യെശ. 25
25
സ്തോത്രഗീതം
1യഹോവേ നീ എന്റെ ദൈവമാകുന്നു;
ഞാൻ നിന്നെ പുകഴ്ത്തും;
ഞാൻ നിന്റെ നാമത്തെ സ്തുതിക്കും;
നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ
വിശ്വസ്തതയോടും സത്യത്തോടും കൂടി അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.
2നീ ശത്രുകളുടെ നഗരത്തെ കല്ക്കുന്നും
ഉറപ്പുള്ള പട്ടണത്തെ ശൂന്യവും
അന്യന്മാരുടെ കൊട്ടാരങ്ങളെ
നഗരമല്ലാത്തവിധവും ആക്കിത്തീർത്തു;
അത് ഒരുനാളും പണിയുകയില്ല.
3അതുകൊണ്ട് ബലമുള്ള ജനം നിന്നെ മഹത്ത്വപ്പെടുത്തും;
ഭയങ്കരജനതകളുടെ പട്ടണം നിന്നെ ഭയപ്പെടും.
4ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ,
നീ എളിയവന് ഒരു ദുർഗ്ഗവും
ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും
കൊടുങ്കാറ്റിൽ ഒരു ശരണവും
ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു.
5വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ
നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു;
മേഘത്തിൻ്റെ തണൽകൊണ്ട് ഉഷ്ണം എന്നപോലെ
ഭയങ്കരന്മാരുടെ പാട്ട് ഒതുങ്ങിപ്പോകും.
6സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ
സകലജനതകൾക്കും മൃഷ്ടഭോജനങ്ങൾ#25:6 മൃഷ്ടഭോജനങ്ങൾ സമൃദ്ധമായഭോജനങ്ങൾ. കൊണ്ടും
മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും;
മേദസ്സു നിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടും
മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടുമുള്ള വിരുന്നു തന്നെ.
7സകലവംശങ്ങൾക്കും ഉള്ള മൂടുപടവും
സകലജനതകളുടെയും മേൽ കിടക്കുന്ന മറവും
അവൻ ഈ പർവ്വതത്തിൽവച്ചു നശിപ്പിച്ചുകളയും.
8അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും;
യഹോവയായ കർത്താവ് സകലമുഖങ്ങളിലും നിന്നു കണ്ണുനീർ തുടയ്ക്കുകയും
തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളയുകയും ചെയ്യും.
യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.
9ആ നാളിൽ: “ഇതാ, നമ്മുടെ ദൈവം;
അവനെയാകുന്നു നാം കാത്തിരുന്നത്;
അവൻ നമ്മെ രക്ഷിക്കും;
അവൻ തന്നെ യഹോവ;
അവനെയത്രേ നാം കാത്തിരുന്നത്;
അവന്റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം” എന്നു അവർ പറയും.
10യഹോവയുടെ കൈ ഈ പർവ്വതത്തിൽ ആവസിക്കുമല്ലോ;
എന്നാൽ വൈക്കോൽ ചാണകക്കുഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെ
മോവാബ് സ്വസ്ഥാനത്തുതന്നെ മെതിക്കപ്പെടും.
11നീന്തുന്നവൻ നീന്തുവാൻ കൈ നീട്ടുന്നതുപോലെ
മോവാബ് അതിന്റെ നടുവിൽ കൈ നീട്ടും;
എങ്കിലും അവന്റെ അഹങ്കാരവും കൈമിടുക്കും
അവിടുന്ന് താഴ്ത്തിക്കളയും.
12നിന്റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ
അവിടുന്ന് താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശ. 25: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
![None](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fml.png&w=128&q=75)
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.