യെശ. 36
36
സൻഹേരീബിന്‍റെ ഭീഷണി
1ഹിസ്കീയാരാജാവിന്‍റെ പതിനാലാം വർഷം, അശ്ശൂർ രാജാവായ സൻഹേരീബ് യെഹൂദായിലെ ഉറപ്പുള്ള എല്ലാ പട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്ന് അവയെ പിടിച്ചു. 2അന്നു അശ്ശൂർ രാജാവ് സേനാധിപതി#36:2 സേനാധിപതി രബ്ശാക്കേ ലാഖീശിൽനിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്‍റെ അടുക്കൽ ഒരു വലിയ സൈന്യത്തോടുകൂടി അയച്ചു; അവൻ അലക്കുകാരന്‍റെ വയലിലേക്കുള്ള പ്രധാനപാതക്കരികിലുള്ള മേലത്തെ കുളത്തിന്‍റെ കല്പാത്തിക്കരികിൽ നിന്നു. 3അപ്പോൾ ഹില്ക്കീയാവിന്‍റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്‍റെ മകൻ യോവാഹ് എന്ന ചരിത്രം എഴുതുന്നവനും അവന്‍റെ അടുക്കൽ പുറത്തു ചെന്നു.
4രബ്-ശാക്കേ അവരോട് പറഞ്ഞതെന്തെന്നാൽ: “നിങ്ങൾ ഹിസ്കീയാവോടു പറയേണ്ടത്: ‘അശ്ശൂർ രാജാവായ മഹാരാജാവ് ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്ത്? 5യുദ്ധത്തിനു വേണ്ടുന്ന ആലോചനയും ബലവും ഉണ്ട് എന്നുള്ള വെറും വാക്ക് അത്രേ എന്നു ഞാൻ പറയുന്നു; ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോട് മത്സരിച്ചിരിക്കുന്നത്? 6ചതഞ്ഞ ഓടക്കോലായ മിസ്രയീമിൽ അല്ലയോ നീ ആശ്രയിച്ചിരിക്കുന്നത്; അത് ഒരുത്തൻ ഊന്നിയാൽ, അവന്‍റെ ഉള്ളംകൈയിൽ തറച്ചുകയറും; മിസ്രയീം രാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നെയാകുന്നു. 7അല്ല നീ എന്നോട്: “ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു” എന്നു പറയുന്നുവെങ്കിൽ അവന്‍റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവ് നീക്കിക്കളഞ്ഞിട്ടല്ലയോ യെഹൂദായോടും യെരൂശലേമ്യരോടും: “നിങ്ങൾ ഈ യാഗപീഠത്തിന്‍റെ മുമ്പിൽ നമസ്കരിക്കുവിൻ” എന്നു കല്പിച്ചത്? 8ആകട്ടെ; എന്‍റെ യജമാനനായ അശ്ശൂർരാജാവുമായി പന്തയംവയ്ക്കുക: തക്ക കുതിരപ്പടയാളികളെ കയറ്റുവാൻ നിനക്കു കഴിയുമെങ്കിൽ ഞാൻ രണ്ടായിരം കുതിരയെ നിനക്കു തരാം. 9നീ പിന്നെ എങ്ങനെ എന്‍റെ യജമാനന്‍റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങൾക്കായിട്ടും കുതിരച്ചേവകർക്കായിട്ടും നീ മിസ്രയീമിൽ ആശ്രയിക്കുന്നുവല്ലോ. 10ഞാൻ ഇപ്പോൾ ഈ ദേശം നശിപ്പിക്കുവാൻ യഹോവയെ കൂടാതെയോ അതിന്‍റെ നേരെ പുറപ്പെട്ടു വന്നിരിക്കുന്നത്? യഹോവ എന്നോട്: “ഈ ദേശത്തിന്‍റെ നേരെ പുറപ്പെട്ടു ചെന്നു അതിനെ നശിപ്പിക്കുക” എന്നു കല്പിച്ചിരിക്കുന്നു.
11അപ്പോൾ എല്യാക്കീമും ശെബ്നയും യോവാഹും രബ്-ശാക്കേയോട്: “അടിയങ്ങളോട് അരാംഭാഷയിൽ സംസാരിക്കേണമേ; അത് ഞങ്ങൾക്ക് അറിയാം; മതിലിന്മേലുള്ള ജനം കേൾക്കെ ഞങ്ങളോടു യെഹൂദാഭാഷയിൽ#36:11 യെഹൂദാഭാഷയിൽ എബ്രായഭാഷ സംസാരിക്കരുതേ” എന്നു പറഞ്ഞു.
12അതിന് രബ്-ശാക്കേ: “നിന്‍റെ യജമാനനോടും നിന്നോടും ഈ വാക്ക് പറയുവാനോ എന്‍റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? നിങ്ങളോടുകൂടി സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കുകയും ചെയ്യുവാൻ മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കൽ അല്ലയോ” എന്നു പറഞ്ഞു.
13അങ്ങനെ രബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയിൽ#36:13 യെഹൂദാഭാഷയിൽ എബ്രായഭാഷ ഉറക്കെ വിളിച്ചുപറഞ്ഞത്: “മഹാരാജാവായ അശ്ശൂർരാജാവിന്‍റെ വാക്ക് കേൾക്കുവിൻ. 14രാജാവ് ഇപ്രകാരം കല്പിക്കുന്നു: ‘ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; അവനു നിങ്ങളെ വിടുവിക്കുവാൻ കഴിയുകയില്ല. 15യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂർ രാജാവിന്‍റെ കയ്യിൽ ഏല്പിക്കുകയില്ല എന്നു പറഞ്ഞു ഹിസ്കീയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുത്.“
16“ഹിസ്കീയാവിനു നിങ്ങൾ ചെവികൊടുക്കരുത്; അശ്ശൂർ രാജാവ് ഇപ്രകാരം കല്പിക്കുന്നു: ‘നിങ്ങൾ എന്നോട് സന്ധിചെയ്ത്#36:16 സന്ധിചെയ്ത് സമാധാന ഉടമ്പടി ചെയ്തു. എന്‍റെ അടുക്കൽ പുറത്തു വരുവിൻ; നിങ്ങൾ ഓരോരുത്തൻ അവനവന്‍റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്‍റെയും ഫലം തിന്നുകയും അവനവന്‍റെ കിണറ്റിലെ വെള്ളം കുടിക്കുകയും ചെയ്തുകൊള്ളുവിൻ. 17പിന്നെ ഞാൻ വന്നു, നിങ്ങളുടെ ദേശം പോലെയുള്ള ഒരു ദേശത്തേക്ക് ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ഒരു ദേശത്തേക്ക് തന്നെ നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.’ 18‘യഹോവ നമ്മെ വിടുവിക്കും’ എന്നു പറഞ്ഞു ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; ജനതകളുടെ ദേവന്മാരിൽ ആരെങ്കിലും തന്‍റെ ദേശത്തെ അശ്ശൂർരാജാവിന്‍റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ? 19ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവ്വയീമിലെ ദേവന്മാരും എവിടെ? അവർ ശമര്യയെ എന്‍റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ? 20ഈ ദേശങ്ങളിലെ സകലദേവന്മാരിലും വച്ചു ആരാണ് അവരുടെ ദേശങ്ങളെ എന്‍റെ കൈയിൽനിന്നു വിടുവിച്ചിട്ടുള്ളത്? പിന്നെ എങ്ങനെ യഹോവ യെരൂശലേമിനെ എന്‍റെ കൈയിൽനിന്നു വിടുവിക്കും.”
21എന്നാൽ ജനം മിണ്ടാതിരുന്ന് അവനോട് ഒന്നും ഉത്തരം പറഞ്ഞില്ല; “അവനോട് ഉത്തരം പറയരുത്” എന്നു രാജകല്പന ഉണ്ടായിരുന്നു.
22ഹില്ക്കീയാവിന്‍റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും കൊട്ടാരം കാര്യസ്ഥനായ ശെബ്നയും ആസാഫിന്‍റെ മകനായ യോവാഹ് എന്ന ചരിത്രം എഴുതുന്നവനും വസ്ത്രം കീറി ഹിസ്കീയാവിന്‍റെ അടുക്കൽ വന്ന് രബ്-ശാക്കേയുടെ വാക്കുകൾ അവനോട് അറിയിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശ. 36: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.