ആവർ. 4
4
അനുസരണം പാലിക്കുക
1ഇപ്പോൾ യിസ്രായേലേ, നിങ്ങൾ ജീവിച്ചിരിക്കുവാനും നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്ക് തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിന് ഞാൻ നിങ്ങളോട് ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേൾക്കുവിൻ. 2ഞാൻ നിങ്ങളോട് കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോട് കല്പിക്കുന്ന വചനത്തോട് കൂട്ടുകയോ അതിൽനിന്ന് ഒന്നും കുറയ്ക്കുകയോ ചെയ്യരുത്.
3ബാൽ-പെയോരിൽ യഹോവ ചെയ്തത് നിങ്ങൾ കണ്ണുകൊണ്ട് കണ്ടിരിക്കുന്നു. ബാൽ-പെയോരിനെ പിന്തുടർന്നവരെ സംമ്പൂർണ്ണമായി ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്ന് നശിപ്പിച്ചുകളഞ്ഞുവല്ലോ. 4എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോട് പറ്റിച്ചേർന്നിരുന്ന നിങ്ങൾ എല്ലാവരും ഇന്ന് ജീവനോടിരിക്കുന്നു.
5നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത്, നിങ്ങൾ അനുസരിച്ച് നടപ്പാനായി എന്‍റെ, ദൈവമായ യഹോവ എന്നോട് കല്പിച്ചതുപോലെ ഞാൻ നിങ്ങളോട് ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു. 6അവ പ്രമാണിച്ച് നടക്കുവിൻ; ഇത് തന്നെയല്ലോ ചുറ്റുമുള്ള ജനതകളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകൾ കേട്ടിട്ടു, ‘ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നെ’ എന്നു പറയും. 7നാം നമ്മുടെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമ്മോട് അടുത്തിരിക്കുന്നു. ഇതുപോലെ ദൈവം അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു? 8ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന സകല ന്യായപ്രമാണവും പോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു?
9കണ്ണുകൊണ്ട് കണ്ട കാര്യങ്ങൾ നീ മറക്കാതെയും നിന്‍റെ ആയുഷ്കാലത്ത് ഒരിക്കലും അവ നിന്‍റെ മനസ്സിൽനിന്ന് വിട്ടുപോകാതെയും ഇരിക്കുവാൻ സൂക്ഷിച്ചു നിന്നെത്തന്നെ ജാഗ്രതയോടെ കാത്തുകൊള്ളുക; നിന്‍റെ മക്കളോടും മക്കളുടെ മക്കളോടും അവ ഉപദേശിക്കേണം. 10വിശേഷാൽ ഹോരേബിൽ നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസം സംഭവിച്ച കാര്യം മറക്കരുത്. അന്നു യഹോവ എന്നോട്: “ജനത്തെ എന്‍റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്‍റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലമെല്ലാം എന്നെ ഭയപ്പെടുവാൻ പഠിക്കുകയും അവരുടെ മക്കളെ പഠിപ്പിക്കുകയും വേണം” എന്നു കല്പിച്ചുവല്ലോ.
11അങ്ങനെ നിങ്ങൾ അടുത്തുവന്ന് പർവ്വതത്തിന്‍റെ താഴ്വരയിൽ നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കുമ്പോൾ പർവ്വതത്തിൽ ആകാശമദ്ധ്യത്തോളം തീ ആളിക്കത്തിക്കൊണ്ടിരുന്നു. 12യഹോവ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല. 13നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിന് അവൻ നിങ്ങളോട് കല്പിച്ച തന്‍റെ നിയമമായ പത്തു കല്പനകൾ അവൻ നിങ്ങളെ അറിയിക്കുകയും രണ്ടു കല്പലകകളിൽ എഴുതുകയും ചെയ്തു. 14നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് അനുസരിച്ച് നടക്കേണ്ട ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കണമെന്ന് യഹോവ അക്കാലത്ത് എന്നോട് കല്പിച്ചു.
വിഗ്രഹാരാധനയ്ക്കെതിരേ മുന്നറിയിപ്പ്
15”നിങ്ങൾ നന്നായി സൂക്ഷിച്ചുകൊള്ളുവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ. 16അതുകൊണ്ട് നിങ്ങൾ ആണിൻ്റെയോ പെണ്ണിൻ്റെയോ സാദൃശ്യമോ, 17ഭൂമിയിലുള്ള യാതൊരു മൃഗത്തിന്‍റെ സാദൃശ്യമോ, ആകാശത്ത് പറക്കുന്ന യാതൊരു പക്ഷിയുടെ സാദൃശ്യമോ, 18ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെ സാദൃശ്യമോ, ഭൂമിക്ക് കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്‍റെ സാദൃശ്യമോ, ഇങ്ങനെ യാതൊന്നിൻ്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്തം പ്രവർത്തിക്കരുത്. 19ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ അവയെ നമസ്കരിക്കുവാനും സേവിക്കുവാനും നീ വശീകരിക്കപ്പെടരുത്; അവയെ നിന്‍റെ ദൈവമായ യഹോവ ആകാശത്തിന്‍റെ കീഴിലുള്ള സർവ്വജാതികൾക്കും പങ്കിട്ട് കൊടുത്തിരിക്കുന്നു. 20നിങ്ങളെയോ തനിക്കു അവകാശജനമായിരിക്കേണ്ടതിന് യഹോവ തിരഞ്ഞെടുത്ത് മിസ്രയീം എന്ന ഇരിമ്പുരുക്കുന്ന ഉലയിൽ നിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്നിരിക്കുന്നു.
21”എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോട് കോപിച്ചു; ഞാൻ യോർദ്ദാൻ കടക്കുകയില്ലെന്നും നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന നല്ല ദേശത്ത് ഞാൻ ചെല്ലുകയില്ലെന്നും സത്യംചെയ്തു. 22ആകയാൽ ഞാൻ യോർദ്ദാൻ കടക്കാതെ ഈ ദേശത്തുവെച്ച് മരിക്കും; നിങ്ങൾ ചെന്നു ആ നല്ലദേശം കൈവശമാക്കും. 23നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്ത അവന്‍റെ നിയമം നിങ്ങൾ മറന്ന് യഹോവ നിരോധിച്ച യാതൊന്നിൻ്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ. 24നിന്‍റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷ്ണതയുള്ള ദൈവം തന്നെ.
25”നിനക്കു മക്കളും മക്കളുടെ മക്കളും ജനിച്ച് ദേശത്ത് ഏറെനാൾ വസിച്ച് നിങ്ങളുടെ ഹൃദയം വഷളായിത്തീർന്ന് വല്ലതിൻ്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കി നിന്‍റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു അവിടുത്തെ കോപിപ്പിച്ചാൽ 26നിങ്ങൾ കൈവശമാക്കുവാൻ യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്തുനിന്ന് നിങ്ങൾ വേഗത്തിൽ നശിച്ചുപോകുമെന്ന് ഞാൻ ഇന്ന് ആകാശത്തെയും ഭൂമിയെയും നിങ്ങൾക്ക് വിരോധമായി സാക്ഷിനിർത്തി പറയുന്നു; നിങ്ങൾ അവിടെ ദീർഘായുസ്സോടിരിക്കാതെ നിർമ്മൂലമായിപ്പോകും. 27യഹോവ നിങ്ങളെ ജനതകളുടെ ഇടയിൽ ചിതറിക്കും; യഹോവ നിങ്ങളെ കൊണ്ടുപോയി താമസിപ്പിക്കുന്ന ജനതകളുടെ ഇടയിൽ നിങ്ങൾ ചുരുക്കംപേരായി ശേഷിക്കും. 28കാണുവാനും കേൾക്കുവാനും ഭക്ഷിക്കുവാനും മണക്കുവാനും പ്രാപ്തിയില്ലാത്ത, മരവും കല്ലുംകൊണ്ടുള്ളതും മനുഷ്യരുടെ കൈപ്പണി ആയതുമായ ദേവന്മാരെ നിങ്ങൾ അവിടെ സേവിക്കും. 29എങ്കിലും അവിടെവെച്ച് നിന്‍റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി അന്വേഷിച്ചാൽ അവനെ കണ്ടെത്തും.
30”നീ ക്ലേശത്തിലാകുകയും ഇവ എല്ലാം നിന്‍റെമേൽ വരുകയും ചെയ്യുമ്പോൾ നീ ഭാവികാലത്ത് നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്ക് തിരിഞ്ഞ് അവന്‍റെ വാക്ക് അനുസരിക്കും. 31നിന്‍റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലയോ; അവൻ നിന്നെ ഉപേക്ഷിക്കുകയില്ല, നശിപ്പിക്കുകയില്ല, നിന്‍റെ പിതാക്കന്മാരോട് സത്യംചെയ്ത തന്‍റെ നിയമം മറക്കുകയും ഇല്ല.
യഹോവ ആകുന്നു ദൈവം
32”ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ച നാൾമുതൽ പൂർവ്വകാലത്ത് ആകാശത്തിന്‍റെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ എവിടെയെങ്കിലും ഇങ്ങനെയുള്ള മഹാകാര്യം നടന്നിട്ടുണ്ടോ, കേട്ടിട്ടുണ്ടോ എന്നു നീ അന്വേഷിക്കുക. 33ഏതെങ്കിലും ജനത നീ കേട്ടതുപോലെ തീയുടെ നടുവിൽനിന്ന് സംസാരിക്കുന്ന ദൈവത്തിന്‍റെ ശബ്ദം കേൾക്കുകയും ജീവനോടിരിക്കുകയും ചെയ്തിട്ടുണ്ടോ? 34അല്ലെങ്കിൽ നിന്‍റെ ദൈവമായ യഹോവ മിസ്രയീമിൽവെച്ച് നീ കാൺകെ നിനക്കുവേണ്ടി ചെയ്ത പരീക്ഷകൾ, അടയാളങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, ഭയങ്കരപ്രവൃത്തികൾ എന്നിവയാൽ ഏതെങ്കിലും ഒരു ജനതയെ മറ്റൊരു ജനതയുടെ നടുവിൽനിന്ന് തനിക്കായി വേർതിരിക്കാൻ ശ്രമിച്ചിട്ടുണ്ടോ?
35”നിനക്കോ ഇതു കാണുവാൻ സംഗതിവന്നു; യഹോവ തന്നെ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന് തന്നെ. 36അവൻ നിനക്കു ബുദ്ധി ഉപദേശിക്കേണ്ടതിന് ആകാശത്തുനിന്നു തന്‍റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്‍റെ മഹത്തായ അഗ്നി നിന്നെ കാണിച്ചു; നീ അവന്‍റെ വചനവും അഗ്നിയുടെ നടുവിൽനിന്ന് കേട്ടു. 37നിന്‍റെ പിതാക്കന്മാരെ സ്നേഹിച്ചതുകൊണ്ട് അവൻ അവരുടെ സന്തതിയെ തിരഞ്ഞെടുത്തു. 38നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജനതകളെ നിന്‍റെ മുമ്പിൽനിന്ന് നീക്കിക്കളയുവാനും ഇന്നുള്ളതുപോലെ അവരുടെ ദേശം നിനക്കു അവകാശമായി തരേണ്ടതിന് നിന്നെ അവിടെ കൊണ്ടുപോകുവാനും തന്‍റെ സാന്നിദ്ധ്യവും മഹാശക്തിയും കൊണ്ടു മിസ്രയീമിൽ നിന്ന് നിന്നെ പുറപ്പെടുവിച്ചു. 39ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നെ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്ന് അറിഞ്ഞ് മനസ്സിൽ വച്ചുകൊള്ളുക. 40നിനക്കും നിന്‍റെ മക്കൾക്കും നന്നായിരിക്കേണ്ടതിനും നിന്‍റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നല്കുന്ന ദേശത്ത് നീ ദീർഘായുസ്സോടു കൂടി ഇരിക്കേണ്ടതിനും ഞാൻ ഇന്ന് നിന്നോട് കല്പിക്കുന്ന അവന്‍റെ ചട്ടങ്ങളും കല്പനകളും പ്രമാണിക്കുക.”
സങ്കേതനഗരങ്ങൾ
41അക്കാലത്ത് മോശെ യോർദ്ദാന് അക്കരെ കിഴക്കുഭാഗത്തായി മൂന്നു പട്ടണങ്ങൾ വേർതിരിച്ചു. 42പൂർവ്വ വിദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിക്കയറി അവിടെ ജീവിച്ചിരിക്കേണ്ടതിന് തന്നെ. 43അങ്ങനെ മരുഭൂമിയിൽ മലനാട്ടിലുള്ള ബേസെർ രൂബേന്യർക്കും, ഗിലെയാദിലെ രാമോത്ത് ഗാദ്യർക്കും, ബാശാനിലെ ഗോലാൻ മനശ്ശെയർക്കും നിശ്ചയിച്ചു.
44മോശെ യിസ്രായേൽ മക്കളുടെ മുമ്പിൽ വച്ച ന്യായപ്രമാണം ഇത് തന്നെ. 45യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് പുറപ്പെട്ടശേഷം മോശെ യോർദ്ദാന് അക്കരെ ഹെശ്ബോനിൽ വസിച്ചിരുന്ന അമോര്യ രാജാവായ സീഹോന്‍റെ ദേശത്ത്, ബേത്ത്--പെയോരിന് എതിരെയുള്ള താഴ്വരയിൽവച്ച്, അവരോട് പറഞ്ഞ സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു. 46മോശെയും യിസ്രായേൽമക്കളും മിസ്രയീമിൽ നിന്ന് പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു. 47അവന്‍റെ ദേശവും ബാശാൻരാജാവായ ഓഗിന്‍റെ ദേശവുമായി 48അർന്നോൻതാഴ്വരയുടെ അറ്റത്തുള്ള അരോവേർ മുതൽ ഹെർമ്മോൻ എന്ന സീയോൻപർവ്വതംവരെയും 49യോർദ്ദാന് അക്കരെ കിഴക്ക് പിസ്ഗയുടെ ചരിവിന് താഴെ അരാബായിലെ കടൽവരെയുള്ള താഴ്വര ഒക്കെയും, ഇങ്ങനെ യോർദ്ദാനക്കരെ കിഴക്കുള്ള രണ്ടു അമോര്യ രാജാക്കന്മാരുടേയും ദേശം കൈവശമാക്കി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആവർ. 4: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.