യെഹെ. 42
42
പുരോഹിതന്മാർക്കുള്ള മുറികൾ
1അനന്തരം ആ മനുഷ്യന് എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്ക് കൊണ്ടുപോയി; മുറ്റത്തിനു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിനെതിരെയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്ക് എന്നെ കൊണ്ടുചെന്നു. 2അതിന്റെ മുൻഭാഗത്തിന് നൂറുമുഴം നീളവും, വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പത് മുഴം. 3അകത്തെ പ്രാകാരത്തിനുള്ള ഇരുപതു മുഴത്തിനെതിരെയും പുറത്തെ പ്രാകാരത്തിനുള്ള കല്ത്തളത്തിനെതിരെയും മൂന്നു നിലയായി നടപ്പുരയ്ക്കു നേരെ നടപ്പുര ഉണ്ടായിരുന്നു. 4മണ്ഡപങ്ങളുടെ മുമ്പിൽ അകത്തോട്ടു പത്തുമുഴം വീതിയും നൂറുമുഴം നീളവുമുള്ള ഒരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കോട്ടായിരുന്നു. 5കെട്ടിടത്തിൻ്റെ താഴത്തെ മണ്ഡപങ്ങളിൽനിന്നും മദ്ധ്യത്തേതിൽനിന്നും എടുത്തതിനെക്കാൾ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളിൽനിന്ന് നടപ്പുരകൾക്ക് എടുത്തിരുന്നതിനാൽ അവ നീളം കുറഞ്ഞവ ആയിരുന്നു. 6അവ മൂന്നു നിലയായിരുന്നു; എന്നാൽ അവയ്ക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലാതിരുന്നതിനാൽ, താഴത്തേതിനെക്കാളും മദ്ധ്യത്തേതിനെക്കാളും മുകളിലത്തേതിന്റെ തറയുടെ വിസ്താരം കുറവായിരുന്നു. 7പുറമെ മണ്ഡപങ്ങളുടെ നീളത്തിൽ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുൻവശത്തെ മതിലിന്റെ നീളം അമ്പത് മുഴം ആയിരുന്നു. 8പുറത്തെ പ്രാകാരത്തിലേക്കു ദർശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പത് മുഴമായിരുന്നു; എന്നാൽ മന്ദിരത്തിനെതിരെയുള്ള നീളം നൂറുമുഴമായിരുന്നു; 9പുറത്തെ പ്രാകാരത്തിൽനിന്ന് ഇവയിലേക്കു കടന്നാൽ കിഴക്കോട്ടു ഈ മണ്ഡപങ്ങൾക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.
10കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ ഘനത്തിനൊത്ത് മുറ്റത്തിനും കെട്ടിടത്തിനുമെതിരായി മണ്ഡപങ്ങൾ ഉണ്ടായിരുന്നു. 11അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയ്ക്ക് തുല്യമായ നീളവും വീതിയും ഉണ്ടായിരുന്നു; അവയുടെ അകത്തേക്കും പുറത്തേക്കുമുള്ള വഴികളും മറ്റു സംവിധാനങ്ങളും ഒരുപോലെ തന്നെ. 12തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങൾ പോലെ ഒരു പ്രവേശനം വഴിയുടെ മുൻഭാഗത്ത് ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ, കിഴക്കോട്ടുള്ള മതിലിനു നേരെ മുമ്പിലുള്ള വഴിയുടെ മുമ്പിൽ പ്രവേശിക്കാം.
13പിന്നെ അവൻ എന്നോട് കല്പിച്ചത്: “മുറ്റത്തിൻ്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കേ മണ്ഡപങ്ങളും യഹോവയോട് അടുത്തുചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധവസ്തുക്കൾ ഭക്ഷിക്കുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു#42:13 വിശുദ്ധമണ്ഡപങ്ങളാകുന്നു പുരോഹിതന്റെ സ്വകാര്യ മുറി; അവിടെ അവർ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വയ്ക്കേണം. ആ സ്ഥലം വിശുദ്ധമാണല്ലോ. 14പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്ന് പുറത്തെ പ്രാകാരത്തിലേക്കു കടക്കാതെ വേണം അതിൽ പ്രവേശിക്കുവാൻ; ശുശ്രൂഷയ്ക്കുള്ള അവരുടെ വസ്ത്രം അവർ അവിടെ വച്ചേക്കണം; അവ വിശുദ്ധമാണല്ലോ; വേറെ വസ്ത്രം ധരിച്ച ശേഷം മാത്രമേ അവർ ജനത്തിനുള്ള സ്ഥലത്ത് പോകാവു.“
15അവൻ അകത്തെ ആലയം അളന്നു തീർന്നശേഷം, കിഴക്കോട്ടു ദർശനമുള്ള വാതില്ക്കൽകൂടി എന്നെ കൊണ്ടു ചെന്നു അവിടം ചുറ്റും അളന്നു. 16അവൻ കിഴക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറ് മുഴം. 17അവൻ വടക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറ് മുഴം. 18അവൻ തെക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറ് മുഴം. 19അവൻ പടിഞ്ഞാറോട്ടു തിരിഞ്ഞ് ദണ്ഡുകൊണ്ട് അളന്നു; അഞ്ഞൂറ് മുഴം. 20ഇങ്ങനെ അവൻ നാലുവശവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേർതിരിക്കുവാൻ തക്കവണ്ണം അഞ്ഞൂറ് മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതിൽ അതിന് ചുറ്റും ഉണ്ടായിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെ. 42: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.