എസ്രാ 8
8
എസ്രായോടൊപ്പം തിരിച്ചുവന്നവർ
1അർത്ഥഹ്ശഷ്ടാരാജാവിന്റെ വാഴ്ചയുടെ കാലത്ത് ബാബേലിൽനിന്ന് എന്നോടുകൂടെ പോന്ന പിതൃഭവനത്തലവന്മാരും, അവരുടെ വംശാവലികളും ഇപ്രകാരം ആകുന്നു:
2ഫീനെഹാസിന്റെ പുത്രന്മാരിൽ ഗേർശോം; ഈഥാമാരിന്റെ പുത്രന്മാരിൽ ദാനീയേൽ; ദാവീദിന്റെ പുത്രന്മാരിൽ ഹത്തൂശ്; 3ശെഖന്യാവിന്റെ പുത്രൻ പറോശിന്റെ പുത്രന്മാരിൽ സെഖര്യാവും, അവനോടുകൂടെ വംശാവലിയിൽ രേഖപെടുത്തിയിരുന്ന നൂറ്റമ്പത് (150) പുരുഷന്മാരും.
4പഹത്ത്-മോവാബിന്റെ പുത്രൻ സെരഹ്യാവിന്റെ പുത്രന്മാരിൽ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറ് (200) പുരുഷന്മാരും, 5ശെഖന്യാവിന്റെ പുത്രന്മാരിൽ യഹസീയേലും, അവനോടുകൂടെ മുന്നൂറ് (300) പുരുഷന്മാരും. 6ആദീൻ്റെ പുത്രന്മാരിൽ, യോനാഥാന്റെ മകൻ ഏബെദും അവനോടുകൂടെ അമ്പത് (50) പുരുഷന്മാരും. 7ഏലാമിന്റെ പുത്രന്മാരിൽ, അഥല്യാവിന്റെ മകൻ യെശയ്യാവും അവനോടുകൂടെ എഴുപത് (70) പുരുഷന്മാരും. 8ശെഫത്യാവിന്റെ പുത്രന്മാരിൽ, മീഖായേലിന്റെ മകൻ സെബദ്യാവും അവനോടുകൂടെ എൺപത് (80) പുരുഷന്മാരും. 9യോബാവിന്റെ പുത്രന്മാരിൽ, യെഹീയേലിന്റെ മകൻ ഓബദ്യാവും അവനോടുകൂടെ ഇരുനൂറ്റിപതിനെട്ട് (218) പുരുഷന്മാരും. 10ശെലോമീത്തിന്റെ പുത്രൻ ബെൻ യോസിഫ്യാവും, അവനോടുകൂടെ നൂറ്ററുപത് (160) പുരുഷന്മാരും. 11ബേബായിയുടെ പുത്രന്മാരിൽ, സെഖര്യാവും അവനോടുകൂടെ ഇരുപത്തെട്ട് (28) പുരുഷന്മാരും. 12അസ്ഗാദിന്റെ പുത്രന്മാരിൽ, ഹക്കാതാന്റെ മകൻ യോഹാനാനും, അവനോടുകൂടെ നൂറ്റിപ്പത്ത് (110) പുരുഷന്മാരും. 13അദോനീക്കാമിന്റെ അവസാനത്തെ പുത്രന്മാരിൽ എലീഫേലെത്ത്, യെയീയേൽ, ശെമയ്യാവ് എന്നിവരും അവരോടുകൂടെ അറുപതു (60) പുരുഷന്മാരും. 14ബിഗ്വായുടെ പുത്രന്മാരിൽ ഊഥായിയും, സബൂദും അവരോടുകൂടെ എഴുപത് (70) പുരുഷന്മാരും.
എസ്രാ ലേവ്യരെ കണ്ടെത്തുന്നു
15ഇവരെ ഞാൻ അഹവായിലേക്ക് ഒഴുകുന്ന ആറ്റിനരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങൾ മൂന്നു ദിവസം പാളയമടിച്ച് പാർത്തു; ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചപ്പോൾ, ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല. 16അപ്പോൾ ഞാൻ എലീയേസെർ, അരീയേൽ, ശെമയ്യാവ്, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യാവ്, മെശുല്ലാം എന്നീ നായകന്മാരെയും ജ്ഞാനികളായ യോയാരീബ്, എൽനാഥാൻ എന്നിവരെയും വിളിപ്പിച്ചു. 17അവരെ കാസിഫ്യാ എന്ന സ്ഥലത്തെ പ്രധാനിയായ, ഇദ്ദോവിന്റെ അടുക്കൽ അയച്ചു. നമ്മുടെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി ശുശ്രൂഷകന്മാരെ കൊണ്ടുവരേണ്ടതിന് അവർ കാസിഫ്യയിലെ ഇദ്ദോവോടും, അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ട വാക്കുകൾ അവർക്ക് ഉപദേശിച്ചുകൊടുത്തു.
18ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നതിനാൽ അവർ യിസ്രായേലിന്റെ മകൻ ലേവിയുടെ മകൻ മഹ്ലിയുടെ പുത്രന്മാരിൽ വിവേകശാലിയായ ശേരബ്യാവും, അവന്റെ പുത്രന്മാർ, സഹോദരന്മാർ 19ഇങ്ങനെ പതിനെട്ടുപേരെയും, മെരാരിയുടെ പുത്രന്മാരിൽ, ഹശബ്യാവും, അവനോടുകൂടെ യെശയ്യാവ്, അവന്റെ പുത്രന്മാർ, സഹോദരന്മാർ 20ഇങ്ങനെ ഇരുപതുപേരെയും, ദാവീദും പ്രഭുക്കന്മാരും ലേവ്യർക്ക് ശുശ്രൂഷക്കാരായി കൊടുത്ത ദൈവാലയദാസന്മാരിൽ ഇരുനൂറ്റിയിരുപത് (220) പേരെയും ഞങ്ങളുടെ അടുക്കൽ കൂട്ടി കൊണ്ടുവന്നു. അവരുടെ എല്ലാം പേരു വിവരം രേഖപ്പെടുത്തിയിരുന്നു.
ഉപവാസവും പ്രാർത്ഥനയും
21അനന്തരം ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നെ വിനയപ്പെടുത്തേണ്ടതിനും, ഞങ്ങളും ഞങ്ങളുടെ കുഞ്ഞുകുട്ടികളും സകലസമ്പത്തും സുരക്ഷിതമാകുവാനും ദൈവത്തോട് ശുഭയാത്ര യാചിക്കേണ്ടതിനും വേണ്ടി, ഞാൻ അഹവാ ആറ്റരികത്തു വച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി. 22ഞങ്ങളുടെ ദൈവം, അവിടുത്തെ അന്വേഷിക്കുന്ന ഏവർക്കും അനുകൂലമായും, ഉപേക്ഷിക്കുന്ന ഏവർക്കും പ്രതികൂലമായും ഇരിക്കുന്നു എന്നും ഞങ്ങൾ രാജാവിനോട് പറഞ്ഞിരുന്നതുകൊണ്ട്, വഴിയിൽ ശത്രുവിന്റെ നേരെ ഞങ്ങളെ സഹായിക്കുവാൻ അകമ്പടിയായി പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോട് അപേക്ഷിക്കുവാൻ ഞാൻ ലജ്ജിച്ചിരുന്നു. 23അങ്ങനെ ഞങ്ങൾ ഉപവസിച്ച് ഞങ്ങളുടെ ദൈവത്തോട് പ്രാർത്ഥിച്ചു; അവിടുന്ന് ഞങ്ങളുടെ പ്രാർത്ഥന കേട്ടു.
ദൈവാലയത്തിനുവേണ്ടി സംഭാവന
24പിന്നെ ഞാൻ പുരോഹിതന്മാരുടെ പ്രധാനികളിൽ ശേരെബ്യാവെയും, ഹശബ്യാവെയും അവരോടുകൂടെ അവരുടെ സഹോദരന്മാരിൽ പത്തുപേരെയും തെരഞ്ഞെടുത്തു. 25രാജാവും, അവന്റെ മന്ത്രിമാരും, പ്രഭുക്കന്മാരും അവിടെയുണ്ടായിരുന്ന യിസ്രായേല്യർ ഒക്കെയും നമ്മുടെ ദൈവത്തിന്റെ ആലയത്തിനായി അർപ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാൻ അവർക്ക് തൂക്കിക്കൊടുത്തു. 26ഞാൻ അവരുടെ കയ്യിൽ അറുനൂറ്റമ്പത് (650) താലന്തു വെള്ളിയും, നൂറ് (100) താലന്തു വെള്ളിയുപകരണങ്ങളും, നൂറ് (100) താലന്തു പൊന്നും 27ഏകദേശം 8. 5 കിലോഗ്രാം സ്വര്ണ്ണ നാണയങ്ങള്#8:27 ഏകദേശം 8. 5 കിലോഗ്രാം ആയിരം തങ്കക്കാശ് വിലയുള്ള ഇരുപതു (20) പൊൻപാത്രങ്ങളും, പൊന്നുപോലെ വിലയുള്ള മിനുക്കിയ താമ്രംകൊണ്ടുള്ള രണ്ടു പാത്രങ്ങളും തൂക്കിക്കൊടുത്തു.
28ഞാൻ അവരോട്: “നിങ്ങൾ ദൈവത്തിന് വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നെ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് ഔദാര്യദാനമാകുന്നു. 29നിങ്ങൾ അവയെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികൾക്കും യിസ്രായേലിന്റെ പിതൃഭവനപ്രഭുക്കന്മാർക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊൾവിൻ” എന്നു പറഞ്ഞു. 30അങ്ങനെ പുരോഹിതന്മാരും, ലേവ്യരും ആ വെള്ളിയും പൊന്നും ഉപകരണങ്ങളും യെരൂശലേമിൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്ക് കൊണ്ടുപോകേണ്ടതിന് തൂക്കപ്രകാരം ഏറ്റുവാങ്ങി.
യെരൂശലേമിലേക്കുള്ള മടക്കയാത്ര
31യെരൂശലേമിന് പോകുവാൻ ഞങ്ങൾ ഒന്നാം മാസം പന്ത്രണ്ടാം തീയതി അഹവാ ആറ്റിനരികെ നിന്നു പുറപ്പെട്ടു. ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നു; അവിടുന്ന് ശത്രുവിന്റെയും, വഴിയിലുള്ള പതിയിരുപ്പുകാരന്റെയും കയ്യിൽനിന്ന് ഞങ്ങളെ കാത്തു രക്ഷിച്ചു. 32അങ്ങനെ ഞങ്ങൾ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം പാർത്തു. 33നാലാം ദിവസം ഞങ്ങൾ ആ വെള്ളിയും പൊന്നും ഉപകരണങ്ങളും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽ ഊരീയാപുരോഹിതന്റെ മകൻ മെരേമോത്തിന്റെ കയ്യിൽ തൂക്കിക്കൊടുത്തു. അവനോടുകൂടെ ഫീനെഹാസിന്റെ മകൻ എലെയാസാരും, യേശുവയുടെ മകൻ യോസാബാദ്, ബിന്നൂവിയുടെ മകൻ നോവദ്യാവ് എന്നീ ലേവ്യരും ഉണ്ടായിരുന്നു. 34എല്ലാം എണ്ണവും തൂക്കവും അനുസരിച്ച് കൊടുത്തു; തൂക്കം ഒക്കെയും അപ്പോൾ തന്നെ എഴുതിവച്ചു.
35മടങ്ങിവന്ന പ്രവാസികൾ യിസ്രായേലിന്റെ ദൈവത്തിന് ഹോമയാഗങ്ങൾക്കായി, എല്ലാ യിസ്രായേലിനുംവേണ്ടി പന്ത്രണ്ട് കാളയെയും, തൊണ്ണൂറ്റാറ് ആട്ടുകൊറ്റനെയും എഴുപത്തേഴ് കുഞ്ഞാടിനെയും, പാപയാഗത്തിനായി പന്ത്രണ്ട് വെള്ളാട്ടുകൊറ്റനെയും അർപ്പിച്ചു; അതൊക്കെയും യഹോവയ്ക്ക് ഹോമയാഗം ആയിരുന്നു. 36അവർ രാജാവിന്റെ ആജ്ഞകൾ നദിക്കിക്കരെയുള്ള രാജാവിന്റെ സംസ്ഥാനാധിപന്മാർക്കും, ദേശാധിപതികൾക്കും കൈമാറി. അവർ ജനത്തിനും ദൈവത്തിന്റെ ആലയത്തിനും ആവശ്യമായ സഹായം ചെയ്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
എസ്രാ 8: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.