എസ്രാ 10
10
ജനങ്ങൾ പാപം ഏറ്റുപറയുന്നു
1എസ്രാ ഇങ്ങനെ ദൈവാലയത്തിന് മുമ്പിൽ വീണുകിടന്ന് കരഞ്ഞു പ്രാർത്ഥിക്കയും ഏറ്റുപറയുകയും ചെയ്തപ്പോൾ പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയോരു സഭ അവന്റെ അടുക്കൽ വന്നുകൂടി; അവർ വളരെ കരഞ്ഞു. 2അപ്പോൾ ഏലാമിന്റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്റെ മകൻ ശെഖന്യാവ് എസ്രയോട് പറഞ്ഞത് “നാം നമ്മുടെ ദൈവത്തോട് ദ്രോഹംചെയ്ത്, ദേശനിവാസികളിൽ നിന്ന് അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാര്യത്തിൽ യിസ്രായേലിനു ഇനിയും പ്രത്യാശയുണ്ട്. 3ഇപ്പോൾ ആ സ്ത്രീകളെയും അവരിൽനിന്ന് ജനിച്ചവരെയും, യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിൽ ഭയപ്പെടുന്നവരുടെയും ഉപദേശപ്രകാരം നീക്കിക്കളവാൻ നമ്മുടെ ദൈവത്തോട് നാം ഒരു നിയമം ചെയ്യുക; അത് ന്യായപ്രമാണം അനുസരിച്ച് നടക്കട്ടെ. 4എഴുന്നേല്ക്ക; ഇത് നിന്റെ ചുമതല ആകുന്നു; ഞങ്ങൾ നിനക്ക് തുണയായിരിക്കും; ധൈര്യപ്പെട്ട് പ്രവർത്തിക്ക.”
5അങ്ങനെ എസ്രാ എഴുന്നേറ്റ് ഈ വാക്കുപോലെ ചെയ്യേണ്ടതിന് പുരോഹിതന്മാരെയും ലേവ്യരെയും പ്രമാണികളെയും എല്ലാ യിസ്രായേല്യരെയും കൊണ്ട് സത്യംചെയ്യിച്ചു; അവർ സത്യംചെയ്തു. 6എസ്രാ ദൈവാലയത്തിന്റെ മുമ്പിൽനിന്ന് എഴുന്നേറ്റ് എല്യാശീബിന്റെ മകൻ യെഹോഹാനാന്റെ മുറിയിൽ ചെന്നു, പ്രവാസികളുടെ കുറ്റങ്ങൾ നിമിത്തം ദുഃഖിച്ചുകൊണ്ട് അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയുമിരുന്നു.
7അനന്തരം സകലപ്രവാസികളും യെരൂശലേമിൽ വന്നുകൂടേണം എന്നും 8പ്രമാണികളുടെയും മൂപ്പന്മാരുടെയും നിർദ്ദേശപ്രകാരം മൂന്നു ദിവസത്തിനകം ആരെങ്കിലും വരാതെയിരുന്നാൽ, അവന്റെ വസ്തുവകകൾ കണ്ടുകെട്ടുകയും അവനെ പ്രവാസികളുടെ സഭയിൽനിന്ന് പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി.
9അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നു ദിവസത്തിനകം യെരൂശലേമിൽ വന്നു; അത് ഒമ്പതാം മാസം ഇരുപതാം തീയതി ആയിരുന്നു; സകലജനവും ആ കാര്യം നിമിത്തവും പെരുമഴയാലും വിറെച്ചുകൊണ്ട് ദൈവാലയത്തിന്റെ മുറ്റത്ത് ഇരുന്നു.
10അപ്പോൾ എസ്രാപുരോഹിതൻ എഴുന്നേറ്റ് അവരോട് “നിങ്ങൾ ദ്രോഹംചെയ്ത് യിസ്രായേലിന്റെ കുറ്റത്തെ വർദ്ധിപ്പിച്ച് അന്യജാതിക്കാരായ സ്ത്രീകളെ വിവാഹം കഴിച്ചിരിക്കുന്നു. 11ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് പാപം ഏറ്റുപറഞ്ഞ് അവിടുത്തെ ഇഷ്ടം അനുസരിച്ച് ദേശനിവാസികളോടും, അന്യജാതിക്കാരത്തികളോടും വേർപെടുകയും ചെയ്വിൻ” എന്നു പറഞ്ഞു.
12അതിന് സർവ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞത് “നീ ഞങ്ങളോട് പറഞ്ഞത് പോലെ തന്നെ ഞങ്ങൾ പ്രവർത്തിക്കും. 13എങ്കിലും ജനം വളരെയും, ഇത് വന്മഴയുടെ കാലവും ആകുന്നു; പുറത്ത് നില്പാൻ ഞങ്ങൾക്ക് കഴിവില്ല; ഈ കാര്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കയാൽ ഇത് ഒന്നോ രണ്ടോ ദിവസംകൊണ്ട് തീരുന്ന സംഗതിയുമല്ല. 14ആകയാൽ ഞങ്ങളുടെ സഭകളുടെ തലവന്മാർ മാത്രം നില്ക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്റെ കഠിനകോപം ഞങ്ങളെ വിട്ടുമാറും വരെ, ഞങ്ങളുടെ പട്ടണങ്ങളിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന എല്ലാവരും അവരോടുകൂടെ അതാതിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ വരട്ടെ.”
15ഈ നിർദ്ദേശത്തെ അസാഹേലിന്റെ മകൻ യോനാഥാനും തിക്ക്വയുടെ മകൻ യഹ്സെയാവും മാത്രം എതിർത്തു; മെശുല്ലാമും ശബ്ബെഥായി എന്ന ലേവ്യനും അവരെ അനുകൂലിച്ചു.
16അനന്തരം പ്രവാസികൾ അങ്ങനെ തന്നെ ചെയ്തു; എസ്രാപുരോഹിതനും ചില പിതൃഭവനത്തലവന്മാരും ചേർന്ന് ഓരോ പിതൃഭവനത്തിൽ നിന്നും അതതിന്റെ തലവന്മാരെ പേരുപേരായി തിരഞ്ഞെടുത്തു; അവർ ഈ കാര്യം പരിശോധിക്കുവാൻ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി. 17ഒന്നാം മാസം ഒന്നാം തീയതി തന്നെ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകലപുരുഷന്മാരുടെയും വിവരങ്ങൾ അന്വേഷിച്ചു തീർത്തു.
മിശ്രവിവാഹത്തിൽ കുറ്റക്കാർ
18പുരോഹിതന്മാരുടെ പുത്രന്മാരിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരാരെന്നാൽ:
യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവ്, എലീയേസെർ, യാരീബ്, ഗെദല്യാവ് എന്നിവർ. 19ഇവർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു സമ്മതിക്കുകയും തങ്ങളുടെ തെറ്റിന് പ്രായശ്ചിത്തമായി ഓരോ ആട്ടുകൊറ്റനെ യാഗം കഴിക്കുകയും ചെയ്തു.
20ഇമ്മേരിന്റെ പുത്രന്മാരിൽ: ഹനാനി, സെബദ്യാവ്. 21ഹാരീമിന്റെ പുത്രന്മാരിൽ: മയശേയാവ്, ഏലീയാവ്, ശെമയ്യാവ്, യെഹീയേൽ, ഉസ്സീയാവ്. 22പശ്ഹൂരിന്റെ പുത്രന്മാരിൽ: എല്യോവേനായി, മയശേയാവ്, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാസാ. 23ലേവ്യരിൽ യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവ്, പെഥഹ്യാവ്, യെഹൂദാ, എലീയേസെർ. 24സംഗീതക്കാരിൽ: എല്യാശീബ്. വാതിൽകാവല്ക്കാരിൽ: ശല്ലൂം, തേലെം, ഊരി. 25മറ്റ് യിസ്രായേല്യർ പരോശിന്റെ പുത്രന്മാരിൽ: രമ്യാവ്, യിശ്ശീയാവ്, മല്ക്കീയാവ്, മീയാമീൻ, എലെയാസാർ, മല്ക്കീയാവ്, ബെനായാവ്. 26ഏലാമിന്റെ പുത്രന്മാരിൽ: മഥന്യാവ്, സെഖര്യാവ്, യെഹീയേൽ, അബ്ദി, യെരേമോത്ത്, ഏലീയാവ്. 27സഥൂവിൻ്റെ പുത്രന്മാരിൽ: എല്യോവേനായി, എല്യാശീബ്, മത്ഥന്യാവ്, യെരേമോത്ത്, സാബാദ്, അസീസാ. 28ബേബായിയുടെ പുത്രന്മാരിൽ: യെഹോഹാനാൻ, ഹനന്യാവ്, സബ്ബായി, അഥെലായി. 29ബാനിയുടെ പുത്രന്മാരിൽ: മെശുല്ലാം, മല്ലൂക്; അദായാവ്, യാശൂബ്, ശെയാൽ, യെരേമോത്ത്. 30പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ: അദ്നാ, കെലാൽ, ബെനായാവ്, മയശേയാവ്, മത്ഥന്യാവ്, ബെസലയേൽ, ബിന്നൂവി, മനശ്ശെ. 31ഹാരീമിന്റെ പുത്രന്മാരിൽ: എലീയേസെർ, യിശ്ശീയാവു, മല്ക്കീയാവു, ശെമയ്യാവ്, ശിമെയോൻ, 32ബെന്യാമീൻ, മല്ലൂക്, ശെമര്യാവ്. 33ഹാശൂമിൻ്റെ പുത്രന്മാരിൽ: മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി. 34ബാനിയുടെ പുത്രന്മാരിൽ: മയദായി, അമ്രാം, ഊവേൽ, 35ബെനായാവ്, ബേദെയാവ്, കെലൂഹൂം, 36വന്യാവ്, മെരേമോത്ത്, എല്യാശീബ്, 37മത്ഥന്യാവ്, മെത്ഥനായി, യാസൂ, 38ബാനി, ബിന്നൂവി, ശിമെയി, 39ശേലെമ്യാവ്, നാഥാൻ, അദായാവ്, 40മഖ്നദെബായി, ശാശായി, ശാരായി, 41അസരെയേൽ, ശേലെമ്യാവ്, ശെമര്യാവ്, 42ശല്ലൂം, അമര്യാവ്, യോസേഫ്. 43നെബോവിന്റെ പുത്രന്മാരിൽ: യെയീയേൽ, മിത്ഥിത്ഥ്യാവ്, സാബാദ്, സെബീനാ, യദ്ദായി, യോവേൽ, ബെനായാവ്.
44ഇവർ എല്ലാവരും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്നു; ചിലർക്ക് ഈ ഭാര്യമാരിൽ നിന്ന് മക്കളും ജനിച്ചിരുന്നു#10:44 ചിലർക്ക് ഈ ഭാര്യമാരിൽ നിന്ന് മക്കളും ജനിച്ചിരുന്നു ഭാര്യമാരിലുണ്ടായ മക്കളോടൊപ്പം അവരെ പറഞ്ഞയിച്ചിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
എസ്രാ 10: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.