യെശ. 3
3
യെരൂശലേമിന്‍റെയും യെഹൂദായുടെയും മേലുള്ള ന്യായവിധി
1സൈന്യങ്ങളുടെ യഹോവയായ കർത്താവ്
യെരൂശലേമിൽ നിന്നും യെഹൂദായിൽനിന്നും ആധാരവും ആശ്രയവും,
അപ്പം എന്ന ആധാരമൊക്കെയും
വെള്ളം എന്ന ആധാരമൊക്കെയും
2വീരൻ, യോദ്ധാവ്,
ന്യായാധിപതി, പ്രവാചകൻ,
പ്രശ്നക്കാരൻ, മൂപ്പൻ,
3അമ്പതുപേർക്ക് അധിപതി,
മാന്യൻ,
മന്ത്രി, മന്ത്രവാദി,
കൗശലപ്പണിക്കാരൻ എന്നിവരെയും നീക്കിക്കളയും.
4“ഞാൻ ബാലന്മാരെ അവർക്ക് പ്രഭുക്കന്മാരാക്കി വയ്ക്കും;
ശിശുക്കൾ അവരെ വാഴും.”
5ഒരുത്തൻ മറ്റൊരുവനെയും
ഒരാൾ തന്‍റെ കൂട്ടുകാരനെയും
ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും;
ബാലൻ വൃദ്ധനോടും
നീചൻ മാന്യനോടും കയർക്കും.
6ഒരുവൻ തന്‍റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു:
“നിനക്കു മേലങ്കിയുണ്ട്;
നീ ഞങ്ങളുടെ അധിപതി ആയിരിക്കുക;
ഈ പാഴ്ക്കൂമ്പാരം നിന്‍റെ കൈവശം ഇരിക്കട്ടെ” എന്നു പറയും.
7അവൻ അന്നു കൈ ഉയർത്തിക്കൊണ്ട്:
“വൈദ്യനായിരിക്കുവാൻ എനിക്ക് മനസ്സില്ല;
എന്‍റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല;
എന്നെ ജനത്തിന് അധിപതിയാക്കരുത്” എന്നു പറയും.
8യഹോവയുടെ തേജസ്സുള്ള കണ്ണിന്
വെറുപ്പുതോന്നുവാൻ തക്കവിധം
അവരുടെ നാവുകളും പ്രവൃത്തികളും
അവന് വിരോധമായിരിക്കുകയാൽ
യെരൂശലേം ഇടിഞ്ഞുപോകും;
യെഹൂദാ വീണുപോകും.
9അവരുടെ മുഖഭാവം അവർക്ക് വിരോധമായി സാക്ഷീകരിക്കുന്നു;
അവർ സൊദോംപോലെ അവരുടെ പാപം പരസ്യമാക്കുന്നു;
അതിനെ മറയ്ക്കുന്നതുമില്ല;
അവർക്ക് അയ്യോ കഷ്ടം!
അവർ അവർക്ക് തന്നെ ദോഷം വരുത്തുന്നു.
10നീതിമാനെക്കുറിച്ച്: “അവനു നന്മവരും” എന്നു പറയുവിൻ;
അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
11ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും;
അവന്‍റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.
12എന്‍റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു;
സ്ത്രീകൾ അവരെ വാഴുന്നു;
എന്‍റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴി തെറ്റിക്കുന്നു;
നീ നടക്കേണ്ട വഴി അവർ നശിപ്പിക്കുന്നു.
13യഹോവ വാദിക്കുവാൻ എഴുന്നേറ്റു
വംശങ്ങളെ വിധിക്കുവാൻ നില്ക്കുന്നു.
14യഹോവ തന്‍റെ ജനത്തിന്‍റെ മൂപ്പന്മാരുടെമേലും പ്രഭുക്കന്മാരുടെമേലും ഉള്ള ന്യായവിധി അറിയിക്കും;
“നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു;
എളിയവരോടു കവർന്നെടുത്തതു
നിങ്ങളുടെ വീടുകളിൽ ഉണ്ട്;
15എന്‍റെ ജനത്തെ തകർത്തുകളയുവാനും
എളിയവരെ ദുഃഖിപ്പിക്കുവാനും നിങ്ങൾക്ക് എന്ത് കാര്യം?” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.
16യഹോവ പിന്നെയും അരുളിച്ചെയ്തത് എന്തെന്നാൽ:
സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും
എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കുകയും തത്തിത്തത്തി നടക്കുകയും
കാൽ കൊണ്ടു ചിലമ്പൊലി കേൾപ്പിക്കുകയും ചെയ്യുന്നു.
17ഇതു നിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകക്കു ചൊറി പിടിപ്പിക്കും;
യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.
18അന്നു കർത്താവ് അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം, 19അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി, 20തലപ്പാവ്, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി, 21ഏലസ്സ്, മോതിരം, മൂക്കുത്തി, 22ഉത്സവവസ്ത്രം, മേലാട, ശാൽവാ, ചെറുസഞ്ചി, ദർപ്പണം, ക്ഷോമപടം, 23കല്ലാവ്, മൂടുപടം എന്നിവ നീക്കിക്കളയും.
24അപ്പോൾ സുഗന്ധത്തിനു പകരം ദുർഗ്ഗന്ധവും
അരക്കച്ചയ്ക്കു പകരം കയറും
പിന്നിയ തലമുടിക്കു പകരം കഷണ്ടിയും
വിലയേറിയ മേലങ്കിക്കു പകരം ചാക്കുശീലയും
സൗന്ദര്യത്തിനു പകരം കരിവാളിപ്പും ഉണ്ടാകും.
25നിന്‍റെ പുരുഷന്മാർ വാളിനാലും
നിന്‍റെ വീരന്മാർ യുദ്ധത്തിലും വീഴും.
26സീയോൻപുത്രിയുടെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും;
അവൾ ശൂന്യമായി നിലത്തു ഇരിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശ. 3: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.