ഉല്പ. 31
31
യാക്കോബ് ലാബാൻ്റെ അടുക്കൽനിന്ന് ഓടിപ്പോകുന്നു
1എന്നാൽ “ഞങ്ങളുടെ അപ്പനുള്ളതെല്ലാം യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്‍റെ വകകൊണ്ട് അവൻ ഈ ധനം എല്ലാം സമ്പാദിച്ചു” എന്നു ലാബാൻ്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ യാക്കോബ് കേട്ടു. 2യാക്കോബ് ലാബാൻ്റെ മുഖത്തു നോക്കിയപ്പോൾ അത് തന്‍റെ നേരെ മുമ്പേ ഇരുന്നതു പോലെ അല്ല എന്നു കണ്ടു.
3അപ്പോൾ യഹോവ യാക്കോബിനോട്: “നിന്‍റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്‍റെ കുടുംബക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോകുക; ഞാൻ നിന്നോടുകൂടെ ഇരിക്കും” എന്നു അരുളിച്ചെയ്തു.
4യാക്കോബ് ആളയച്ച് റാഹേലിനേയും ലേയായെയും വയലിൽ തന്‍റെ ആട്ടിൻ കൂട്ടത്തിന്‍റെ അടുക്കലേക്ക് വിളിപ്പിച്ചു. 5അവരോടു പറഞ്ഞത്: “നിങ്ങളുടെ അപ്പന്‍റെ മുഖം എന്‍റെ നേരെ മുമ്പേ ഇരുന്നതു പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്‍റെ അപ്പന്‍റെ ദൈവം എന്നോടുകൂടി ഉണ്ടായിരുന്നു. 6നിങ്ങളുടെ അപ്പനെ ഞാൻ എന്‍റെ സർവ്വബലത്തോടുംകൂടി സേവിച്ചു എന്നു നിങ്ങൾക്ക് തന്നെ അറിയാമല്ലോ. 7നിങ്ങളുടെ അപ്പനോ എന്നെ ചതിച്ച് എന്‍റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോട് ദോഷം ചെയ്യുവാൻ ദൈവം അവനെ സമ്മതിച്ചില്ല. 8‘പുള്ളിയുള്ളവ നിന്‍റെ പ്രതിഫലം ആയിരിക്കട്ടെ’ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; ‘വരയുള്ളവ നിന്‍റെ പ്രതിഫലം ആയിരിക്കട്ടെ’ എന്നവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു. 9ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്‍റെ ആട്ടിൻകൂട്ടത്തെ എടുത്ത് എനിക്ക് തന്നിരിക്കുന്നു.
10“ആടുകൾ ചനയേല്ക്കുന്ന കാലത്ത് ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവ എന്നു കണ്ടു. 11ദൈവത്തിന്‍റെ ദൂതൻ സ്വപ്നത്തിൽ എന്നോട്: ‘യാക്കോബേ’ എന്നു വിളിച്ചു; ‘ഞാൻ ഇതാ’ എന്നു ഞാൻ പറഞ്ഞു. 12അപ്പോൾ ദൂതൻ: ‘നീ തലപൊക്കി നോക്കുക; ആടുകളുടെമേൽ കയറുന്ന മുട്ടാടുകൾ എല്ലാം വരയും പുള്ളിയും മറുകുമുള്ളവയല്ലോ; ലാബാൻ നിന്നോട് ചെയ്യുന്നതൊക്കെയും ഞാൻ കണ്ടിരിക്കുന്നു. 13നീ തൂണിനെ അഭിഷേകം ചെയ്യുകയും എന്നോട് നേർച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിൻ്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റ്, ഈ ദേശംവിട്ട് നിന്‍റെ ജന്മദേശത്തേക്കു മടങ്ങിപ്പോകുക’ എന്നു കല്പിച്ചിരിക്കുന്നു.”
14റാഹേലും ലേയായും അവനോട് ഉത്തരം പറഞ്ഞത്: “അപ്പന്‍റെ വീട്ടിൽ ഞങ്ങൾക്ക് ഇനി ഓഹരിയും അവകാശവും ഉണ്ടോ? 15അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നത്? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ. 16ദൈവം ഞങ്ങളുടെ അപ്പന്‍റെ പക്കൽനിന്ന് എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോട് കല്പിച്ചതൊക്കെയും ചെയ്തുകൊള്ളുക.”
17അങ്ങനെ യാക്കോബ് എഴുന്നേറ്റ് തന്‍റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി. 18തന്‍റെ കന്നുകാലികളെ മുഴുവനും താൻ സമ്പാദിച്ച സകല സമ്പത്തൊക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തൊക്കെയും ചേർത്തുകൊണ്ട് കനാൻദേശത്തു തന്‍റെ അപ്പനായ യിസ്ഹാക്കിന്‍റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു. 19ലാബാൻ തന്‍റെ ആടുകളെ രോമം കത്രിക്കുവാൻ പോയിരുന്നു; റാഹേൽ തന്‍റെ അപ്പനുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു. 20താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയത്. 21ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദികടന്നു, ഗിലെയാദ് പർവ്വതത്തിനു നേരെ തിരിഞ്ഞു.
22യാക്കോബ് ഓടിപ്പോയി എന്നു ലാബാനു മൂന്നാംദിവസം അറിവുകിട്ടി. 23ഉടനെ അവൻ തന്‍റെ സഹോദരന്മാരെ കൂട്ടിക്കൊണ്ട് ഏഴു ദിവസത്തെ വഴി അവനെ പിന്തുടർന്നു ഗിലെയാദ് പർവ്വതത്തിൽ അവനോടൊപ്പം എത്തി. 24എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാൻ്റെ അടുക്കൽവന്ന് അവനോട്: “നീ യാക്കോബിനോട് ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക” എന്നു കല്പിച്ചു.
25ലാബാൻ യാക്കോബിനോടൊപ്പം എത്തി; യാക്കോബ് പർവ്വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്‍റെ സഹോദരന്മാരുമായി ഗിലെയാദ് പർവ്വതത്തിൽ കൂടാരം അടിച്ചു. 26ലാബാൻ യാക്കോബിനോടു പറഞ്ഞത്: “നീ എന്നെ ഒളിച്ചു പോകുകയും എന്‍റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകുകയും ചെയ്തത് എന്ത്? 27നീ എന്നെ തോല്പിച്ചു രഹസ്യമായിട്ട് ഓടിപ്പോകുകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയയ്ക്കുവാൻ തക്കവണ്ണം എന്നെ അറിയിക്കാതിരിക്കുകയും 28എന്‍റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കുവാൻ എനിക്ക് അവസരം തരാതിരിക്കുകയും ചെയ്തത് എന്ത്? ഭോഷത്വമാണു നീ ചെയ്തത്. 29നിങ്ങളോട് ദോഷം ചെയ്യുവാൻ എന്‍റെ പക്കൽ ശക്തിയുണ്ട്; എങ്കിലും ‘നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക’ എന്നു നിങ്ങളുടെ പിതാവിന്‍റെ ദൈവം കഴിഞ്ഞ രാത്രി എന്നോട് കല്പിച്ചിരിക്കുന്നു. 30ആകട്ടെ, നിന്‍റെ പിതൃഭവനത്തോടുള്ള അതിവാഞ്ഛയാൽ നീ പുറപ്പെട്ടുപോന്നു; എന്നാൽ എന്‍റെ ഗൃഹബിംബങ്ങളെ മോഷ്ടിച്ചത് എന്തിന്?”
31യാക്കോബ് ലാബാനോട്: “പക്ഷേ നിന്‍റെ പുത്രിമാരെ നീ എന്‍റെ പക്കൽനിന്ന് ബലമായി പിടിച്ചുവയ്ക്കും എന്നു ഞാൻ ഭയപ്പെട്ടു. 32എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്‍റെ ഗൃഹബിംബങ്ങളെ കണ്ടാൽ അവൻ ജീവനോടിരിക്കരുത്; എന്‍റെ പക്കൽ നിന്‍റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാർ കാൺകെ നോക്കി എടുക്ക” എന്നുത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്ടിച്ചത് യാക്കോബ് അറിഞ്ഞില്ല.
33അങ്ങനെ ലാബാൻ യാക്കോബിന്‍റെ കൂടാരത്തിലും ലേയായുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ലതാനും; അവൻ ലേയായുടെ കൂടാരത്തിൽനിന്ന് ഇറങ്ങി റാഹേലിന്‍റെ കൂടാരത്തിൽ ചെന്നു. 34എന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്ത് ഒട്ടകക്കോപ്പിനുള്ളിൽ ഇട്ടു അതിന്മേൽ ഇരിക്കുകയായിരുന്നു. ലാബാൻ കൂടാരത്തിൽ എല്ലായിടത്തും തിരഞ്ഞുനോക്കി, കണ്ടില്ലതാനും. 35അവൾ അപ്പനോട്: “യജമാനൻ കോപിക്കരുതേ; നിന്‍റെ മുമ്പാകെ എഴുന്നേൽക്കുവാൻ എനിക്ക് കഴിയുകയില്ല; സ്ത്രീകൾക്കുള്ള പതിവ് എനിക്ക് വന്നിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ അവൻ പരിശോധിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ലതാനും.
36അപ്പോൾ യാക്കോബിനു കോപം ജ്വലിച്ചു, അവൻ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞത് എന്തെന്നാൽ: “എന്‍റെ കുറ്റം എന്ത്? നീ ഇത്ര ഉഗ്രതയോടെ എന്‍റെ പിന്നാലെ ഓടി വരേണ്ടതിന് എന്‍റെ തെറ്റ് എന്ത്? 37നീ എന്‍റെ സാധനങ്ങളൊക്കെയും പരിശോധിച്ചുവല്ലോ; നിന്‍റെ വീട്ടിലെ സാധനം വല്ലതും കണ്ടുവോ? എന്‍റെ സഹോദരന്മാർക്കും നിന്‍റെ സഹോദരന്മാർക്കും മുമ്പാകെ ഇവിടെ വെക്കുക; അവർ നമുക്കിരുവർക്കും മദ്ധ്യേ വിധിക്കട്ടെ.
38“ഈ ഇരുപതു വർഷം ഞാൻ നിന്‍റെ അടുക്കൽ പാർത്തു; നിന്‍റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല. നിന്‍റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല. 39ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്‍റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന് ഉത്തരവാദിയായിരുന്നു; പകൽ മോഷണം പോയതിനെയും രാത്രി മോഷണം പോയതിനെയും നീ എന്നോട് ചോദിച്ചു.
40“ഇതായിരുന്നു എന്‍റെ അനുഭവം; പകൽ വെയിൽകൊണ്ടും രാത്രി തണുപ്പുകൊണ്ടും ഞാൻ ക്ഷയിച്ചു; എന്‍റെ കണ്ണിന് ഉറക്കമില്ലാതെയായി. 41ഈ ഇരുപതു വർഷം ഞാൻ നിന്‍റെ വീട്ടിൽ വസിച്ചു; പതിനാല് വർഷം നിന്‍റെ രണ്ടു പുത്രിമാർക്കായിട്ടും ആറു വർഷം നിന്‍റെ ആട്ടിൻകൂട്ടത്തിനായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്‍റെ പ്രതിഫലം മാറ്റി. 42എന്‍റെ പിതാവിന്‍റെ ദൈവമായ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ഭയവുമായവൻ എനിക്ക് ഇല്ലായിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്‍റെ കഷ്ടതയും എന്‍റെ കൈകളുടെ അധ്വാനവും കണ്ടു കഴിഞ്ഞ രാത്രി ന്യായംവിധിച്ചു.”
43ലാബാൻ യാക്കോബിനോട്: “പുത്രിമാർ എന്‍റെ പുത്രിമാർ, മക്കൾ എന്‍റെ മക്കൾ, ആട്ടിൻകൂട്ടം എന്‍റെ ആട്ടിൻകൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതുതന്നെ; ഈ എന്‍റെ പുത്രിമാരോടോ അവർ പ്രസവിച്ച മക്കളോടോ ഞാൻ ഇന്ന് എന്ത് ചെയ്യും? 44അതുകൊണ്ട് വരിക, ഞാനും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്യുക; അത് എനിക്കും നിനക്കും മദ്ധ്യേ സാക്ഷിയായിരിക്കട്ടെ” എന്നു ഉത്തരം പറഞ്ഞു.
45അപ്പോൾ യാക്കോബ് ഒരു കല്ല് എടുത്തു തൂണായി നിർത്തി. 46“കല്ലുകൾ കൂട്ടുവിൻ” എന്നു യാക്കോബ് തന്‍റെ സഹോദരന്മാരോട് പറഞ്ഞു; അവർ കല്ലുകൾ എടുത്ത് ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽവച്ച് അവർ ഭക്ഷണം കഴിച്ചു. 47ലാബാൻ അതിന് യെഗർ-സഹദൂഥാ എന്നു പേരിട്ടു; എന്നാൽ യാക്കോബ് അതിന് ഗലേദ് #31:47 സാക്ഷ്യത്തിൻ്റെ കൂമ്പാരംഎന്നു പേരിട്ടു.
48“ഈ കൂമ്പാരം ഇന്ന് എനിക്കും നിനക്കും മദ്ധ്യേ സാക്ഷി” എന്നു ലാബാൻ പറഞ്ഞു. അതുകൊണ്ട് അതിന് ഗലേദ് എന്നും മിസ്പാ#31:48 ഉയര്‍ന്ന സ്ഥലംഎന്നും പേരായി: 49“നാം തമ്മിൽ അകന്നിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും മദ്ധ്യേ കാവലായിരിക്കട്ടെ. 50നീ എന്‍റെ പുത്രിമാരെ ഉപദ്രവിക്കുകയോ എന്‍റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ സ്വീകരിക്കുകയോ ചെയ്യുമെങ്കിൽ നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നെ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി” എന്നു അവൻ പറഞ്ഞു.
51ലാബാൻ പിന്നെയും യാക്കോബിനോട്: “ഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മദ്ധ്യേ നിർത്തിയ തൂൺ. 52ദോഷത്തിനായി ഞാൻ ഈ കൂമ്പാരം കടന്നു നിന്‍റെ അടുക്കൽ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്ന് എന്‍റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന് ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി. 53അബ്രാഹാമിന്‍റെ ദൈവവും നാഹോരിൻ്റെ ദൈവവും അവരുടെ പിതാവിന്‍റെ ദൈവവുമായവൻ നമുക്കു മദ്ധ്യേ വിധിക്കട്ടെ” എന്നു പറഞ്ഞു.
യാക്കോബ് തന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ഭയമായവനെച്ചൊല്ലി സത്യംചെയ്തു. 54പിന്നെ യാക്കോബ് പർവ്വതത്തിൽ യാഗം അർപ്പിച്ചു ഭക്ഷണം കഴിക്കുവാൻ തന്‍റെ സഹോദരന്മാരെ വിളിച്ചു; അവർ ഭക്ഷണം കഴിച്ചു പർവ്വതത്തിൽ രാത്രിപാർത്തു. 55ലാബാൻ അതിരാവിലെ എഴുന്നേറ്റ് തന്‍റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഉല്പ. 31: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.