ആവർ. 13
13
അന്യദൈവങ്ങളെ ആരാധിക്കുന്നു
1”നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ് ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും 2അങ്ങനെ ആ അടയാളമോ അത്ഭുതമോ അറിയിച്ചതുപോലെതന്നെ സംഭവിക്കുകയും, തുടർന്ന് ആ പ്രവാചകൻ, “നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കുക” എന്നു പറഞ്ഞാൽ 3ആ പ്രവാചകൻ്റെയോ സ്വപ്നക്കാരൻ്റെയോ വാക്ക് നീ കേട്ടനുസരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന് യഹോവ നിങ്ങളെ പരീക്ഷിക്കുകയാകുന്നു. 4നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ച് ഭയപ്പെടുകയും, അവന്‍റെ കല്പന പ്രമാണിച്ച് അവന്‍റെ വാക്ക് കേൾക്കുകയും അവനെ സേവിച്ച് അവനോട് ചേർന്നിരിക്കുകയും വേണം. 5ആ പ്രവാചകനോ സ്വപ്നക്കാരനോ, മിസ്രയീം ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്ന് വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിരോധമായി ദ്രോഹം സംസാരിച്ച്, നിന്‍റെ ദൈവമായ യഹോവ നീ നടക്കുവാൻ കല്പിച്ച വഴിയിൽനിന്ന് നിന്നെ തെറ്റിക്കുവാൻ നോക്കിയതുകൊണ്ട് അവനെ കൊല്ലേണം; അങ്ങനെ നിന്‍റെ മദ്ധ്യത്തിൽനിന്ന് ദോഷം നീക്കിക്കളയേണം.
6”നീയോ നിന്‍റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കുക എന്നു നിന്‍റെ അമ്മയുടെ മകനായ നിന്‍റെ സഹോദരനോ, നിന്‍റെ മകനോ മകളോ, നിന്‍റെ മാർവ്വിടത്തിലുള്ള ഭാര്യയോ, നിന്‍റെ പ്രാണസ്നേഹിതനോ, രഹസ്യമായി പറഞ്ഞ് നിന്നെ വശീകരിക്കുവാൻ നോക്കിയാൽ 7ദേശത്തിന്‍റെ ഒരു അറ്റം മുതൽ മറ്റേഅറ്റം വരെ, സമീപത്തോ ദൂരത്തോ, നിങ്ങളുടെ ചുറ്റും ഉള്ള ജനതകളുടെ ദേവന്മാരിൽവച്ച് 8അതിനോട് യോജിക്കുകയോ അവരുടെ വാക്ക് കേൾക്കുകയോ ചെയ്യരുത്; അവരോട് കനിവ് തോന്നുകയോ, ക്ഷമിച്ച് അവരെ ഒളിപ്പിക്കുകയോ ചെയ്യാതെ, കൊന്നുകളയേണം. 9അവരെ കൊല്ലേണ്ടതിന് ആദ്യം നിന്‍റെ കയ്യും പിന്നെ സർവ്വജനത്തിൻ്റെ കയ്യും അവന്‍റെമേൽ വെക്കേണം. 10അടിമവീടായ മിസ്രയീം ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്‍റെ ദൈവമായ യഹോവയോട് നിന്നെ അകറ്റിക്കളയുവാൻ അവൻ അന്വേഷിച്ചതുകൊണ്ട് അവനെ കല്ലെറിഞ്ഞ് കൊല്ലേണം. 11മേലാൽ നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാൻ യിസ്രായേലെല്ലാം ഈ വർത്തമാനം കേട്ടു ഭയപ്പെടേണം.
12”നിന്‍റെ ദൈവമായ യഹോവ നിനക്കു പാർപ്പാൻ തന്നിട്ടുള്ള ഏതെങ്കിലും ഒരു പട്ടണത്തെക്കുറിച്ച് 13നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിയ്ക്കണമെന്ന് പറയുന്ന നീചന്മാർ#13:13 നീചന്മാർ ബെലിയാല്‍ നിങ്ങളുടെ ഇടയിൽനിന്ന് പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്നു കേട്ടാൽ 14നീ നല്ലവണ്ണം അന്വേഷിക്കുകയും പരിശോധിക്കയും ചോദ്യം ചെയ്യുകയും വേണം. അങ്ങനെയുള്ള മ്ലേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കിൽ 15നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്‍റെ വായ്ത്തലയാൽ കൊന്ന് അതും, അതിലുള്ളത് ഒക്കെയും, അതിലെ മൃഗങ്ങളെയും വാളിന്‍റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം. 16അതിലെ കൊള്ളമുതൽ വീഥിയുടെ നടുവിൽ കൂട്ടിയിട്ട് ആ പട്ടണവും അതിലെ കൊള്ളയും അശേഷം നിന്‍റെ ദൈവമായ യഹോവയ്ക്കായി തീയിട്ട് ചുട്ടുകളയേണം; ആ പട്ടണം എന്നും പാഴ്ക്കുന്നായിരിക്കേണം; അതിനെ പിന്നെ പണിയുകയുമരുത്. 17യഹോവ തന്‍റെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് നിന്നോട് കരുണയും കനിവും കാണിക്കേണ്ടതിനും നിന്‍റെ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെ നിന്നെ വർദ്ധിപ്പിക്കേണ്ടതിനും ശപഥാർപ്പിതമായ യാതൊന്നും നിന്‍റെ കയ്യിൽ പറ്റിയിരിക്കരുത്.
18”നിന്‍റെ ദൈവമായ യഹോവയുടെ വാക്കുകേട്ട് ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്‍റെ സകല കല്പനകളും പ്രമാണിച്ച് നിന്‍റെ ദൈവമായ യഹോവക്ക് ഹിതകരമായത് ചെയ്യുക.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആവർ. 13: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.