യെഹെ. 20
20
മത്സരിയായ യിസ്രായേൽ ശുദ്ധീകരിക്കപ്പെടുന്നു
1ബാബിലോന്യ പ്രവാസത്തിന്‍റെ ഏഴാം ആണ്ട് അഞ്ചാം മാസം പത്താം തീയതി യിസ്രായേൽമൂപ്പന്മാരിൽ ചിലർ യഹോവയോടു അരുളപ്പാടു ചോദിക്കുവാൻ വന്ന് എന്‍റെ മുമ്പിൽ ഇരുന്നു.
2അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: 3“മനുഷ്യപുത്രാ, നീ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ച്, ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നോട് അരുളപ്പാടു ചോദിക്കുവാൻ വന്നിരിക്കുന്നുവോ? നിങ്ങൾ എന്നോട് ചോദിച്ചാൽ, എന്നാണ, ഞാൻ ഉത്തരം അരുളുകയില്ല’ എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു” എന്നു അവരോടു പറയേണം.
4“മനുഷ്യപുത്രാ, നീ അവരെ ന്യായംവിധിക്കുമോ? നീ അവരെ ന്യായംവിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകൾ അവരോട് അറിയിച്ചു പറയേണ്ടത്: 5യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ തിരഞ്ഞെടുത്ത്, യാക്കോബ് ഗൃഹത്തിന്‍റെ സന്തതിയോടു കൈ ഉയർത്തി സത്യംചെയ്ത്, മിസ്രയീമിൽവെച്ച് എന്നെത്തന്നെ അവർക്ക് വെളിപ്പെടുത്തിയ നാളിൽ: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു” എന്നു കൈ ഉയർത്തിക്കൊണ്ട് അവരോട് അരുളിച്ചെയ്തു. 6ഞാൻ അവരെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിക്കുമെന്നും ഞാൻ അവർക്കുവേണ്ടി നോക്കിവച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്ത്വമായിരിക്കുന്നതുമായ ദേശത്തിലേക്ക് അവരെ കൊണ്ടുവരുമെന്നും ആ നാളിൽ കൈ ഉയർത്തി സത്യംചെയ്തു.” 7അവരോട്: “നിങ്ങൾ ഓരോരുത്തനും അവനവന്‍റെ കണ്ണിന്മുമ്പിൽ ഇരിക്കുന്ന മ്ലേച്ഛവിഗ്രഹങ്ങൾ എറിഞ്ഞുകളയുവിൻ; മിസ്രയീമിലെ ബിംബങ്ങളെക്കൊണ്ട് നിങ്ങളെ മലിനമാക്കരുത്, ഞാനാകുന്നു നിങ്ങളുടെ ദൈവമായ യഹോവ” എന്നു കല്പിച്ചു.
8“അവരോ എന്നോട് മത്സരിച്ച്, എന്‍റെ വാക്കു കേൾക്കുവാൻ മനസ്സില്ലാതെ ഇരുന്നു; അവരിൽ ഒരുത്തനും തന്‍റെ കണ്ണിന്മുമ്പിൽ ഇരുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളയുകയോ മിസ്രയീമിലെ ബിംബങ്ങളെ ഉപേക്ഷിക്കുകയോ ചെയ്തില്ല; ആകയാൽ ഞാൻ: മിസ്രയീമിന്‍റെ നടുവിൽവച്ച് എന്‍റെ ക്രോധം അവരുടെ മേൽ പകർന്ന് എന്‍റെ കോപം അവരിൽ നിവർത്തിക്കും” എന്നും അരുളിച്ചെയ്തു. 9എങ്കിലും അവരുടെ ചുറ്റും വസിക്കുകയും ഞാൻ അവരെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച് എന്നെത്തന്നെ വെളിപ്പെടുത്തിയത് കാണുകയും ചെയ്ത ജനതകളുടെ മുമ്പാകെ, എന്‍റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന് ഞാൻ എന്‍റെ നാമംനിമിത്തം പ്രവർത്തിച്ചു. 10അങ്ങനെ ഞാൻ അവരെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച് മരുഭൂമിയിൽ കൊണ്ടുവന്നു. 11ഞാൻ എന്‍റെ ചട്ടങ്ങൾ അവർക്ക് കൊടുത്ത്, എന്‍റെ വിധികൾ അവരെ അറിയിച്ചു; അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും. 12‘ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ’ എന്നു അവർ അറിയേണ്ടതിന് എനിക്കും അവർക്കും മദ്ധ്യത്തിൽ അടയാളമായിരിക്കുവാൻ തക്കവിധം ഞാൻ എന്‍റെ ശബ്ബത്തുകൾ അവർക്ക് കൊടുത്തു.
13യിസ്രായേൽഗൃഹമോ മരുഭൂമിയിൽവച്ച് എന്നോട് മത്സരിച്ചു; അവർ എന്‍റെ ചട്ടങ്ങൾ അനുസരിച്ചുനടക്കാതെ എന്‍റെ വിധികൾ ത്യജിച്ചുകളഞ്ഞു; ‘അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും.’ എന്‍റെ ശബ്ബത്തുകളെയും അവർ ഏറ്റവും അശുദ്ധമാക്കി; ആകയാൽ ഞാൻ മരുഭൂമിയിൽവച്ച് എന്‍റെ ക്രോധം അവരുടെ മേൽ പകർന്ന് അവരെ സംഹരിക്കുമെന്ന് അരുളിച്ചെയ്തു. 14എങ്കിലും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജനതകളുടെ മുമ്പാകെ എന്‍റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിന് ഞാൻ അത് നിമിത്തം പ്രവർത്തിച്ചു. 15‘അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേർന്നിരുന്നതുകൊണ്ട് അവർ എന്‍റെ വിധികളെ ധിക്കരിച്ച് എന്‍റെ ചട്ടങ്ങളിൽ നടക്കാതെ എന്‍റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാൽ 16ഞാൻ അവർക്ക് കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്ത്വമായിരിക്കുന്നതും ആയ ദേശത്തേക്ക് അവരെ കൊണ്ടുവരുകയില്ല’ എന്നു ഞാൻ മരുഭൂമിയിൽവച്ച് കൈ ഉയർത്തി സത്യംചെയ്തു. 17“എങ്കിലും അവരെ നശിപ്പിക്കുകയും മരുഭൂമിയിൽവച്ച് അവരെ നശിപ്പിച്ചുകളയുകയും ചെയ്യാതിരിക്കത്തക്കവിധം എനിക്ക് അവരോടു സഹതാപം തോന്നി.
18ഞാൻ മരുഭൂമിയിൽവച്ച് അവരുടെ മക്കളോടു: ‘നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ ചട്ടങ്ങളിൽ നടക്കരുത്; അവരുടെ വിധികളെ പ്രമാണിക്കരുത്; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നെ അശുദ്ധമാക്കുകയും അരുത്; 19ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങൾ എന്‍റെ ചട്ടങ്ങൾ അനുസരിച്ചുനടന്ന് എന്‍റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കുവിൻ; 20എന്‍റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കുവിൻ; ‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവ’ എന്നു നിങ്ങൾ അറിയേണ്ടതിന് അവ എനിക്കും നിങ്ങൾക്കും ഇടയിൽ അടയാളമായിരിക്കട്ടെ” എന്നു കല്പിച്ചു.
21എന്നാൽ മക്കളും എന്നോട് മത്സരിച്ചു; അവർ എന്‍റെ ചട്ടങ്ങൾ അനുസരിച്ചില്ല; എന്‍റെ വിധികൾ പ്രമാണിച്ചുനടന്നതുമില്ല; ‘അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും.’ അവർ എന്‍റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാൻ: ‘മരുഭൂമിയിൽവച്ച് എന്‍റെ ക്രോധം അവരുടെ മേൽ പകർന്ന്#20:21 മരുഭൂമിയിൽവച്ച് എന്‍റെ ക്രോധം അവരുടെ മേൽ പകർന്ന് മരുഭൂമിയിൽവച്ച് അവരെ നശിപ്പിച്ച് എന്‍റെ കോപം അവരിൽ നിവർത്തിക്കും” എന്നു അരുളിച്ചെയ്തു. 22എങ്കിലും ഞാൻ എന്‍റെ കൈ പിൻവലിക്കുകയും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജനതകളുടെ മുമ്പിൽ എന്‍റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന് അതുനിമിത്തം പ്രവർത്തിക്കുകയും ചെയ്തു. 23അവർ എന്‍റെ വിധികൾ പ്രമാണിക്കാതെ എന്‍റെ ചട്ടങ്ങൾ ധിക്കരിച്ച് എന്‍റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ ദൃഷ്ടികൾ അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളുടെമേൽ ഇരിക്കുകയും ചെയ്തതുകൊണ്ട്, 24ഞാൻ അവരെ ജനതകളുടെ ഇടയിൽ ചിന്നിച്ച് രാജ്യങ്ങളിൽ ചിതറിച്ചുകളയുമെന്ന് മരുഭൂമിയിൽവച്ച് കൈ ഉയർത്തി അവരോടു സത്യംചെയ്തു. 25ഞാൻ അവർക്ക് ദോഷകരമായ ചട്ടങ്ങളും ജീവരക്ഷ പ്രാപിക്കുവാൻ ഉതകാത്ത വിധികളും കൊടുത്തു. 26‘ഞാൻ യഹോവ’ എന്നു അവർ അറിയുവാൻ തക്കവിധം ഞാൻ അവരെ ശൂന്യമാക്കേണ്ടതിന് അവർ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതിനാൽ ഞാൻ അവരുടെ സ്വന്തവഴിപാടുകളാൽത്തന്നെ അവരെ അശുദ്ധമാക്കി.
27അതുകൊണ്ട് മനുഷ്യപുത്രാ നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത് എന്തെന്നാൽ: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നോട് ദ്രോഹം ചെയ്തിരിക്കുന്നതിനാൽ എന്നെ ദുഷിക്കുകയും ചെയ്തിരിക്കുന്നു. 28അവർക്ക് കൊടുക്കുമെന്ന് ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശത്തേക്ക് ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ ഉയർന്ന എല്ലാ കുന്നുകളും തഴച്ച സകലവൃക്ഷങ്ങളും നോക്കി, അവിടെ യാഗങ്ങൾ അർപ്പിക്കുകയും കോപകാരണമായ വഴിപാട് കഴിക്കുകയും സൗരഭ്യവാസന നിവേദിക്കുകയും പാനീയബലികളെ പകരുകയും ചെയ്തു.” 29“നിങ്ങൾ പോകുന്ന പൂജാഗിരി#20:29 പൂജാഗിരി ബാമ എന്ത്” എന്നു ഞാൻ അവരോടു ചോദിച്ചു; ഇന്നുവരെയും അതിന് ‘പൂജാഗിരി’ എന്നു പേരായിരിക്കുന്നു.
മത്സരമുള്ള യിസ്രായേൽജനം പുനരുദ്ധരിക്കപ്പെടുന്നു
30അതുകൊണ്ട് നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നെ അശുദ്ധമാക്കുവാനും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളോടു ചേർന്ന് പരസംഗം ചെയ്യുവാനും പോകുന്നുവോ? 31നിങ്ങളുടെ വഴിപാടുകൾ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിക്കുന്നതിനാലും നിങ്ങൾ ഇന്നുവരെ നിങ്ങളുടെ സകലവിഗ്രഹങ്ങളാലും നിങ്ങളെത്തന്നെ അശുദ്ധമാക്കുന്നു; യിസ്രായേൽ ഗൃഹമേ, നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ? നിങ്ങൾ ചോദിച്ചാൽ, എന്നാണ ഞാൻ ഉത്തരമരുളുകയില്ല” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
32“‘നാം മരത്തെയും കല്ലിനെയും സേവിച്ച്, ജനതകളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക’ എന്നു നിങ്ങൾ പറയുന്നതായ നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കുകയില്ല. 33എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു. 34“ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ജനതകളിൽനിന്നു പുറപ്പെടുവിക്കുകയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുകയും ചെയ്യും. 35ഞാൻ നിങ്ങളെ ജനതകളുടെ മരുഭൂമിയിലേക്ക് കൊണ്ടുചെന്ന് അവിടെവച്ച് അഭിമുഖമായി നിങ്ങളോടു വ്യവഹരിക്കും. 36മിസ്രയീമിലെ മരുഭൂമിയിൽവച്ച് നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരോട് ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു. 37ഞാൻ നിങ്ങളെ വടിയുടെകീഴിലൂടെ കടത്തി നിയമത്തിന്‍റെ ബന്ധനത്തിൽ ഉൾപ്പെടുത്തും. 38എന്നോട് മത്സരിച്ച് അതിക്രമിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയും; അവർ ചെന്നു പാർക്കുന്ന രാജ്യത്തുനിന്ന് ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേൽ ദേശത്ത് അവർ കടക്കുകയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.”
39യിസ്രായേൽ ഗൃഹമേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ചെന്നു ഓരോരുത്തൻ അവനവന്‍റെ വിഗ്രഹങ്ങളെ സേവിച്ചുകൊള്ളുവിൻ; എന്നാൽ പിന്നീട് നിങ്ങൾ എന്‍റെ വാക്കു കേൾക്കും; എന്‍റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെക്കൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല. 40എന്‍റെ വിശുദ്ധപർവ്വതത്തിൽ, യിസ്രായേലിന്‍റെ ഉന്നത പർവ്വതത്തിൽ തന്നെ, യിസ്രായേൽഗൃഹമെല്ലാം ഒട്ടൊഴിയാതെ അവിടെ ദേശത്തുവച്ച് എന്നെ സേവിക്കുമെന്ന്” യഹോവയായ കർത്താവിന്‍റെ അരുളപ്പാടു; അവിടെ ഞാൻ അവരെ സ്വീകരിക്കും; അവിടെ ഞാൻ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകലനിവേദ്യങ്ങളെയും ആഗ്രഹിക്കും. 41ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽനിന്ന് പുറപ്പെടുവിച്ച്, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുമ്പോൾ ഞാൻ നിങ്ങളെ സൗരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാൻ ജനതകൾ കാൺകെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും. 42നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്കു കൊടുക്കുമെന്ന് ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശമായ യിസ്രായേൽദേശത്തേക്ക് നിങ്ങളെ കൊണ്ടുവരുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. 43അവിടെവച്ചു നിങ്ങൾ നിങ്ങളുടെ വഴികളും നിങ്ങളെത്തന്നെ മലിനമാക്കിയ സകലക്രിയകളും ഓർക്കും; നിങ്ങൾ ചെയ്ത സകലദോഷവും നിമിത്തം നിങ്ങൾക്ക് നിങ്ങളോടുതന്നെ വെറുപ്പുതോന്നും. 44യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികൾക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികൾക്കു തക്കവണ്ണവുമല്ല, എന്‍റെ നാമംനിമിത്തം തന്നെ ഞാൻ നിങ്ങളോടു പ്രവർത്തിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
തെക്കേ ദേശത്തിന് എതിരേയുള്ള പ്രവചനം
45യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 46“മനുഷ്യപുത്രാ, നിന്‍റെ മുഖം തെക്കോട്ടു തിരിച്ച് തെക്കേദേശത്തിനെതിരായി പ്രസംഗിച്ച്, തെക്കേദിക്കിലെ വനപ്രദേശത്തിനെതിരായി പ്രവചിച്ച് തെക്കുള്ള വനത്തോടു പറയേണ്ടത്: 47യഹോവയുടെ വചനം കേൾക്കുക; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്‍റെ നടുവിൽ തീ വയ്ക്കും; അത് നിന്നിൽ ഉള്ള സകല പച്ചവൃക്ഷത്തെയും ഉണങ്ങിയവൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാല കെട്ടുപോകുകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളെല്ലാം അതിനാൽ കരിഞ്ഞുപോകും. 48‘യഹോവയായ ഞാൻ അത് കത്തിച്ചു’ എന്നു സകലജനവും കാണും; അത് കെട്ടുപോകുകയുമില്ല.”
49അപ്പോൾ ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, ‘ഇവൻ ഉപമയല്ലയോ സംസാരിക്കുന്നത്’ എന്നു അവർ എന്നെക്കുറിച്ച് പറയുന്നു” എന്നു പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെ. 20: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.