പുറ. 31
31
ബെസലേലും ഒഹൊലീയാബും
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2“ഇതാ, ഞാൻ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു. 3ഞാൻ അവനെ ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ട് നിറച്ചിരിക്കുന്നു. 4അവൻ കൗശലപ്പണികൾ ചെയ്യുവാനും പൊന്ന്, വെള്ളി, താമ്രം എന്നിവകൊണ്ടുള്ള പണി ചെയ്യുവാനും 5രത്നം വെട്ടി പതിക്കുവാനും മരത്തിൽ കൊത്തുപണികൾ ചെയ്യുവാനും സകലവിധമായ ശില്പവേലകൾ ചെയ്യുവാനും ഞാൻ അവനെ വിളിച്ചിരിക്കുന്നു. 6ഞാൻ ദാൻഗോത്രത്തിൽ അഹീസാമാക്കിൻ്റെ മകനായ ഒഹൊലീയാബിനെ അവനോടുകൂടെ നിയോഗിക്കുകയും സകല ജ്ഞാനികളുടെ ഹൃദയത്തിലും ജ്ഞാനം നല്കുകയും ചെയ്തിരിക്കുന്നു. ഞാൻ നിന്നോട് കല്പിച്ചതെല്ലാം അവർ ഉണ്ടാക്കും. 7സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും അതിന്മീതെയുള്ള കൃപാസനവും കൂടാരത്തിന്റെ ഉപകരണങ്ങളെല്ലാം 8മേശയും അതിന്റെ ഉപകരണങ്ങളും തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്റെ ഉപകരണങ്ങളെല്ലാം 9ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളെല്ലം തൊട്ടിയും അതിന്റെ കാലുകളും വിശേഷവസ്ത്രങ്ങളും 10പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രങ്ങളും പുരോഹിതശുശ്രൂഷയ്ക്കായിട്ട് 11അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങളും അഭിഷേകതൈലവും വിശുദ്ധമന്ദിരത്തിനുള്ള സുഗന്ധധൂപവർഗ്ഗവും ഞാൻ നിന്നോട് കല്പിച്ചതുപോലെ ഒക്കെയും അവർ ഉണ്ടാക്കും.”
12യഹോവ പിന്നെയും മോശെയോട്: “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയേണം: നിങ്ങൾ എന്റെ ശബ്ബത്ത് ആചരിക്കേണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്നറിയേണ്ടതിന് അത് തലമുറതലമുറയായി എനിക്കും നിങ്ങൾക്കും മദ്ധ്യേ ഒരു അടയാളം ആകുന്നു. 13അതുകൊണ്ട് നിങ്ങൾ ശബ്ബത്ത് ആചരിക്കേണം; അത് നിങ്ങൾക്ക് വിശുദ്ധം ആകുന്നു. 14അതിനെ അശുദ്ധമാക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം. ആരെങ്കിലും അന്നു വേല ചെയ്താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്ന് ഛേദിച്ചുകളയേണം. 15ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം പൂർണ്ണവിശ്രമത്തിനുള്ള ശബ്ബത്താണ്; അത് യഹോവയ്ക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം. 16ആകയാൽ യിസ്രായേൽ മക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യനിയമമായി ആചരിക്കേണ്ടതിന് ശബ്ബത്തിനെ പ്രമാണിക്കേണം. 17അത് എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടാണ് യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയത്; ഏഴാം ദിവസം അവിടുന്ന് സ്വസ്ഥമായിരുന്ന് വിശ്രമിച്ചു.”
18ദൈവം സീനായി പർവ്വതത്തിൽവച്ച് മോശെയോട് അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പുറ. 31: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.