സഭാ. 10
10
1ചത്ത ഈച്ച തൈലക്കാരന്‍റെ തൈലത്തെ ദുർഗന്ധപൂരിതമാക്കുന്നു;
അതുപോലെ അല്പം ഭോഷത്തം ജ്ഞാനവും മാനവും ഉള്ള വ്യക്തിക്ക് അധികം ദോഷം ചെയ്യുന്നു.
2ജ്ഞാനിയുടെ ബുദ്ധി വലത്തുഭാഗത്തേക്കും
മൂഢന്‍റെ ബുദ്ധി ഇടത്തുഭാഗത്തേക്കും ചായുന്നു.
3ഭോഷൻ നടക്കുന്ന വഴിയിൽ അവന്‍റെ ബുദ്ധി ക്ഷയിച്ചുപോകുന്നു;
താൻ ഭോഷൻ എന്നു എല്ലാവർക്കും വെളിവാക്കും.
4അധിപതിയുടെ കോപം നിന്‍റെനേരെ പൊങ്ങുന്നു എങ്കിൽ
നീ നിന്‍റെ സ്ഥലം വിട്ടുമാറരുത്; മിണ്ടാതിരുന്നാല്‍#10:4 മിണ്ടാതിരുന്നാല്‍ നീ സമര്‍പ്പിക്കുമ്പോള്‍ മഹാപാതകങ്ങൾ ഒഴിവാക്കാൻ കാരണമാകും.
5അധിപതിയുടെ പക്കൽനിന്ന് പുറപ്പെടുന്ന തെറ്റുപോലെ ഞാൻ സൂര്യനുകീഴിൽ ഒരു തിന്മ കണ്ടു; 6മൂഢന്മാർ ശ്രേഷ്ഠപദവിയിൽ എത്തുകയും ധനവാന്മാർ താണ പദവിയിൽ ഇരിക്കുകയും ചെയ്യുന്നതു തന്നെ. 7ദാസന്മാർ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ ദാസന്മാരെപ്പോലെ കാൽനടയായി നടക്കുന്നതും ഞാൻ കണ്ടു.
8കുഴി കുഴിക്കുന്നവൻ അതിൽ വീഴും;
മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും.
9കല്ല് വെട്ടുന്നവന് അതുകൊണ്ട് മുറിവുണ്ടാകാം.
വിറകു കീറുന്നവന് അതിനാൽ ആപത്തും വരാം.
10ഇരിമ്പായുധത്തിന്‍റെ വായ്ത്തല തേക്കാതിരുന്നാൽ
മൂർച്ച ഇല്ലാത്തതുകൊണ്ട് അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും;
എന്നാൽ ജ്ഞാനമോ കാര്യസിദ്ധിക്ക് ഉതകുന്നു.
11മന്ത്രപ്രയോഗം ചെയ്യും മുമ്പ് പാമ്പ് കടിച്ചാൽ
മന്ത്രവാദിയെ വിളിച്ചതുകൊണ്ട് പ്രയോജനമില്ല.
12ജ്ഞാനിയുടെ വായിലെ വാക്ക് ലാവണ്യമുള്ളത്;
മൂഢന്‍റെ അധരമോ അവനെ നശിപ്പിക്കും.
13അവന്‍റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്തവും
അവന്‍റെ സംസാരത്തിന്‍റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നെ.
14ഭോഷൻ വാക്കുകൾ വർദ്ധിപ്പിക്കുന്നു;
സംഭവിക്കുവാനിരിക്കുന്നത് മനുഷ്യൻ അറിയുന്നില്ല;
അവന്‍റെ ശേഷം ഉണ്ടാകുവാനുള്ളത് ആര്‍ അവനെ അറിയിക്കും?
15പട്ടണത്തിലേക്ക് പോകുന്ന വഴി അറിയാത്ത മൂഢന്മാർ
അവരുടെ പ്രയത്നത്തിൽ ക്ഷീണിച്ചുപോകുന്നു.
16ബാലനായ#10:16 ബാലനായ ദാസനായ രാജാവും
അതികാലത്ത് വിരുന്നു കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!
17കുലീനപുത്രനായ രാജാവും ലഹരിപിടിക്കുവാനല്ല,
ബലത്തിനു വേണ്ടി മാത്രം തക്കസമയത്ത് ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം!
18മടികൊണ്ട് മേല്പുര വീണുപോകുന്നു;
കൈകളുടെ അലസതകൊണ്ട് വീടു ചോരുന്നു.
19സന്തോഷത്തിനു വേണ്ടി വിരുന്നു കഴിക്കുന്നു;
വീഞ്ഞ് ഹൃദയത്തെ ആനന്ദിപ്പിക്കുന്നു;
ദ്രവ്യമോ സകലത്തിനും ഉതകുന്നു.
20നിന്‍റെ മനസ്സിൽപോലും രാജാവിനെ ശപിക്കരുത്;
നിന്‍റെ ശയനമുറിയിൽ വച്ചുപോലും ധനവാനെ ശപിക്കരുത്;
ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുകയും
പറവജാതി ആ കാര്യം പ്രസിദ്ധമാക്കുകയും ചെയ്തേക്കാം.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സഭാ. 10: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.