എസ്രാ 3
3
യാഗപീഠം പുതുക്കിപ്പണിയുന്നു
1യിസ്രായേൽ മക്കൾ പ്രവാസത്തില്‍ നിന്ന് മടങ്ങിവന്നു പട്ടണങ്ങളിൽ പാർക്കുമ്പോൾ ഏഴാം മാസത്തിൽ അവർ ഒരുമനപ്പെട്ട് യെരൂശലേമിൽ വന്നുകൂടി. 2യോസാദാക്കിന്റെ മകൻ യേശുവയും, അവന്‍റെ സഹോദരന്മാരായ പുരോഹിതന്മാരും, ശെയല്ത്തീയേലിന്റെ മകൻ സെരുബ്ബാബേലും, അവന്‍റെ സഹോദരന്മാരും എഴുന്നേറ്റ് ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിന്, യിസ്രായേലിന്‍റെ ദൈവത്തിന്‍റെ യാഗപീഠം പണിതു. 3അവർ ദേശനിവാസികളെ ഭയപ്പെട്ടെങ്കിലും, യാഗപീഠത്തെ അതിന്‍റെ പഴയ അടിസ്ഥാനത്തിൽ പണിതു; യഹോവയ്ക്ക് കാലത്തും വൈകുന്നേരത്തുമുള്ള ഹോമയാഗങ്ങൾ, അതിൽ അർപ്പിച്ചു.
4ന്യായപ്രമാണത്തില്‍ എഴുതിയിരുന്ന ചട്ടപ്രകാരം അവർ കൂടാരപ്പെരുന്നാൾ ആചരിച്ചു; ഓരോ ദിവസത്തേക്കുള്ള നിയമപ്രകാരം, എണ്ണം അനുസരിച്ച് അവർ ഹോമയാഗം അർപ്പിച്ചു. 5അതിനുശേഷം അവർ നിരന്തരഹോമയാഗങ്ങളും, അമാവാസ്യകൾക്കും, യഹോവയ്ക്ക് വിശുദ്ധീകരിച്ചിരുന്ന ഉത്സവങ്ങൾക്കും, യഹോവയ്ക്ക് ഔദാര്യദാനങ്ങൾ കൊടുക്കുന്ന ഏവർക്കും ഉള്ള യാഗങ്ങളും അർപ്പിച്ചു. 6ഏഴാം മാസം ഒന്നാം തിയ്യതി മുതൽ അവർ യഹോവയ്ക്ക് ഹോമയാഗം അർപ്പിക്കുവാൻ തുടങ്ങി. എന്നാൽ യഹോവയുടെ മന്ദിരത്തിന്‍റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല.
ദൈവാലയ നിർമ്മാണം ആരംഭിക്കുന്നു
7അവർ കല്പണിക്കാർക്കും, ആശാരികൾക്കും പണമായിട്ടും, പാർസിരാജാവായ കോരെശിന്‍റെ കല്പനപ്രകാരം, ലെബാനോനിൽനിന്ന് ദേവദാരു കടൽവഴി യാഫോവിലേക്ക് കൊണ്ടുവരേണ്ടതിന്, സീദോന്യർക്കും സോര്യർക്കും ഭക്ഷണവും, പാനീയവും എണ്ണയും കൂലിയായി കൊടുത്തു.
8അവർ യെരൂശലേമിലെ ദൈവാലയത്തിൽ എത്തിയതിന്‍റെ രണ്ടാം വർഷം രണ്ടാം മാസം ശെയല്ത്തീയേലിന്റെ മകൻ സെരുബ്ബാബേലും, യോസാദാക്കിന്റെ മകൻ യേശുവയും, അവരുടെ ശേഷം സഹോദരന്മാരും, പുരോഹിതന്മാരും, ലേവ്യരും, പ്രവാസത്തിൽനിന്ന് യെരൂശലേമിലേക്ക് വന്നവർ എല്ലാവരുംകൂടി പണി തുടങ്ങി. ഇരുപതു വയസ്സ് മുതൽ മേലോട്ട് പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്‍റെ പണിക്ക് മേൽനോട്ടത്തിന് നിയമിച്ചു. 9അങ്ങനെ യേശുവയും, അവന്‍റെ പുത്രന്മാരും, സഹോദരന്മാരും, കദ്മീയേലും, അവന്‍റെ പുത്രന്മാരും, യൂദായുടെ പുത്രന്മാരും#3:9 യൂദായുടെ പുത്രന്മാരും ഹോദവ്യാവിന്റെ പുത്രന്മാരും, ഹെനാദാദിന്റെ പുത്രന്മാരും, അവരുടെ പുത്രന്മാരും, ലേവ്യരായ സഹോദരന്മാരും യഹോവയുടെ ആലയത്തിൽ വേലചെയ്യുന്നവരെ മേൽനോട്ടം വഹിക്കുവാൻ ഒരുമനപ്പെട്ടു നിന്നു.
10പണിയുന്നവർ യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ടപ്പോൾ, യിസ്രായേൽ രാജാവായ ദാവീദിന്‍റെ ചട്ടപ്രകാരം, യഹോവയ്ക്ക് സ്തോത്രം ചെയ്യേണ്ടതിന് വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും, ആസാഫ്യരായ ലേവ്യരെ, കൈത്താളങ്ങളോട് കൂടെയും നിർത്തി.
11“അവിടുന്ന് നല്ലവൻ;
യിസ്രായേലിനോട് അവിടുത്തെ ദയ എന്നേക്കും ഉള്ളത്”
എന്നിങ്ങനെ ഗാനപ്രതിഗാനം ചെയ്തുകൊണ്ട് അവർ യഹോവയെ വാഴ്ത്തി സ്തുതിച്ചു. അവർ അങ്ങനെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്‍റെ അടിസ്ഥാനം ഇട്ടതുകൊണ്ട് ജനമെല്ലാം അത്യുച്ചത്തിൽ ആർത്തു ഘോഷിച്ചു.
12എന്നാൽ, പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകർ ഈ ആലയത്തിന്‍റെ അടിസ്ഥാനം ഇട്ടത് നേരിട്ട് കണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി. മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു. 13അങ്ങനെ അവർ അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ട്, ജനത്തിന് സന്തോഷത്തിന്‍റെയും കരച്ചലിന്‍റെയും ശബ്ദം തമ്മിൽ തിരിച്ചറിവാൻ കഴിയാതെയിരുന്നു. ജനം അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ട് ഘോഷസ്വരം ബഹുദൂരം കേട്ടു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
എസ്രാ 3: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.