യെശ. 61
61
യഹോവയുടെ പ്രസാദവർഷം
1എളിയവരോടു സദ്വർത്തമാനം ഘോഷിക്കുവാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുകകൊണ്ടു
യഹോവയായ കർത്താവിന്‍റെ ആത്മാവ് എന്‍റെ മേൽ ഇരിക്കുന്നു;
ഹൃദയം തകർന്നവരെ മുറിവുകെട്ടുവാനും
തടവുകാർക്കു വിടുതലും
ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിക്കുവാനും
2യഹോവയുടെ പ്രസാദവർഷവും
നമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും
ദുഃഖിതന്മാരെയെല്ലാം ആശ്വസിപ്പിക്കുവാനും
3സീയോനിലെ ദുഃഖിതന്മാർക്കു ചാരത്തിനു പകരം അലങ്കാരമാലയും
ദുഃഖത്തിനു പകരം ആനന്ദതൈലവും
വിഷാദമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കുവാനും
അവൻ എന്നെ അയച്ചിരിക്കുന്നു;
അവൻ മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവർക്ക് നീതിവൃക്ഷങ്ങൾ എന്നും
യഹോവയുടെ നടുതല എന്നും പേരാകും.
4അവർ പുരാതനശൂന്യങ്ങളെ പണിയുകയും
പൂർവ്വന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയും
തലമുറതലമുറയായി നിർജ്ജനമായിരുന്ന
ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും.
5അന്യജാതിക്കാർ നിന്നു നിങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ മേയ്ക്കും;
പരദേശക്കാർ നിങ്ങൾക്ക് ഉഴവുകാരും മുന്തിരിത്തോട്ടക്കാരും#61:5 മുന്തിരിത്തോട്ടക്കാരും മുന്തിരിത്തോട്ടത്തിൽ പണിയെടുക്കുന്നവർ. ആയിരിക്കും.
6നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും;
നമ്മുടെ ദൈവത്തിന്‍റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്ക് പേരാകും;
നിങ്ങൾ ജനതകളുടെ സമ്പത്ത് അനുഭവിച്ചു,
അവരുടെ മഹത്ത്വത്തിനു അവകാശികൾ ആയിത്തീരും.
7നാണത്തിനു പകരം നിങ്ങൾക്ക് ഇരട്ടിയായി പ്രതിഫലം കിട്ടും;
ലജ്ജയ്ക്കു പകരം അവർ അവരുടെ ഓഹരിയിൽ സന്തോഷിക്കും;
അങ്ങനെ അവർ അവരുടെ ദേശത്ത് ഇരട്ടി അവകാശം പ്രാപിക്കും;
നിത്യാനന്ദം അവർക്ക് ഉണ്ടാകും.
8“യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും
അന്യായമായ കവർച്ചയെയും അകൃത്യത്തെയും#61:8 അകൃത്യത്തെയും കൊള്ളയടിക്കപ്പെട്ട വസ്തുക്കള്‍ക്കൊണ്ട് അര്‍പ്പിച്ച ദഹനയാഗം വെറുക്കുകയും ചെയ്യുന്നു;
ഞാൻ വിശ്വസ്തതയോടെ അവർക്ക് പ്രതിഫലം കൊടുത്ത്
അവരോടു ഒരു ശാശ്വതനിയമം ചെയ്യും.
9ജനതകളുടെ ഇടയിൽ അവരുടെ പിൻതലമുറയെയും
വംശങ്ങളുടെ മദ്ധ്യത്തിൽ അവരുടെ സന്തതിയെയും അറിയും;
അവരെ കാണുന്നവർ എല്ലാവരും
അവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്നു അറിയും.”
10ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും;
എന്‍റെ ഉള്ളം എന്‍റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും;
മണവാളൻ തലപ്പാവ് അണിയുന്നതുപോലെയും
മണവാട്ടി ആഭരണങ്ങളാൽ സ്വയം അലങ്കരിക്കുന്നതുപോലെയും
അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു
നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു.
11ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും
തോട്ടം അതിൽ വിതച്ച വിത്തിനെ കിളിർപ്പിക്കുന്നതുപോലെയും
യഹോവയായ കർത്താവ് സകലജനതകളും കാൺകെ
നീതിയെയും സ്തുതിയെയും മുളപ്പിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശ. 61: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.