യെഹെ. 34
34
യിസ്രായേലിന്റെ ഇടയന്മാർ
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: 2“മനുഷ്യപുത്രാ, യിസ്രായേലിന്റെ ഇടയന്മാരെക്കുറിച്ചു പ്രവചിക്കുക; നീ പ്രവചിച്ച് അവരോട്, ഇടയന്മാരോടു തന്നെ, പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരവരെത്തന്നെ മേയിക്കുന്ന യിസ്രായേലിന്റെ ഇടയന്മാർക്ക് അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയന്മാർ മേയിക്കേണ്ടത്? 3നിങ്ങൾ മേദസ്സ് തിന്നുകയും ആട്ടുരോമം ധരിക്കുകയും തടിച്ചിരിക്കുന്നവയെ അറുക്കുകയും ചെയ്യുന്നു; ആടുകളെ നിങ്ങൾ മേയിക്കുന്നില്ലതാനും. 4നിങ്ങൾ ബലഹീനമായതിനെ ശക്തീകരിക്കുകയോ രോഗം ബാധിച്ചതിനെ ചികിത്സിക്കുകയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കുകയോ ചെയ്യാതെ, കഠിനതയോടും ക്രൂരതയോടും കൂടെ അവയെ ഭരിച്ചിരിക്കുന്നു. 5ഇടയൻ ഇല്ലാതിരിക്കുകയാൽ അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടിലെ സകലമൃഗങ്ങൾക്കും ഇരയായിത്തീർന്നു. 6എന്റെ ആടുകൾ എല്ലാമലകളിലും ഉയരമുള്ള എല്ലാ കുന്നിന്മേലും അലഞ്ഞുനടന്നു; ഭൂതലത്തിൽ എല്ലായിടവും എന്റെ ആടുകൾ ചിതറിപ്പോയി; ആരും അവയെ തിരയുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.
7“അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുവിൻ; 8എന്നാണ, ഇടയനില്ലാഞ്ഞതിനാലാകുന്നു എന്റെ ആടുകൾ കവർച്ചയായിപ്പോകുകയും, കാട്ടിലെ സകലമൃഗത്തിനും ഇരയായിത്തീരുകയും ചെയ്തത്” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; എന്റെ ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കാതെ അവരവരെത്തന്നെ മേയിക്കുകയും ആടുകളെ മേയിക്കാതെയിരിക്കുകയും ചെയ്യുകകൊണ്ട്, 9ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുവിൻ: 10യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കൈയിൽനിന്നു ചോദിച്ച്, ആടുകളെ മേയിക്കുന്ന വേലയിൽനിന്ന് അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നെ മേയിക്കുകയില്ല; എന്റെ ആടുകൾ അവർക്ക് ഇരയാകാതെയിരിക്കേണ്ടതിന് ഞാൻ അവയെ അവരുടെ വായിൽനിന്നു വിടുവിക്കും.”
11യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ തന്നെ എന്റെ ആടുകളെ അന്വേഷിച്ചുകണ്ടെത്തും. 12ഒരു ഇടയൻ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ, തന്റെ ആട്ടിൻകൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ച്, കാർമേഘവും അന്ധകാരവുമുള്ള ദിവസത്തിൽ, അവ ചിതറിപ്പോയ സകലസ്ഥലങ്ങളിലുംനിന്ന് അവയെ വിടുവിക്കും. 13ഞാൻ അവയെ ജനതകളുടെ ഇടയിൽനിന്ന് പുറപ്പെടുവിച്ച്, ദേശങ്ങളിൽ നിന്നു ശേഖരിച്ച്, സ്വദേശത്ത് കൊണ്ടുവന്ന്, യിസ്രായേൽമലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകലവാസസ്ഥലങ്ങളിലും മേയിക്കും. 14നല്ല മേച്ചിൽപുറത്തു ഞാൻ അവയെ മേയിക്കും; യിസ്രായേലിന്റെ ഉയർന്ന മലകളിൽ അവ കിടക്കും; അവിടെ അവ നല്ല തൊഴുത്തുകളിൽ കിടക്കുകയും യിസ്രായേൽമലകളിലെ പുഷ്ടിയുള്ള മേച്ചിൽപുറത്തു മേയുകയും ചെയ്യും. 15ഞാൻ തന്നെ എന്റെ ആടുകളെ മേയിക്കുകയും കിടത്തുകയും ചെയ്യും” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. 16“കാണാതെപോയതിനെ ഞാൻ അന്വേഷിക്കുകയും, ഓടിച്ചുകളഞ്ഞതിനെ തിരിച്ചുവരുത്തുകയും, ഒടിഞ്ഞതിനെ മുറിവുകെട്ടുകയും, രോഗം ബാധിച്ചതിനെ ശക്തീകരിക്കുകയും ചെയ്യും; എന്നാൽ കൊഴുത്തതിനെയും കരുത്തുള്ളതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ അവയെ മേയിക്കും.
17”നിങ്ങളോ, എന്റെ ആടുകളേ,” യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ആടിനും ആടിനും നടുവിലും ആട്ടുകൊറ്റന്മാർക്കും കോലാട്ടുകൊറ്റന്മാർക്കും നടുവിലും ന്യായം വിധിക്കുന്നു. 18നിങ്ങൾ നല്ല സ്ഥലത്തു മേഞ്ഞശേഷം, മേച്ചിലിൻ്റെ ശേഷിപ്പ് കാൽ കൊണ്ടു ചവിട്ടിക്കളയുന്നതും, തെളിഞ്ഞവെള്ളം കുടിച്ചിട്ട് ശേഷിപ്പുള്ളത് കാൽ കൊണ്ടു കലക്കിക്കളയുന്നതും നിങ്ങൾക്ക് പോരായോ? 19നിങ്ങൾ കാൽ കൊണ്ടു ചവിട്ടിയത് എന്റെ ആടുകൾ തിന്നുകയും, നിങ്ങൾ കാൽ കൊണ്ടു കലക്കിയത് അവ കുടിക്കുകയും ചെയ്യണമോ?”
20”അതുകൊണ്ട് യഹോവയായ കർത്താവ് അവയോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ തന്നെ തടിച്ച ആടുകൾക്കും മെലിഞ്ഞ ആടുകൾക്കും മദ്ധ്യത്തിൽ ന്യായംവിധിക്കും. 21രോഗം ബാധിച്ചവയെ പാർശ്വംകൊണ്ടും തോൾകൊണ്ടും ഉന്തിയും, കൊമ്പുകൊണ്ട് ഇടിച്ചും അവയെ ചുറ്റും ചിതറിക്കുന്നതിനാൽ, 22ഞാൻ എന്റെ ആട്ടിൻകൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിനും ആടിനും മദ്ധ്യത്തിൽ ന്യായംവിധിക്കും. 23അവയെ മേയിക്കേണ്ടതിന് ഞാൻ ഒരു ഇടയനെ അവക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നെ; അവൻ അവയെ മേയിച്ച്, അവയ്ക്ക് ഇടയനായിരിക്കും. 24അങ്ങനെ യഹോവയായ ഞാൻ അവർക്ക് ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യത്തിൽ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു.
25”ഞാൻ അവയോട് ഒരു സമാധാനനിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്ന് നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയിൽ നിർഭയമായി വസിക്കുകയും കാടുകളിൽ ഉറങ്ങുകയും ചെയ്യും. 26ഞാൻ അവയെയും എന്റെ കുന്നിനു ചുറ്റുമുള്ള സ്ഥലങ്ങളും ഒരു അനുഗ്രഹമാക്കിവെക്കും; ഞാൻ തക്ക സമയത്തു മഴപെയ്യിക്കും; അത് അനുഗ്രഹകരമായ മഴ ആയിരിക്കും. 27വയലിലെ വൃക്ഷം ഫലം കായിക്കുകയും നിലം നന്നായി വിളയുകയും അവർ അവരുടെ ദേശത്ത് നിർഭയമായി വസിക്കുകയും ഞാൻ അവരുടെ നുകബന്ധനങ്ങൾ പൊട്ടിച്ച്, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കൈയിൽനിന്ന് അവരെ വിടുവിക്കുകയും ചെയ്യുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും. 28അവർ ഇനി ജനതകൾക്കു കവർച്ച ആയിത്തീരുകയില്ല; കാട്ടുമൃഗം അവരെ കടിച്ചു കീറുകയില്ല; അവർ നിർഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല. 29വിളവുകൾക്ക് പ്രശസ്തമായൊരു തോട്ടം ഞാൻ അവർക്ക് നട്ടുണ്ടാക്കും; അവർ ഇനി ദേശത്തു പട്ടിണി കിടന്നു നശിക്കുകയില്ല; ജനതകളുടെ നിന്ദ ഇനി വഹിക്കുകയുമില്ല. 30ഇങ്ങനെ അവരുടെ ദൈവമായ യഹോവ എന്ന ഞാൻ അവരോടുകൂടെ ഉണ്ടെന്നും, യിസ്രായേൽഗൃഹമായിരിക്കുന്ന അവർ എന്റെ ജനമാകുന്നു എന്നും അവർ അറിയും” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 31“എന്നാൽ എന്റെ മേച്ചിൽപുറത്തെ ആടുകളായ, എന്റെ ആടുകളേ, നിങ്ങൾ മനുഷ്യരത്രേ; ഞാനോ നിങ്ങളുടെ ദൈവം” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെ. 34: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.