യെഹെ. 16
16
യെരൂശലേമിന്‍റെ അവിശ്വസ്തത
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: 2“മനുഷ്യപുത്രാ, നീ യെരൂശലേമിനോട് അതിന്‍റെ മ്ലേച്ഛതകളെ അറിയിച്ചു പറയേണ്ടത്: 3യഹോവയായ കർത്താവ് യെരൂശലേമിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്‍റെ ഉത്ഭവവും ജനനവും കനാൻദേശത്താകുന്നു; നിന്‍റെ അപ്പൻ അമോര്യനും അമ്മ ഹിത്യസ്ത്രീയും അത്രേ. 4നിന്‍റെ ജനനവസ്തുതയോ - ജനിച്ചനാളിൽ നിന്‍റെ പൊക്കിൾക്കൊടി മുറിച്ചിരുന്നില്ല; നിന്നെ വെള്ളത്തിൽ കുളിപ്പിച്ച് വെടിപ്പാക്കിയില്ല; ഉപ്പ് തേച്ചിരുന്നില്ല, തുണി ചുറ്റിയതുമില്ല. 5നിന്നോട് മനസ്സലിവു തോന്നിയിട്ട് ഇവയിൽ ഒന്നെങ്കിലും നിനക്കു ചെയ്തുതരുവാൻ ഒരു കണ്ണിനും നിന്നോട് കനിവുണ്ടായില്ല; നീ ജനിച്ചനാളിൽ തന്നെ അവർക്ക് നിന്നോട് വെറുപ്പുതോന്നിയതുകൊണ്ട് നിന്നെ വെളിമ്പ്രദേശത്ത് ഇട്ടുകളഞ്ഞു.
6“എന്നാൽ ഞാൻ നിന്‍റെ സമീപത്ത് കൂടി കടന്നുപോകുമ്പോൾ നീ രക്തത്തിൽ കിടന്നുരുളുന്നതു കണ്ടു നിന്നോട്: “നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്കുക” എന്നു കല്പിച്ചു; “അതേ, നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്കുക” എന്നു ഞാൻ നിന്നോട് കല്പിച്ചു. 7വയലിലെ സസ്യംപോലെ ഞാൻ നിന്നെ വർദ്ധിപ്പിച്ചു; നീ വളർന്നു വലിയവളായി അതിസൗന്ദര്യം പ്രാപിച്ചു; നിനക്കു ഉന്നതസ്തനവും ദീർഘകേശവും ഉണ്ടായി; എങ്കിലും നീ നഗ്നയും അനാവൃതയും ആയിരുന്നു.
8“ഞാൻ നിന്‍റെ അരികിൽ കൂടി കടന്ന് നിന്നെ നോക്കിയപ്പോൾ നിനക്കു പ്രേമത്തിൻ്റെ സമയമായി എന്നു മനസ്സിലാക്കി, എന്‍റെ വസ്ത്രം നിന്‍റെമേൽ വിരിച്ച് നിന്‍റെ നഗ്നത മറച്ചു; ഞാൻ നിന്നോട് സത്യവും നിയമവും ചെയ്തു നീ എനിക്കുള്ളവൾ ആയിത്തീർന്നു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.
9“പിന്നെ ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ച്, രക്തം കഴുകിക്കളഞ്ഞ് എണ്ണപൂശി. 10ഞാൻ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ച്, തഹശുതോൽകൊണ്ടുള്ള ചെരിപ്പിടുവിച്ചു; ശണപടംകൊണ്ടു ചുറ്റി പട്ട് പുതപ്പിച്ചു. 11ഞാൻ നിന്നെ ആഭരണം അണിയിച്ച് നിന്‍റെ കൈയ്ക്ക് വളയും കഴുത്തിൽ മാലയും ഇട്ടു. 12ഞാൻ നിന്‍റെ മൂക്കിനു മൂക്കുത്തിയും കാതിൽ കുണുക്കും ഇട്ടു, തലയിൽ ഭംഗിയുള്ള ഒരു കിരീടവും വച്ചു. 13ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു; നിന്‍റെ ഉടുപ്പ് ശണപടവും പട്ടും വിചിത്രവസ്ത്രവും ആയിരുന്നു; നീ നേരിയമാവും തേനും എണ്ണയും ഭക്ഷിച്ച് ഏറ്റവും സൗന്ദര്യമുള്ളവളായിത്തീർന്നു; നീ രാജത്വവും പ്രാപിച്ചു. 14ഞാൻ നിന്നെ അണിയിച്ച അലങ്കാരംകൊണ്ട് നിന്‍റെ സൗന്ദര്യം പരിപൂർണ്ണമായതിനാൽ നിന്‍റെ കീർത്തി ജനതകളുടെ ഇടയിൽ പരന്നു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
15“എന്നാൽ നീ നിന്‍റെ സൗന്ദര്യത്തിൽ ആശ്രയിച്ച്, നിന്‍റെ കീർത്തി ഹേതുവായി പരസംഗം ചെയ്തു; വഴിപോകുന്ന എല്ലാവരോടും ഒപ്പം പരസംഗം ചെയ്തു. 16നിന്‍റെ വസ്ത്രങ്ങളിൽ ചിലതു നീ എടുത്ത്, പല നിറത്തിൽ പൂജാഗിരികളെ തീർത്ത്, അലങ്കരിച്ച്, അവയുടെമേൽ പരസംഗം ചെയ്തു; ഇത് ഒരിടത്തും സംഭവിച്ചിട്ടില്ല, സംഭവിക്കുകയും ഇല്ല. 17ഞാൻ നിനക്കു തന്ന പൊന്നും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങൾ നീ എടുത്ത്, പുരുഷരൂപങ്ങൾ ഉണ്ടാക്കി അവയോടു പരസംഗം ചെയ്തു. 18നിന്‍റെ വിചിത്രവസ്ത്രങ്ങൾ നീ എടുത്ത് അവയെ പുതപ്പിച്ച്, എന്‍റെ എണ്ണയും കുന്തുരുക്കവും അവയുടെ മുമ്പിൽവച്ചു. 19ഞാൻ നിനക്കു തന്ന ആഹാരമായി, നിന്‍റെ പോഷണത്തിനുള്ള നേരിയമാവും എണ്ണയും തേനും നീ അവയുടെ മുമ്പിൽ സൗരഭ്യവാസനയായി നിവേദിച്ചു; ഇങ്ങനെയാണ് സംഭവിച്ചത്” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
20“നീ എനിക്ക് പ്രസവിച്ച നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്ത് അവയ്ക്കു ഭോജനബലിയായി അർപ്പിച്ചു. 21നിന്‍റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്‍റെ മക്കളെ അറുത്ത് അഗ്നിപ്രവേശം ചെയ്യിച്ച് അവയ്ക്കു ഏല്പിച്ചുകൊടുത്തത്? 22എന്നാൽ നിന്‍റെ സകലമ്ലേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പ് നഗ്നയും അനാവൃതയും ആയി രക്തത്തിൽ കിടന്നുരുണ്ട നിന്‍റെ യൗവനകാലം ഓർത്തില്ല.
23നിന്‍റെ ദുഷ്ടതയെല്ലാം പ്രവർത്തിച്ചശേഷം ”നിനക്കു കഷ്ടം, കഷ്ടം!” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. 24“നീ ഒരു കമാനം പണിത്, സകലവീഥിയിലും ഓരോ പൂജാഗിരി ഉണ്ടാക്കി. 25എല്ലാ വഴിത്തലക്കലും പൂജാഗിരി പണിത്, നീ നിന്‍റെ സൗന്ദര്യത്തെ വഷളാക്കി, വഴിപോകുന്ന ഏവനും നിന്‍റെ കാലുകൾ അകത്തി നിന്‍റെ പരസംഗം വർദ്ധിപ്പിച്ചു. 26മാംസപുഷ്ടിയുള്ള മിസ്രയീം നിവാസികളായ നിന്‍റെ അയല്ക്കാരോടും നീ പരസംഗം ചെയ്തു, എന്നെ കോപിപ്പിക്കേണ്ടതിന് നിന്‍റെ പരസംഗം വർദ്ധിപ്പിച്ചു. 27അതുകൊണ്ട് ഞാൻ നിന്‍റെനേരെ കൈ നീട്ടി, നിന്‍റെ നിത്യച്ചെലവു കുറച്ച്, നിന്നെ ദ്വേഷിക്കുകയും നിന്‍റെ ദുർമ്മാർഗ്ഗത്തെക്കുറിച്ചു ലജ്ജിക്കുകയും ചെയ്യുന്ന ഫെലിസ്ത്യപുത്രിമാരുടെ ഇഷ്ടത്തിനു നിന്നെ ഏല്പിച്ചു. 28നീ തൃപ്തി വരാത്തവളാകയാൽ അശ്ശൂര്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തി വന്നില്ല. 29നീ കനാൻദേശത്തും കല്ദയദേശംവരെയും നിന്‍റെ പരസംഗം വർദ്ധിപ്പിച്ചു; അതുകൊണ്ടും നിനക്കു തൃപ്തി വന്നില്ല.
30“നാണംകെട്ട വേശ്യയുടെ പ്രവൃത്തിയായിരിക്കുന്ന ഇതൊക്കെയും ചെയ്തതിൽ, നീ എല്ലാ വഴിത്തലക്കലും കമാനം പണിത്, സകലവീഥിയിലും പൂജാഗിരി ഉണ്ടാക്കിയതിൽ, 31നിന്‍റെ ഹൃദയം എത്ര വഷളത്വം പൂണ്ടിരിക്കുന്നു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്; “നീ കൂലി നിരസിക്കുന്നതുകൊണ്ട് വേശ്യയെപ്പോലെയല്ല. 32ഭർത്താവിനു പകരം അന്യന്മാരെ സ്വീകരിച്ച് വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ! 33സകലവേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്‍റെ സകലജാരന്മാർക്കും സമ്മാനം നല്കുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന് നാലുപുറത്തുനിന്നും നിന്‍റെ അടുക്കൽ വരുവാൻ അവർക്ക് കൈക്കൂലി കൊടുക്കുകയും ചെയ്യുന്നു. 34നിന്‍റെ പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വ്യത്യാസം ഉണ്ട്; നിന്‍റെ അടുക്കൽ പരസംഗത്തിന് ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയാകുന്നു ചെയ്യുന്നത്; അതിലാകുന്നു വ്യത്യാസം ഉള്ളത്.
35ആകയാൽ വേശ്യാസ്ത്രീയേ, യഹോവയുടെ വചനം കേൾക്കുക. 36യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജാരന്മാരുമായുള്ള നിന്‍റെ പരസംഗങ്ങളാൽ നിന്‍റെ പണം ചെലവഴിക്കുകയും നിന്‍റെ നഗ്നത അനാവൃതമാകുകയും ചെയ്യുകകൊണ്ട്, നിന്‍റെ സകലമ്ലേച്ഛവിഗ്രഹങ്ങളും നിമിത്തവും നീ അവയ്ക്കു കൊടുത്ത നിന്‍റെ മക്കളുടെ രക്തംനിമിത്തവും 37നീ രമിച്ച നിന്‍റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകച്ച ഏവരെയും ഞാൻ കൂട്ടിവരുത്തും; ഞാൻ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവർ നിന്‍റെ നഗ്നത കാണത്തക്കവണ്ണം നിന്‍റെ നഗ്നത അവരുടെ മുമ്പിൽ അനാവൃതമാക്കും. 38വ്യഭിചരിക്കുകയും രക്തം ചൊരിയുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ ഞാൻ നിന്നെ ന്യായംവിധിച്ച് ക്രോധത്തിൻ്റെയും ജാരശങ്കയുടെയും രക്തം നിന്‍റെമേൽ ചൊരിയും. 39ഞാൻ നിന്നെ അവരുടെ കയ്യിൽ ഏല്പിക്കും; അവർ നിന്‍റെ കമാനം പൊളിച്ച്, നിന്‍റെ പൂജാഗിരികളെ ഇടിച്ചുകളയും; അവർ നിന്‍റെ വസ്ത്രം അഴിച്ച് ആഭരണങ്ങൾ എടുത്ത്, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും. 40അവർ നിനക്കു വിരോധമായി ഒരു സഭയെ കൂട്ടിവരുത്തി നിന്നെ കല്ലെറിഞ്ഞ് വാൾകൊണ്ടു വെട്ടിക്കളയും. 41അവർ നിന്‍റെ വീടുകളെ തീവച്ചു ചുട്ടുകളയും; അനേകം സ്ത്രീകളുടെ കണ്മുമ്പിൽ നിന്‍റെമേൽ ന്യായവിധി നടത്തും; നിന്‍റെ പരസംഗം ഞാൻ നിർത്തലാക്കും; നീ ഇനി ആർക്കും കൂലി കൊടുക്കുകയില്ല. 42ഇങ്ങനെ ഞാൻ എന്‍റെ ക്രോധം നിന്നിൽ നിവർത്തിച്ചിട്ട് എന്‍റെ തീക്ഷ്ണത നിന്നെ വിട്ടുമാറും; പിന്നെ ഞാൻ കോപിക്കാതെ അടങ്ങിയിരിക്കും. 43നീ നിന്‍റെ യൗവനകാലം ഓർക്കാതെ ഇവയാൽ ഒക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ട്, ഞാനും നിന്‍റെ നടപ്പിനു തക്കവണ്ണം നിനക്കു പകരം ചെയ്യും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്; “നിന്‍റെ സകലമ്ലേച്ഛതകൾക്കും പുറമെ നീ ഈ ദുഷ്കർമ്മവും ചെയ്തിട്ടില്ലയോ.
44പഴഞ്ചൊല്ല് പറയുന്നവനെല്ലാം: “യഥാമാതാതഥാപുത്രീ” #16:44 “യഥാമാതാതഥാപുത്രീ” അമ്മ എപ്രകാരമോ അതുപോൽ തന്നെ മകളും എന്നുള്ള പഴഞ്ചൊല്ല് നിന്നെക്കുറിച്ച് പറയും. 45നീ ഭർത്താവിനെയും മക്കളെയും വെറുക്കുന്ന അമ്മയുടെ മകളും, ഭർത്താക്കന്മാരെയും മക്കളെയും വെറുത്തിരിക്കുന്ന സഹോദരിമാർക്കു നീ സഹോദരിയുമാകുന്നു; നിങ്ങളുടെ അമ്മ ഹിത്യസ്ത്രീയും അപ്പൻ അമോര്യനും ആയിരുന്നു. 46നിന്‍റെ ജ്യേഷ്ഠത്തി നിന്‍റെ ഇടത്തുഭാഗത്ത് തന്‍റെ പുത്രിമാരുമായി പാർക്കുന്ന ശമര്യ; നിന്‍റെ അനുജത്തി നിന്‍റെ വലത്തുഭാഗത്ത് തന്‍റെ പുത്രിമാരുമായി പാർക്കുന്ന സൊദോം. 47നീ അവരുടെ വഴികളിൽ നടന്നില്ല; അവരുടെ മ്ലേച്ഛതകൾപോലെ ചെയ്തില്ല; അത് പോരാ എന്നുവച്ച് നീ നിന്‍റെ എല്ലാ വഴികളിലും അവരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചു. 48എന്നാണ, നീയും നിന്‍റെ പുത്രിമാരും ചെയ്തിരിക്കുന്നതുപോലെ നിന്‍റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
49“നിന്‍റെ സഹോദരിയായ സൊദോമിൻ്റെ അകൃത്യമോ: ഗർവ്വവും അമിതഭക്ഷണവും അലസജീവിതവും തന്നെ. അത് അവൾക്കും അവളുടെ പുത്രിമാർക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതുമില്ല. 50അവർ അഹങ്കാരികളായി എന്‍റെ മുമ്പിൽ മ്ലേച്ഛത ചെയ്തു; അതുകൊണ്ട് എനിക്ക് ബോധിച്ചതുപോലെ ഞാൻ അവരെ നീക്കിക്കളഞ്ഞു.
51ശമര്യയും, നിന്‍റെ പാപങ്ങളിൽ പകുതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാൾ നിന്‍റെ മ്ലേച്ഛതകൾ വർദ്ധിപ്പിച്ച്, നീ ചെയ്തിരിക്കുന്ന സകലമ്ലേച്ഛതകളാലും നിന്‍റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു. 52സഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്‍റെ ലജ്ജ വഹിക്കുക; നീ അവരെക്കാൾ അധികം മ്ലേച്ഛമായി പ്രവർത്തിച്ചിരിക്കുന്ന നിന്‍റെ പാപങ്ങളാൽ അവർ നിന്നെക്കാൾ നീതിയുള്ളവരല്ലയോ; അതേ, നീ നിന്‍റെ സഹോദരിമാരെ നീതീകരിച്ചതിൽ, നാണിച്ച് നിന്‍റെ ലജ്ജ വഹിച്ചുകൊള്ളുക.
53നീ അവർക്ക് ആശ്വാസമായി നിന്‍റെ ലജ്ജ വഹിക്കേണ്ടതിനും നീ ചെയ്തിട്ടുള്ള എല്ലാറ്റിനെയും കുറിച്ചു ലജ്ജിക്കേണ്ടതിനും 54ഞാൻ സൊദോമിൻ്റെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും ശമര്യയുടെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും അവരുടെ നടുവിൽ ഉള്ള നിന്‍റെ പ്രവാസികളുടെ സ്ഥിതിയും മാറ്റും. 55നിന്‍റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും അവരുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; ശമര്യയും അവളുടെ പുത്രിമാരും അവരുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്‍റെ പുത്രിമാരും നിങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും. 56അരാമിൻ്റെ പുത്രിമാരും അവളുടെ ചുറ്റുമുള്ളവരെല്ലാം നിന്‍റെ ചുറ്റും നിന്ന് നിന്നെ നിന്ദിക്കുന്ന ഫെലിസ്ത്യപുത്രിമാരും നിന്നെ നിന്ദിച്ച കാലത്ത് എന്നപോലെ നിന്‍റെ ദുഷ്ടത വെളിപ്പെടുന്നതിനു മുമ്പ് 57നിന്‍റെ ഗർവ്വത്തിന്‍റെ നാളിൽ നിന്‍റെ സഹോദരിയായ സൊദോമിൻ്റെ പേരുപോലും നീ ഉച്ചരിച്ചിട്ടില്ല. 58നിന്‍റെ ദുഷ്കർമ്മവും നിന്‍റെ മ്ലേച്ഛതകളും നീ വഹിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാട്.
59യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിയമം ലംഘിച്ച് സത്യം തുച്ഛീകരിക്കുന്ന നീ ചെയ്തതുപോലെ ഞാൻ നിന്നോടും ചെയ്യും. 60എങ്കിലും നിന്‍റെ യൗവനകാലത്ത് നിന്നോടുള്ള എന്‍റെ നിയമം ഞാൻ ഓർത്തു ഒരു ശാശ്വതനിയമം നിന്നോട് ചെയ്യും. 61നിന്‍റെ ജ്യേഷ്ഠത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊള്ളുമ്പോൾ, അന്നു നീ നിന്‍റെ വഴികളെ ഓർത്തു ലജ്ജിക്കും; ഞാൻ അവരെ നിനക്കു പുത്രിമാരായി തരും; നിന്‍റെ നിയമപ്രകാരമല്ലതാനും. 62നീ ചെയ്തതെല്ലാം ഞാൻ നിന്നോട് ക്ഷമിക്കുമ്പോൾ നീ ഓർത്തു ലജ്ജിച്ച് നാണം നിമിത്തം ഇനി ഒരിക്കലും വായ് തുറക്കാതിരിക്കേണ്ടതിന് 63ഞാൻ നിന്നോട് എന്‍റെ നിയമം ചെയ്യും; ഞാൻ യഹോവ എന്നു നീ അറിയും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെ. 16: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.