എസ്ഥേ. 4
4
മൊർദ്ദെഖായി എസ്ഥേറിന്‍റെ സഹായം അഭ്യർത്ഥിക്കുന്നു
1സംഭവിച്ചതെല്ലാം അറിഞ്ഞപ്പോൾ മൊർദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീർ വാരി ഇട്ടുകൊണ്ട് പട്ടണത്തിന്‍റെ നടുവിൽ ചെന്നു വളരെ വേദനയോടെ അത്യുച്ചത്തിൽ നിലവിളിച്ചു. 2അവൻ രാജാവിന്‍റെ പടിവാതിൽ വരെ വന്നു. എന്നാൽ രട്ടുടുത്തുകൊണ്ട് ആർക്കും രാജാവിന്‍റെ പടിവാതിലിനകത്ത് പ്രവേശിക്കുവാൻ സാധ്യമല്ലായിരുന്നു. 3രാജാവിന്‍റെ കല്പനയും വിളംബരവും ചെന്ന ഓരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയിൽ മഹാദുഃഖവും ഉപവാസവും കരച്ചിലും വിലാപവും ഉണ്ടായി. പലരും രട്ടുടുത്ത് വെണ്ണീറിൽ കിടന്നു.
4എസ്ഥേറിന്‍റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും വന്ന് അത് രാജ്ഞിയെ അറിയിച്ചപ്പോൾ അവൾ അത്യന്തം വ്യസനിച്ച് മൊർദ്ദെഖായിയുടെ രട്ട് നീക്കി അവനെ ഉടുപ്പിക്കേണ്ടതിന് അവന് വസ്ത്രം കൊടുത്തയച്ചു. എന്നാൽ അവൻ വാങ്ങിയില്ല. 5അപ്പോൾ എസ്ഥേർ തന്‍റെ ശുശ്രൂഷയ്ക്ക് രാജാവ് നിയമിച്ചിരുന്ന ഷണ്ഡന്മാരിൽ ഒരുവനായ ഹഥാക്കിനെ വിളിച്ചു, ഈ സംഭവിച്ചതെല്ലാം എന്തെന്നും അതിന്‍റെ കാരണം എന്തെന്നും അറിയേണ്ടതിന് മൊർദ്ദെഖായിയിയുടെ അടുക്കൽ പോയിവരുവാൻ അവന് കല്പന കൊടുത്തു. 6അങ്ങനെ ഹഥാക്ക് രാജാവിന്‍റെ പടിവാതിലിന് മുമ്പിൽ പട്ടണത്തിന്‍റെ വിശാലസ്ഥലത്ത് മൊർദ്ദെഖായിയുടെ അടുക്കൽ ചെന്നു.
7മൊർദ്ദെഖായി തനിക്കു സംഭവിച്ചതും യെഹൂദന്മാരെ നശിപ്പിക്കുവാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്ക് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത പണം എത്ര എന്നും അവനോട് അറിയിച്ചു. 8അവരെ നശിപ്പിക്കേണ്ടതിന് ശൂശനിൽ പരസ്യമാക്കിയിരുന്ന കല്പനയുടെ പകർപ്പ് മൊർദെഖായി അവന്‍റെ കയ്യിൽ കൊടുത്തു. ഇത് എസ്ഥേറിനെ കാണിച്ച് വിവരം അറിയിക്കുവാനും അവൾ രാജസന്നിധിയിൽ ചെന്നു തന്‍റെ ജനത്തിന് വേണ്ടി അപേക്ഷയും യാചനയും അർപ്പിക്കേണ്ടതിന് അവളോട് ആജ്ഞാപിക്കുവാനും പറഞ്ഞു. 9അങ്ങനെ ഹഥാക്ക് ചെന്നു മൊർദ്ദെഖായിയുടെ വാക്ക് എസ്ഥേറിനെ അറിയിച്ചു.
10എസ്ഥേർ മൊർദ്ദെഖായിയോട് ചെന്നു പറയുവാൻ ഹഥാക്കിന് ഇപ്രകാരം കല്പന കൊടുത്തു: 11“ഏതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്‍റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നാൽ ജീവനോടിരിക്കേണ്ടതിന് രാജാവ് പൊൻചെങ്കോൽ അയാളുടെ നേരെ നീട്ടണം. അല്ലെങ്കിൽ അയാളെ കൊല്ലേണമെന്ന് ഒരു നിയമം ഉണ്ടെന്ന് രാജാവിന്‍റെ സകലഭൃത്യന്മാരും രാജാവിന്‍റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു. എന്നാൽ എന്നെ ഈ മുപ്പതു ദിവസത്തിനുള്ളിൽ രാജാവിന്‍റെ അടുക്കൽ ചെല്ലുവാൻ വിളിച്ചിട്ടില്ല.” 12അവർ എസ്ഥേറിന്‍റെ വാക്ക് മൊർദ്ദെഖായിയോട് അറിയിച്ചു.
13മൊർദെഖായി എസ്ഥേറിനോട് ഇപ്രകാരം മറുപടി പറയുവാൻ കല്പിച്ചു: “നീ രാജധാനിയിൽ ഇരിക്കുന്നതിനാൽ എല്ലാ യെഹൂദന്മാരിലുംവച്ച് രക്ഷപെടാമെന്ന് നീ വിചാരിക്കരുത്. 14നീ ഈ സമയത്ത് മിണ്ടാതിരുന്നാൽ യെഹൂദന്മാർക്ക് മറ്റൊരു സ്ഥലത്തുനിന്ന് ആശ്വാസവും വിടുതലും ഉണ്ടാകും. എന്നാൽ നീയും നിന്‍റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളൊരു അവസരത്തിനായിരിക്കും നീ രാജസ്ഥാനത്ത് വന്നിരിക്കുന്നതെന്ന് ആർക്കറിയാം?”
15അതിന് എസ്ഥേർ മൊർദ്ദെഖായിയോട് മറുപടി പറയുവാൻ ഇപ്രകാരം കല്പിച്ചു. 16“അങ്ങ് ചെന്നു ശൂശനിൽ ഉള്ള എല്ലാ യെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി, നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കുകയോ ചെയ്യാതെ എനിക്ക് വേണ്ടി ഉപവസിപ്പിൻ. ഞാനും എന്‍റെ ബാല്യക്കാരത്തികളും അങ്ങനെ തന്നെ ഉപവസിക്കും. പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്‍റെ അടുക്കൽ ചെല്ലും. ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ.” 17അങ്ങനെ മൊർദ്ദെഖായി ചെന്നു എസ്ഥേർ കല്പിച്ചതുപോലെ എല്ലാം ചെയ്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
എസ്ഥേ. 4: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.