പുറ. 2
2
മോശെയുടെ ജനനം
1എന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷൻ ഒരു ലേവ്യകന്യകയെ വിവാഹം കഴിച്ചു. 2അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അവൻ സൗന്ദര്യമുള്ളവൻ എന്നു കണ്ടിട്ട് അവനെ മൂന്നുമാസം ഒളിപ്പിച്ചുവച്ചു. 3അവനെ പിന്നെ ഒളിച്ചുവയ്ക്കുവാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു #2:3 ഞാങ്ങണപെട്ടകം - ഒരുതരം വലിയപുല്ല് കൊണ്ടുള്ള വലിയപെട്ടിഞാങ്ങണപ്പെട്ടകം വാങ്ങി, അതിന് പശയും #2:3 വെള്ളം പെട്ടിക്കകത്ത് പ്രവേശിക്കാതെ അതിനുള്ളിൽ ടാർ തേച്ചു കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു. 4അവനു എന്ത് സംഭവിക്കുമെന്ന് അറിയുവാൻ അവന്റെ സഹോദരി ദൂരത്ത് നിന്നു.
5അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിക്കുവാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അത് എടുത്തുകൊണ്ടുവരുവാൻ ദാസിയെ അയച്ചു. 6അവൾ അത് തുറന്നപ്പോൾ പൈതലിനെ കണ്ടു. കുട്ടി കരയുകയായിരുന്നു. അവൾക്ക് അതിനോട് അലിവുതോന്നി: “ഇത് എബ്രായരുടെ പൈതങ്ങളിൽ ഒന്നാകുന്നു” എന്നു പറഞ്ഞു.
7അവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോട്: “ഈ പൈതലിന് മുലപ്പാൽ കൊടുക്കണ്ടതിന് ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചുകൊണ്ടുവരണമോ?” എന്നു ചോദിച്ചു.
8ഫറവോന്റെ പുത്രി അവളോട്: “ചെന്നു കൊണ്ടുവരുക” എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിൻ്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.
9ഫറവോന്റെ പുത്രി അവളോട്: “നീ ഈ പൈതലിനെ കൊണ്ടുപോയി മുലപ്പാൽ കൊടുത്തു വളർത്തേണം; ഞാൻ നിനക്കു ശമ്പളം തരാം” എന്നു പറഞ്ഞു. സ്ത്രീ പൈതലിനെ എടുത്തുകൊണ്ടുപോയി മുലപ്പാൽ കൊടുത്തു വളർത്തി. 10പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടു പോയി, അവൻ അവൾക്കു മകനായി: “ഞാൻ അവനെ വെള്ളത്തിൽനിന്ന് വലിച്ചെടുത്തു” എന്നു പറഞ്ഞ് അവൾ അവനു മോശെ എന്നു പേരിട്ടു.
മോശെ മിദ്യാനിലേക്ക് ഓടിപ്പോകുന്നു
11മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു അവരുടെ കഠിനവേല കണ്ടു. തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നത് കണ്ടു. 12അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ട് ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്ന് മണലിൽ മറവുചെയ്തു.
13പിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ടു എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നത് കണ്ടു, അന്യായം ചെയ്തവനോട്: “നിന്റെ കൂട്ടുകാരനെ അടിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.
14അതിന് അവൻ: “നിന്നെ ഞങ്ങൾക്ക് പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ?” എന്നു ചോദിച്ചു.
അപ്പോൾ കാര്യം പരസ്യമായിപ്പോയല്ലോ എന്നു പറഞ്ഞ് മോശെ പേടിച്ചു. 15ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു.
മോശെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്ത് ചെന്നു താമസിച്ചു; അവൻ ഒരു കിണറിനരികെ ഇരുന്നു. 16മിദ്യാനിലെ പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്ന് അപ്പന്റെ ആടുകൾക്കു കുടിക്കുവാൻ വെള്ളംകോരി തൊട്ടികൾ നിറച്ചു. 17എന്നാൽ ഇടയന്മാർ വന്ന് അവരെ ഓടിച്ചു: അപ്പോൾ മോശെ എഴുന്നേറ്റ് അവരെ സഹായിച്ച് അവരുടെ ആടുകളെ കുടിപ്പിച്ചു.
18അവർ തങ്ങളുടെ അപ്പനായ രെയൂവേലിന്റെ അടുക്കൽ വന്നപ്പോൾ: “നിങ്ങൾ ഇന്ന് ഇത്ര വേഗം വന്നത് എങ്ങനെ?” എന്നു അവൻ ചോദിച്ചു. 19“ഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കയ്യിൽനിന്ന് ഞങ്ങളെ വിടുവിച്ച്, ഞങ്ങൾക്കു വെള്ളം കോരിത്തന്ന് ആടുകളെ കുടിപ്പിച്ചു” എന്നു അവർ പറഞ്ഞു.
20അവൻ തന്റെ പുത്രിമാരോട്: “അവൻ എവിടെ? നിങ്ങൾ അവനെ അവിടെ വിട്ടേച്ചു വന്നതെന്ത്? ഭക്ഷണം കഴിക്കുവാൻ അവനെ വിളിക്കുവിൻ” എന്നു പറഞ്ഞു.
21മോശെയ്ക്ക് അവനോടുകൂടെ താമസിക്കുവാൻ സമ്മതമായി; അവൻ മോശെയ്ക്ക് തന്റെ മകൾ സിപ്പോറയെ കൊടുത്തു. 22അവൾ ഒരു മകനെ പ്രസവിച്ചു: “ഞാൻ അന്യദേശത്ത് പരദേശി ആയിരിക്കുന്നു” എന്നു പറഞ്ഞ് മോശെ അവനു ഗേർശോം എന്നു പേരിട്ടു.
23കുറെനാൾ കഴിഞ്ഞപ്പോൾ മിസ്രയീമിലെ രാജാവ് മരിച്ചു. യിസ്രായേൽ മക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി. 24ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമം ഓർത്തു. 25ദൈവം യിസ്രായേൽ മക്കളെ കടാക്ഷിച്ചു; ദൈവം അവരുടെ സാഹചര്യം അറിഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പുറ. 2: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.