യെശ. 49
49
യഹോവയുടെ ദാസൻ
1ദ്വീപുകളേ, എന്‍റെ വാക്കു കേൾക്കുവിൻ;
ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിക്കുവിൻ;
യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു;
എന്‍റെ അമ്മയുടെ ഉദരത്തിൽ ഇരിക്കുമ്പോൾ തന്നെ എന്‍റെ പേര് പ്രസ്താവിച്ചിരിക്കുന്നു.
2അവൻ എന്‍റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്‍റെ കൈയുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു;
അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്‍റെ പൂണിയിൽ#49:2 പൂണി ആവനാഴി അല്ലെങ്കിൽ അമ്പ് ഇടുന്ന ഉറ. മറച്ചുവച്ചു.
3അവൻ എന്നോട്: “യിസ്രായേലേ, നീ എന്‍റെ ദാസൻ;
ഞാൻ നിന്നിൽ മഹത്ത്വീകരിക്കപ്പെടും” എന്നു അരുളിച്ചെയ്തു.
4ഞാനോ; “ഞാൻ വെറുതെ അദ്ധ്വാനിച്ചു;
എന്‍റെ ശക്തിയെ വ്യർത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു” എന്നു പറഞ്ഞു;
എങ്കിലും എന്‍റെ ന്യായം യഹോവയുടെ പക്കലും
എന്‍റെ പ്രതിഫലം എന്‍റെ ദൈവത്തിന്‍റെ പക്കലും ഇരിക്കുന്നു.
5ഇപ്പോൾ, യാക്കോബിനെ തന്‍റെ അടുക്കൽ തിരിച്ചുവരുത്തുവാനും
യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിക്കുവാനും
(ഞാൻ യഹോവയ്ക്കു മാന്യനും എന്‍റെ ദൈവം എന്‍റെ ബലവും ആകുന്നു)
എന്നെ ഗർഭത്തിൽ തന്‍റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു:
6“നീ യാക്കോബിന്‍റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിനും
യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിനും
എനിക്ക് ദാസനായിരിക്കുന്നതു പോരാ;
എന്‍റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്
ഞാൻ നിന്നെ ജനതകൾക്ക് പ്രകാശമാക്കിവച്ചുമിരിക്കുന്നു”
എന്നു അവിടുന്ന് അരുളിച്ചെയ്യുന്നു.
7യിസ്രായേലിന്‍റെ വീണ്ടെടുപ്പുകാരനും അവന്‍റെ പരിശുദ്ധനുമായ യഹോവ,
സർവ്വനിന്ദിതനും ജനതക്കു വെറുപ്പുള്ളവനും
അധിപതികളുടെ ദാസനുമായവനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“വിശ്വസ്തനായ യഹോവ നിമിത്തവും
നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും
രാജാക്കന്മാർ കണ്ടു എഴുന്നേല്ക്കുകയും
പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കുകയും ചെയ്യും.”
യെരൂശലേമിന്‍റെ പുനരുദ്ധാരണം
8യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി;
രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു;
ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുക്കുവാനും
ഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തും
നിന്നെ ജനത്തിന്‍റെ നിയമമാക്കി വച്ചിരിക്കുന്നു.
9ബന്ധിക്കപ്പെട്ടവരോട്: ‘ഇറങ്ങി പെയ്ക്കൊള്ളുവിൻ’ എന്നും
അന്ധകാരത്തിൽ ഇരിക്കുന്നവരോട്: ‘വെളിയിൽ വരുവിൻ’ എന്നും പറയുവാനും
അവർ വഴികളിൽ മേയും;
എല്ലാ പാഴ്കുന്നുകളിലും അവർക്ക് മേച്ചിലുണ്ടാകും.
10അവർക്ക് വിശക്കുകയില്ല, ദാഹിക്കുകയുമില്ല;
മരീചികയും വെയിലും അവരെ ബാധിക്കുകയില്ല;
അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും
നീരുറവുകൾക്കരികിൽ അവരെ കൊണ്ടുപോകുകയും ചെയ്യും.
11ഞാൻ എന്‍റെ മലകളെയെല്ലാം വഴിയാക്കും;
എന്‍റെ പ്രധാനപാതകൾ പൊങ്ങിയിരിക്കും.
12ഇതാ, ഇവർ ദൂരത്തുനിന്നും
ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും
ഇവർ അസ്വാന്‍ #49:12 അസ്വാന്‍ സിനിംദേശത്തുനിന്നും വരുന്നു.”
13ആകാശമേ, ഘോഷിച്ചുല്ലസിക്കുക; ഭൂമിയേ, ആനന്ദിക്കുക;
പർവ്വതങ്ങളേ, ആർത്തു പാടുവിൻ;
യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിക്കുന്നു;
തന്‍റെ പീഡിതന്മാരോടു കരുണ കാണിക്കുന്നു.
14സീയോൻ: “യഹോവ എന്നെ ഉപേക്ഷിച്ചു,
കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറയുന്നു.
15“ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ മറക്കുമോ?
താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ?
അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കുകയില്ല.
16ഇതാ ഞാൻ നിന്നെ എന്‍റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു;
നിന്‍റെ മതിലുകൾ എല്ലായ്‌പ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു.
17നിന്‍റെ മക്കൾ#49:17 നിന്‍റെ മക്കൾ നിന്നെ പണിയുന്നവര്‍ തിടുക്കത്തോടെ വരുന്നു;
നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു.
18തലപൊക്കി ചുറ്റും നോക്കുക;
ഇവർ എല്ലാവരും നിന്‍റെ അടുക്കൽ വന്നു കൂടുന്നു.
എന്നാണ, നീ അവരെ എല്ലാം ആഭരണംപോലെ അണിയുകയും
ഒരു മണവാട്ടി എന്നപോലെ അവരെ അരയ്ക്ക് കെട്ടുകയും ചെയ്യും”
എന്നു യഹോവ അരുളിച്ചെയ്യുന്നു.
19“നിന്‍റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ
ഇപ്പോൾ നിവാസികൾക്കു പോരാതെവരും;
നിന്നെ വിഴുങ്ങിക്കളഞ്ഞവർ ദൂരത്ത് അകന്നിരിക്കും.
20നിന്‍റെ പുത്രഹീനതയിലെ മക്കൾ:
‘സ്ഥലം പോരാതിരിക്കുന്നു;
പാർക്കുവാൻ സ്ഥലം തരിക’
എന്നു നിന്നോട് പറയും.
21അപ്പോൾ നീ നിന്‍റെ ഹൃദയത്തിൽ:
‘ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും
അലഞ്ഞു നടക്കുന്നവളും ആയിരിക്കുമ്പോൾ
ആര്‍ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു?
ഞാൻ ഏകാകിയായിരുന്നുവല്ലോ;
ഇവർ എവിടെ ആയിരുന്നു’ എന്നു പറയും.”
22യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഞാൻ ജനതകൾക്ക് എന്‍റെ കൈ ഉയർത്തുകയും
വംശങ്ങൾക്ക് എന്‍റെ കൊടി കാണിക്കുകയും ചെയ്യും;
അവർ നിന്‍റെ പുത്രന്മാരെ അവരുടെ മാർവ്വിൽ അണച്ചും
പുത്രിമാരെ തോളിൽ എടുത്തുംകൊണ്ട് വരും.
23രാജാക്കന്മാർ നിന്‍റെ വളർത്തപ്പന്മാരും
അവരുടെ രാജ്ഞികൾ നിന്‍റെ വളർത്തമ്മമാരും ആയിരിക്കും;
അവർ നിന്നെ സാഷ്ടാംഗം വണങ്ങി,
നിന്‍റെ കാലിലെ പൊടിനക്കും;
ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചു പോകുകയില്ല
എന്നും നീ അറിയും.”
24ബലവാനോട് അവന്‍റെ കവർച്ച എടുത്തുകളയാമോ?
അല്ല, സ്വേച്ഛാധിപതിയിൽനിന്ന്#49:24 സ്വേച്ഛാധിപതി നിഷ്കണ്ടകൻ എന്നും കാണാം. ബദ്ധന്മാരെ വിടുവിക്കാമോ?
25എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം;
നിഷ്കണ്ടകന്‍റെ കവർച്ചയെയും വിടുവിക്കാം;
നിന്നോട് പോരാടുന്നവനോടു ഞാൻ പോരാടുകയും
നിന്‍റെ മക്കളെ രക്ഷിക്കുകയും ചെയ്യും.
26നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും;
വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവർക്ക് ലഹരിപിടിക്കും;
യഹോവയായ ഞാൻ നിന്‍റെ രക്ഷിതാവും
യാക്കോബിന്‍റെ വീരൻ നിന്‍റെ വീണ്ടെടുപ്പുകാരനും ആകുന്നു
എന്നു സകലമനുഷ്യരും അറിയും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശ. 49: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.