ആവർ. 31
31
യോശുവ മോശെയുടെ പിൻഗാമി
1മോശെ യിസ്രായേൽ ജനത്തിന്‍റെ അടുക്കൽ ചെന്നു ഈ വചനങ്ങൾ എല്ലാം കേൾപ്പിച്ചു. 2പിന്നെ അവരോടു പറഞ്ഞത്: “എനിക്ക് ഇപ്പോൾ നൂറ്റിയിരുപത് വയസ്സായി; യാത്ര ചെയ്യാനും കാര്യാദികൾ നടത്തുവാനും എനിക്ക് കഴിവില്ല; യഹോവ എന്നോട്, നീ യോർദ്ദാൻ നദി കടക്കുകയില്ല, എന്നു കല്പിച്ചിട്ടും ഉണ്ട്. 3നിന്‍റെ ദൈവമായ യഹോവ തന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജനതകളെ അവൻ നിന്‍റെ മുമ്പിൽനിന്നു നശിപ്പിക്കുകയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായിരിക്കും. 4താൻ സംഹരിച്ചുകളഞ്ഞ അമോര്യരാജാക്കന്മാരായ സീഹോനോടും ഓഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും. 5യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; ഞാൻ നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരം നിങ്ങൾ അവരോടു ചെയ്യേണം. 6ഉറപ്പും ധൈര്യവുമുള്ളവരായിരിക്കുവിൻ; അവരെ പേടിക്കരുത്, ഭ്രമിക്കയുമരുത്; നിന്‍റെ ദൈവമായ യഹോവ തന്നെ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല.”
7പിന്നെ മോശെ യോശുവയെ വിളിച്ച് എല്ലാ യിസ്രായേലും കാൺകെ അവനോട് പറഞ്ഞത്: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക; യഹോവ ഈ ജനത്തിന് കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് നീ അവരോടുകൂടെ ചെല്ലും; അതിനെ അവർക്ക് വിഭാഗിച്ചുകൊടുക്കും. 8യഹോവ തന്നെ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോട് കൂടി ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയും ഇല്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുത്.”
ന്യായപ്രമാണം പരസ്യമായി വായിക്കുക
9അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്‍റെ എല്ലാ മൂപ്പന്മാരെയും ഏല്പിച്ചു. 10മോശെ അവരോട് കല്പിച്ചതെന്തെന്നാൽ: “ഏഴു വര്‍ഷം കൂടുമ്പോൾ ഉള്ള വിമോചനവർഷത്തിലെ കൂടാരപ്പെരുനാളിൽ 11യിസ്രായേൽ മുഴുവനും നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അവൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വരുമ്പോൾ ഈ ന്യായപ്രമാണം എല്ലാവരും കേൾക്കത്തക്കവണ്ണം അവരുടെ മുമ്പിൽ വായിക്കേണം. 12പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്‍റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ച് ദൈവമായ യഹോവയെ ഭയപ്പെട്ട് ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ എല്ലാം പ്രമാണിച്ചു നടക്കേണം 13അവ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ കേൾക്കുന്നതിനും നിങ്ങൾ യോർദ്ദാൻ കടന്ന് കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് ആയുഷ്കാലം മുഴുവനും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിനും ജനത്തെ വിളിച്ചുകൂട്ടണം.”
യിസ്രായേലിൻ്റെ മത്സരം പ്രവചിക്കുന്നു
14അനന്തരം യഹോവ മോശെയോട്: “നീ മരിക്കുവാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവക്ക് കല്പന കൊടുക്കണ്ടതിന് അവനെയും കൂട്ടി നിങ്ങൾ ഇരുവരും സമാഗമനകൂടാരത്തിനു സമീപം വന്നു നില്ക്കുവിന്‍” എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനകൂടാരത്തിനടുത്ത് നിന്നു. 15അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന് മീതെ നിന്നു.
16യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: “നീ നിന്‍റെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാർപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിൻചെന്ന് പരസംഗം ചെയ്യുകയും, എന്നെ ഉപേക്ഷിച്ച് ഞാൻ അവരോടു ചെയ്തിട്ടുള്ള എന്‍റെ നിയമം ലംഘിക്കുകയും ചെയ്യും. 17എന്‍റെ കോപം അവരുടെ നേരെ ജ്വലിച്ച് ഞാൻ അവരെ ഉപേക്ഷിക്കുകയും എന്‍റെ മുഖം അവർക്ക് മറയ്ക്കുകയും ചെയ്യും; അവർ നാശത്തിനിരയായിത്തീരും; നിരവധി അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്ക് ഭവിക്കും; ‘നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലാത്തതുകൊണ്ടല്ലേ ഈ അനർത്ഥങ്ങൾ നമുക്കു ഭവിച്ചത്’ എന്നു അവർ അന്നു പറയും. 18എങ്കിലും അന്യദൈവങ്ങളുടെ അടുക്കലേക്ക് തിരിഞ്ഞ് അവർ ചെയ്തിട്ടുള്ള സകലദോഷവും നിമിത്തം ഞാൻ അന്നു എന്‍റെ മുഖം മറച്ചുകളയും.
19ആകയാൽ ഈ പാട്ടെഴുതി യിസ്രായേൽ മക്കളെ പഠിപ്പിക്കുക; യിസ്രായേൽ മക്കളുടെ നേരെ ഈ പാട്ട് എനിക്ക് സാക്ഷിയായിരിക്കേണ്ടതിന് അത് അവർക്ക് മനപാഠമാക്കിക്കൊടുക്കുക. 20ഞാൻ അവരുടെ പൂര്‍വ്വ പിതാക്കന്മാരോട് സത്യംചെയ്ത പാലും തേനും#31:20 പാലും തേനും ഫലഭൂയിഷ്ടമായ ഒഴുകുന്ന ദേശത്ത് അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി പുഷ്ടിവച്ചിരിക്കുമ്പോൾ, അന്യദൈവങ്ങളുടെ അടുക്കലേക്ക് തിരിഞ്ഞ് അവയെ സേവിക്കുകയും എന്‍റെ നിയമം ലംഘിച്ച് എന്നെ പ്രകോപിപ്പിക്കുകയും ചെയ്യും. 21എന്നാൽ നിരവധി അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്ക് ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്ന് മറന്നുപോകാത്ത ഈ പാട്ട് അവരുടെ നേരെ സാക്ഷ്യം പറയും; ഞാൻ സത്യംചെയ്ത ദേശത്ത് അവരെ എത്തിക്കുന്നതിന് മുമ്പ്, ഇന്ന് തന്നെ അവരുടെ നിരൂപണങ്ങൾ ഞാൻ അറിയുന്നു.”
22ആകയാൽ മോശെ അന്നു തന്നെ ഈ പാട്ടെഴുതി യിസ്രായേൽ മക്കളെ പഠിപ്പിച്ചു. 23പിന്നെ അവൻ നൂന്‍റെ മകനായ യോശുവയോട്: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക; ഞാൻ യിസ്രായേൽ മക്കളോട് സത്യംചെയ്ത ദേശത്ത് നീ അവരെ എത്തിക്കും; ഞാൻ നിന്നോടുകൂടെ ഇരിക്കും” എന്നരുളിച്ചെയ്തു.
24മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീർന്നപ്പോൾ 25യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോട് കല്പിച്ചതെന്ത്: 26“ഈ ന്യായപ്രമാണപുസ്തകം എടുത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമ പെട്ടകത്തിനരികിൽ വയ്ക്കുവിൻ; അവിടെ അത് നിന്‍റെനേരെ സാക്ഷിയായിരിക്കും. 27നിന്‍റെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്കറിയാം; ഇതാ, ഇന്ന് ഞാൻ നിങ്ങളോടുകൂടെ, ജീവനോടിരിക്കുമ്പോൾ തന്നെ, നിങ്ങൾ യഹോവയോട് മത്സരികളായിരിക്കുന്നുവല്ലോ? എന്‍റെ മരണശേഷം എത്ര അധികം? 28നിങ്ങളുടെ ഗോത്രങ്ങളിലെ എല്ലാ മൂപ്പന്മാരെയും പ്രമാണികളെയും എന്‍റെ അടുക്കൽ വിളിച്ചുകൂട്ടുവീൻ; അപ്പോൾ ഞാൻ ഈ വചനങ്ങൾ അവരെ പറഞ്ഞു കേൾപ്പിച്ച് അവരുടെ നേരെ ആകാശത്തെയും ഭൂമിയെയും സാക്ഷിയാക്കും. 29എന്‍റെ മരണശേഷം നിങ്ങൾ വഷളത്തം പ്രവർത്തിക്കും എന്നും ഞാൻ നിങ്ങളോട് ആജ്ഞാപിച്ച വഴി വിട്ടു മാറിപ്പോകും എന്നും എനിക്കറിയാം; അങ്ങനെ നിങ്ങൾ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു നിങ്ങളുടെ പ്രവൃത്തികളാൽ അവനെ പ്രകോപിപ്പിക്കുന്നതുകൊണ്ട് ഭാവികാലത്ത് നിങ്ങൾക്ക് അനർത്ഥം ഭവിക്കും.”
മോശെയുടെ ഗീതം
30അങ്ങനെ മോശെ യിസ്രായേലിന്‍റെ സർവ്വസഭയെയും ഈ പാട്ടിൻ്റെ വചനങ്ങളെല്ലാം ചൊല്ലിക്കേൾപ്പിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആവർ. 31: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.