എബ്രാ. 13
13
സമാപന സാന്മാർഗീക ഉപദേശങ്ങൾ
1സഹോദര സ്നേഹം തുടരട്ടെ. 2അപരിചിതരെ സ്വീകരിക്കുന്നത് മറക്കരുത് ഇങ്ങനെ ചെയ്യുന്നതുകൊണ്ടു ചിലർ അറിയാതെ ദൈവദൂതന്മാരെയും സൽക്കരിച്ചിട്ടുണ്ടല്ലോ. 3നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ. 4വിവാഹം എല്ലാവരാലും ബഹുമാനിയ്ക്കപ്പെടട്ടെ, വിവാഹിതരുടെ കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.
5നിങ്ങളുടെ ജീവിതവഴികളിൽ ദ്രവ്യാഗ്രഹമില്ലാതിരിക്കട്ടെ; ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടുവിൻ:
“ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല,
ഉപേക്ഷിക്കുകയുമില്ല”
എന്നു ദൈവം തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
6ആകയാൽ “കർത്താവ് എനിക്ക് തുണ;
ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും”
എന്നു ധൈര്യത്തോടെ പറയേണ്ടതിന് നമുക്ക് സംതൃപ്തരായിരിക്കാം.
7നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവിതത്തിന്റെ സഫലത ഓർത്തു അവരുടെ വിശ്വാസം അനുകരിക്കുവിൻ. 8യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും മാറ്റമില്ലാത്തവൻ തന്നെ.
9വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുത്; ആചരിച്ചുപോന്നവർക്ക് പ്രയോജനമില്ലാത്ത ഭക്ഷണനിയമങ്ങളാലല്ല, ദൈവകൃപയാൽ തന്നെ ആന്തരികശക്തി പ്രാപിക്കുന്നത് നല്ലത്. 10സമാഗമനകൂടാരത്തിനുള്ളിൽ ശുശ്രൂഷിക്കുന്നവർക്ക് ഭക്ഷിക്കുവാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്.
11മഹാപുരോഹിതൻ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടൽ പാളയത്തിന് പുറത്തുവച്ച് ചുട്ടുകളയുന്നു. 12അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന് നഗരവാതിലിന് പുറത്തുവച്ച് കഷ്ടം അനുഭവിച്ചു. 13ആകയാൽ നാം അവന്‍റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന് പുറത്തു അവന്‍റെ അടുക്കൽ ചെല്ലുക. 14ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ള നഗരമത്രേ നാം അന്വേഷിക്കുന്നത്.
15അതുകൊണ്ട് അവൻ മുഖാന്തരം നാം ദൈവത്തിന് അവന്‍റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. 16നന്മചെയ്‌വാനും കൂട്ടായ്മ കാണിക്കുവാനും മറക്കരുത്. ഈ വക യാഗത്തിലല്ലോ ദൈവം വളരെ പ്രസാദിക്കുന്നത്.
17നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്ക് ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്ക് വേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ദുഃഖത്തോടെയല്ല സന്തോഷത്തോടെ ചെയ്‌വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്ക് നന്നല്ല.
ആശിർവാദവും ആശംസകളും
18ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കകൊണ്ട് ഞങ്ങൾക്കു നല്ല മനസ്സാക്ഷി ഉണ്ടെന്ന് ഞങ്ങൾ ഉറച്ചിരിക്കുന്നു. 19ഞാൻ നിങ്ങളുടെ അടുക്കൽ വേഗത്തിൽ വീണ്ടും വരേണ്ടതിന് നിങ്ങൾ പ്രാർത്ഥിക്കേണം എന്നു ഞാൻ വിശേഷാൽ അപേക്ഷിക്കുന്നു.
20നിത്യനിയമത്തിൻ്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്ന് മടക്കി വരുത്തിയ സമാധാനത്തിന്‍റെ ദൈവം, 21നിങ്ങളെ അവന്‍റെ ഇഷ്ടം ചെയ്‌വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തു മുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ; അവനു എന്നേക്കും മഹത്വം. ആമേൻ.
22സഹോദരന്മാരേ, ഈ ചുരുങ്ങിയ പ്രബോധനം ക്ഷമയോടെ സ്വീകരിക്കണം എന്നു ഞാൻ അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാൻ എഴുതിയിരിക്കുന്നത്. 23സഹോദരനായ തിമൊഥെയോസ് തടവിൽനിന്ന് ഇറങ്ങി എന്നു അറിയുവിൻ. അവൻ വേഗത്തിൽ വന്നാൽ ഞാൻ അവനുമായി നിങ്ങളെ വന്നു കാണും.
24നിങ്ങളെ നടത്തുന്നവർക്ക് എല്ലാവർക്കും സകലവിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ. ഇതല്യക്കാർ നിങ്ങൾക്ക് വന്ദനം ചൊല്ലുന്നു.
25കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
എബ്രാ. 13: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.