല്ലായിടവും നൂറ്റിയിരുപത് പ്രധാന ദേശാധിപതികളെയും 2അവരുടെ മേൽ മൂന്നു അദ്ധ്യക്ഷന്മാരെയും നിയമിക്കുവാൻ ദാര്യാവേശിന് ഇഷ്ടം തോന്നി. ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിന് നഷ്ടം വരാതിരിക്കേണ്ടതിന് പ്രധാനദേശാധിപതികൾ ഇവർക്ക് കണക്ക് ബോധിപ്പിക്കേണ്ടതായിരുന്നു. 3എന്നാൽ ദാനീയേൽ ഉൾകൃഷ്ടമാനസനായിരുന്നതുകൊണ്ട് അവൻ അദ്ധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായി വിളങ്ങി; രാജാവ് അവനെ രാജ്യത്തിനു മുഴുവൻ അധികാരിയാക്കുവാൻ വിചാരിച്ചു.
4ആകയാൽ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ച് ദാനീയേലിനു വിരോധമായി എന്തെങ്കിലും കുറ്റം കണ്ടെത്തുവാൻ അന്വേഷിച്ചു; എന്നാൽ യാതൊരു കുറ്റവും കണ്ടെത്തുവാൻ അവർക്ക് കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ട് ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല. 5അപ്പോൾ ആ പുരുഷന്മാർ: “നാം ഈ ദാനീയേലിന്‍റെ നേരെ അവന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം സംബന്ധിച്ചല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല” എന്നു പറഞ്ഞു.
6അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജാവിന്‍റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ഉണർത്തിച്ചതെന്തെന്നാൽ: “ദാര്യാവേശ് രാജാവ് ദീർഘായുസ്സായിരിക്കട്ടെ. 7രാജാവേ, മുപ്പതു ദിവസത്തേക്ക് തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കുകയും ഖണ്ഡിതമായി നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാന ദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലോചിച്ചിരിക്കുന്നു. 8ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാത്തവിധം ആ നിരോധനാജ്ഞ ഉറപ്പിച്ച് രേഖ എഴുതിക്കേണമേ.“ 9അങ്ങനെ ദാര്യാവേശ് രാജാവ് രേഖയും നിരോധനാജ്ഞയും എഴുതിച്ചു.
10എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു. അവന്‍റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിനു നേരെ തുറന്നിരുന്നു. താൻ മുമ്പ് ചെയ്തുവന്നതുപോലെ ദിവസം മൂന്നുപ്രാവശ്യം മുട്ടുകുത്തി തന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ പ്രാർത്ഥിച്ച് സ്തോത്രം ചെയ്തു. 11അപ്പോൾ ആ പുരുഷന്മാർ ബദ്ധപ്പെട്ട് വന്നു, ദാനീയേൽ തന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ പ്രാർത്ഥിച്ച് അപേക്ഷിക്കുന്നത് കണ്ടു. 12ഉടനെ അവർ രാജസന്നിധിയിൽ ചെന്നു രാജാവിന്‍റെ കല്പനയെക്കുറിച്ച് സംസാരിച്ചു: “രാജാവേ, മുപ്പതു ദിവസത്തേക്ക് തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ” എന്നു ചോദിച്ചു.
അതിന് രാജാവ്: “മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നെ” എന്നുത്തരം പറഞ്ഞു.
13അതിന് അവർ രാജസന്നിധിയിൽ: “രാജാവേ, യെഹൂദാപ്രവാസികളിൽ ഒരുവനായ ദാനീയേൽ തിരുമേനിയെയും, തിരുമനസ്സുകൊണ്ട് എഴുതിച്ച കല്പനയും കൂട്ടാക്കാതെ, ദിവസം മൂന്നുപ്രാവശ്യം അപേക്ഷ കഴിച്ചുവരുന്നു” എന്നു ഉണർത്തിച്ചു.
14രാജാവു ഈ വാക്കുകൾ കേട്ടപ്പോൾ അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിക്കുവാൻ മനസ്സുവച്ച്, അവനെ രക്ഷിക്കുവാൻ സൂര്യൻ അസ്തമിക്കുവോളം പ്രയത്നം ചെയ്തു.
15എന്നാൽ ആ പുരുഷന്മാർ രാജാവിന്‍റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു: “രാജാവേ, രാജാവു ഉറപ്പിക്കുന്ന ഒരു കല്പനയോ നിയമമോ മാറ്റിക്കൂടാ എന്നിങ്ങനെയാകുന്നു മേദ്യരുടെയും പാർസികളുടെയും നിയമം എന്നുള്ളത് അങ്ങേക്ക് ബോദ്ധ്യമുണ്ടല്ലോ?” എന്നു രാജാവിനോട് ഉണർത്തിച്ചു.
16അങ്ങനെ രാജാവിന്‍റെ കല്പനയാൽ അവർ ദാനീയേലിനെ കൊണ്ടുവന്ന് സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; രാജാവ് ദാനീയേലിനോട് ഇപ്രകാരം സംസാരിച്ചു: “നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്‍റെ ദൈവം നിന്നെ രക്ഷിക്കും.”
17അവർ ഒരു കല്ല് കൊണ്ടുവന്ന് ഗുഹയുടെ വാതില്ക്കൽവച്ചു; ദാനീയേലിനെക്കുറിച്ചുള്ള നിർണ്ണയത്തിന് മാറ്റം വരാതെയിരിക്കേണ്ടതിന് രാജാവ് തന്‍റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിന് മുദ്രയിട്ടു. 18പിന്നെ രാജാവ് രാജധാനിയിൽ ചെന്നു ഭക്ഷണം വെടിഞ്ഞ് രാത്രി കഴിച്ചു; അവന്‍റെ സന്നിധിയിൽ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി.
19രാജാവ് അതികാലത്തുതന്നെ എഴുന്നേറ്റ് ബദ്ധപ്പെട്ട് സിംഹഗുഹയുടെ അരികിൽ ചെന്നു. 20ഗുഹയുടെ അരികിൽ എത്തിയപ്പോൾ അവൻ ദുഃഖത്തോടെ ദാനീയേലിനെ വിളിച്ചു. രാജാവ് ദാനീയേലിനോട് സംസാരിച്ചു: “ജീവനുള്ള ദൈവത്തിന്‍റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്‍റെ ദൈവം സിംഹങ്ങളിൽനിന്ന് നിന്നെ രക്ഷിക്കുവാൻ പ്രാപ്തനായോ” എന്നു ചോദിച്ചു.
21ദാനീയേൽ രാജാവിനോട്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ. 22സിംഹങ്ങൾ എനിക്ക് കേടുവരുത്താതിരിക്കേണ്ടതിന് എന്‍റെ ദൈവം തന്‍റെ ദൂതനെ അയച്ച് അവയുടെ വായടച്ചുകളഞ്ഞു; അവന്‍റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല” എന്നു ഉണർത്തിച്ചു.
23അപ്പോൾ രാജാവ് അത്യന്തം സന്തോഷിച്ചു; ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റുവാൻ കല്പിച്ചു; അവർ ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റി; അവൻ തന്‍റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ട് അവന് യാതൊരു കേടും പറ്റിയതായി കണ്ടില്ല. 24പിന്നെ രാജാവിന്‍റെ കല്പനയാൽ, അവർ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുന്നതിന് മുമ്പ് സിംഹങ്ങൾ അവരെ പിടിച്ചു; അവരുടെ അസ്ഥികളെല്ലാം തകർത്തുകളഞ്ഞു.
25അന്നു ദാര്യാവേശ് രാജാവ് ഭൂമിയിലെങ്ങും വസിക്കുന്ന സകലവംശങ്ങൾക്കും ഭാഷക്കാർക്കും എഴുതിയതെന്തെന്നാൽ: “നിങ്ങൾക്ക് സമാധാനം വർദ്ധിച്ചുവരട്ടെ. 26എന്‍റെ ആധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്‍റെ ദൈവത്തിന്‍റെ മുമ്പാകെ ഭയഭക്തിയോടിരിക്കണമെന്ന് ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു;
അവൻ ജീവനുള്ള ദൈവവും
എന്നേക്കും നിലനില്‍ക്കുന്നവനും
അവന്‍റെ രാജത്വം നശിച്ചുപോകാത്തതും
അവന്‍റെ ആധിപത്യം അവസാനം വരാത്തതും ആകുന്നു.
27അവൻ രക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുന്നു;
അവൻ ആകാശത്തിലും ഭൂമിയിലും
അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു;
അവൻ ദാനീയേലിനെ
സിംഹത്തിന്‍റെ വായിൽനിന്ന് രക്ഷിച്ചിരിക്കുന്നു.
28എന്നാൽ ദാനീയേൽ ദാര്യാവേശിന്‍റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്‍റെ വാഴ്ചയിലും അഭിവൃദ്ധിപ്രാപിച്ചിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ദാനീ. 6: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.