ഉല്പ. 25
25
അബ്രാഹാമിന്റെ മരണം
1അബ്രാഹാം വേറൊരു ഭാര്യയെ സ്വീകരിച്ചു; അവൾക്കു കെതൂറാ എന്നു പേർ. 2അവൾ അവനു സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു. 3യൊക്ശാൻ ശെബയാ ദെദാൻ എന്നിവർക്കു ജന്മം നൽകി; ദെദാൻ്റെ പുത്രന്മാർ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവർ. 4മിദ്യാന്റെ പുത്രന്മാർ ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ എന്നിവർ. ഇവർ എല്ലാവരും കെതൂറായുടെ മക്കൾ.
5എന്നാൽ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിനു കൊടുത്തു. 6അബ്രാഹാമിന് ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കൾക്കോ അബ്രാഹാം ദാനങ്ങൾ കൊടുത്തു; താൻ ജീവനോടിരിക്കുമ്പോൾ തന്നെ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്ന് കിഴക്കോട്ടു, കിഴക്കുദേശത്തേക്ക് അയച്ചു.
7അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു (175) വർഷം ആയിരുന്നു. 8അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ മരിച്ചു, തന്റെ ജനത്തോടു ചേർന്നു. 9അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിൻ്റെ മകനായ എഫ്രോനെന്ന ഹിത്യൻ്റെ നിലത്ത് മക്പേലാഗുഹയിൽ അവനെ അടക്കം ചെയ്തു. 10അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയ നിലത്തു തന്നെ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും അടക്കം ചെയ്തു. 11അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്ക് ബേർലഹയിരോയീക്കരികെ വസിച്ചു.
12സാറായുടെ മിസ്രയീമ്യ ദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം: 13അവരുടെ ജനനക്രമം അനുസരിച്ച് പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം, 14മിശ്മാ, ദൂമാ, മസ്സാ, 15ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദമാ. 16പന്ത്രണ്ട് പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഗ്രാമങ്ങളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നെ. 17യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു (137) വർഷം ആയിരുന്നു; അവൻ മരിച്ചു, തന്റെ ജനത്തോടു ചേർന്നു. 18ഹവീലായിൽ നിന്ന് അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിനു കിഴക്കുള്ള#25:18 അവരുടെ സഹോദരന്മാരുടെ കിഴക്ക് ഭാഗത്താണ് പാര്‍ത്തിരുന്നത്, അര്‍ത്ഥമാക്കുന്നത് സഹോദരന്മാരുമായി ശത്രുതയിലായിരുന്നു ശൂർവരെ അവർ പാർത്തിരുന്നു; അവർ ചാർച്ചക്കാരിൽ നിന്നെല്ലാം അകന്നാണു ജീവിച്ചത്.
യാക്കോബും ഏശാവും
19അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാണിത്: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. 20യിസ്ഹാക്കിനു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിൻ്റെ പുത്രിയും അരാമ്യനായ ലാബാൻ്റെ സഹോദരിയുമായ റിബെക്കായെ ഭാര്യയായി സ്വീകരിച്ചു.
21തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ട് യിസ്ഹാക്ക് അവൾക്കുവേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭംധരിച്ചു. 22അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: “ഇങ്ങനെയായാൽ ഞാൻ എങ്ങനെ ജീവിക്കും” എന്നു പറഞ്ഞ്, യഹോവയോടു ചോദിക്കുവാൻ പോയി. 23യഹോവ അവളോട്:
“രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽ ഉണ്ട്.
രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നെ പിരിയും;
ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും
മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അരുളിച്ചെയ്തു.
24അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടക്കുട്ടികൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു. 25ഒന്നാമത്തവൻ ചുവന്നവനായി പുറത്തു വന്നു, ശരീരം മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ആയിരുന്നു; അവർ അവനു ഏശാവ്#25:25 രോമം നിറഞ്ഞവന്, ഏദോം എന്നാല്‍ ചുവന്നത് എന്നു പേരിട്ടു. 26പിന്നെ അവന്റെ സഹോദരൻ പുറത്തു വന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ #25:26 കുതികാൽ കാലിന്റെ ഉപ്പൂറ്റി. പിടിച്ചിരുന്നു; അവനു യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.
ഏശാവ് ജ്യേഷ്ഠാവകാശം വിൽക്കുന്നു
27കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർത്ഥനും കാനനസഞ്ചാരിയും യാക്കോബ് ശാന്തശീലനും കൂടാരവാസിയും ആയിരുന്നു. 28ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ട് യിസ്ഹാക്ക് അവനെ സ്നേഹിച്ചു; റിബെക്കായോ യാക്കോബിനെ സ്നേഹിച്ചു. 29ഒരിക്കൽ യാക്കോബ് ഒരു പായസം വച്ചു; ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; അവൻ വളരെ ക്ഷീണിതനായിരുന്നു. 30ഏശാവ് യാക്കോബിനോട്: “ആ ചുവന്ന പായസം കുറെ എനിക്ക് തരേണം; ഞാൻ വളരെ ക്ഷീണിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് അവനു ഏദോം (ചുവന്നവൻ) എന്നു പേരായി. 31“നിന്റെ ജ്യേഷ്ഠാവകാശം ഇന്ന് എനിക്ക് വില്‍ക്കുക” എന്നു യാക്കോബ് പറഞ്ഞു.
32അതിന് ഏശാവ്: “ഞാൻ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്ക് എന്തിന്? എന്നു പറഞ്ഞു.
33“ഇന്ന് എന്നോട് സത്യം ചെയ്ക” എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോട് സത്യംചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു.
34യാക്കോബ് ഏശാവിന് അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവൻ ഭക്ഷിച്ചു പാനംചെയ്ത്, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഉല്പ. 25: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.