യെശ. 7
7
ആഹാസ് രാജാവിനോടുള്ള സന്ദേശം
1ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാ രാജാവായ ആഹാസിന്റെ കാലത്ത് അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേൽ രാജാവായ പേക്കഹും യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്യുവാൻ പുറപ്പെട്ടുവന്നു; അതിനെ പിടിക്കുവാൻ അവർക്ക് കഴിഞ്ഞില്ലതാനും. 2“അരാം എഫ്രയീമിനോടു#7:2 എഫ്രയീമിനോടു യിസ്രായേലിന്റെ വടക്കേരാജ്യം യോജിച്ചിരിക്കുന്നു” എന്നു ദാവീദുഗൃഹത്തിനു അറിവുകിട്ടിയപ്പോൾ അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ട് ഉലയും പോലെ ഉലഞ്ഞുപോയി.
3അപ്പോൾ യഹോവ യെശയ്യാവോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലേക്കുള്ള പ്രധാനപാതക്കരികിൽ മേലെക്കുളത്തിന്റെ നീർപാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്ക്കുവാൻ ചെന്നു അവനോട് പറയേണ്ടത്: 4സൂക്ഷിച്ചുകൊള്ളുക: സാവധാനമായിരിക്കുക; പുകയുന്ന ഈ രണ്ടു കഷണം തീക്കൊള്ളി#7:4 കൊള്ളി വിറക് കഷണം. നിമിത്തം, അരാമിന്റെയും രെസീന്റെയും രെമല്യാവിൻ മകന്റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുത്; നിന്റെ ധൈര്യം ക്ഷയിച്ചുപോകുകയുമരുത്. 5നാം യെഹൂദായുടെ നേരെ ചെന്നു അതിനെ ഭയപ്പെടുത്തി മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കണം” എന്നു പറഞ്ഞു. 6അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിന്റെനേരെ ദുരാലോചന ചെയ്യുകകൊണ്ടു 7യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“അത് സംഭവിക്കുകയില്ല,
സാധിക്കുകയുമില്ല.
8അരാമിനു തല#7:8 തല തലസ്ഥാനം എന്നും ഉണ്ട്. ദമ്മേശെക്;
ദമ്മേശെക്കിനു തല രെസീൻ.
അറുപത്തഞ്ചു വർഷത്തിനകം
എഫ്രയീം ജനമായിരിക്കാത്തവിധം തകർന്നുപോകും.
9എഫ്രയീമിനു തല ശമര്യ;
ശമര്യയ്ക്കു തല രെമല്യാവിന്റെ മകൻ;
നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ
സ്ഥിരവാസവുമില്ല.”
ഇമ്മാനൂവേൽ എന്ന അടയാളം
10യഹോവ പിന്നെയും ആഹാസിനോട്: 11“നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്ളുക” എന്നു കല്പിച്ചതിന് ആഹാസ്: 12“ഞാൻ ചോദിക്കുകയില്ല, യഹോവയെ പരീക്ഷിക്കുകയും ഇല്ല” എന്നു പറഞ്ഞു. 13അതിന് യെശയ്യാവ് പറഞ്ഞത്: “ദാവീദ് ഗൃഹമേ, കേൾക്കുവിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നത്? 14അതുകൊണ്ട് കർത്താവ് തന്നെ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേര് വിളിക്കും. 15തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. 16തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ ബാലനു പ്രായമാകുംമുമ്പ്, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടേയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും. 17യഹോവ നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദയെ വിട്ടുപിരിഞ്ഞ നാൾമുതൽ വന്നിട്ടില്ലാത്ത ഒരു കാലം വരുത്തും; അശ്ശൂർരാജാവിനെത്തന്നെ.“
അശ്ശൂർ യഹോവയുടെ ഉപകരണം
18ആ നാളിൽ യഹോവ മിസ്രയീമിലെ നദികളുടെ അറ്റത്തുനിന്നു ഈച്ചയെയും അശ്ശൂർദേശത്തുനിന്നു തേനീച്ചയെയും ചൂളമടിച്ചു വിളിക്കും. 19അവ ഒക്കെയും വന്നു ശൂന്യമായ താഴ്വരകളിലും പാറപ്പിളർപ്പുകളിലും എല്ലാമുൾപടർപ്പുകളിലും എല്ലാ മേച്ചൽപുറങ്ങളിലും പറ്റും 20ആ നാളിൽ കർത്താവ് നദിക്ക് അക്കരെനിന്നു കൂലിക്ക് വാങ്ങിയ ക്ഷൗരക്കത്തികൊണ്ട്, അശ്ശൂർരാജാവിനെക്കൊണ്ടുതന്നെ, തലയും കാലും ക്ഷൗരം ചെയ്യും; അത് താടിയും കൂടി നീക്കും.
21ആ നാളിൽ ഒരുവൻ ഒരു പശുക്കിടാവിനെയും രണ്ടു ആടിനെയും വളർത്തും. 22അവയെ കറന്നു കിട്ടുന്ന പാലിന്റെ പെരുപ്പംകൊണ്ട് അവൻ തൈരു തന്നെ ഭക്ഷിക്കും; ദേശത്തു ശേഷിച്ചിരിക്കുന്ന ഏവരുടെയും ആഹാരം തൈരും തേനും ആയിരിക്കും.
23ആ നാളിൽ ആയിരം വെള്ളിക്കാശു#7:23 ആയിരം വെള്ളിക്കാശു 11. 5 കിലോഗ്രാം വെള്ളി വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമെല്ലാം മുള്ളുകളും മുൾച്ചെടികളും പിടിച്ചുകിടക്കും. 24ദേശമെല്ലാം മുള്ളുകളും മുൾച്ചെടികളും പിടിച്ചുകിടക്കുന്നതിനാൽ മനുഷ്യർ അമ്പും വില്ലും എടുത്തുകൊണ്ടു മാത്രമേ അവിടേക്കു ചെല്ലുകയുള്ളു. 25തൂമ്പാകൊണ്ടു കിളച്ചുവന്ന എല്ലാമലകളിലും മുള്ളുകളും മുൾച്ചെടികളും പേടിച്ചിട്ട് ആരും പോവുകയില്ല; അത് കാളകളെ അഴിച്ചുവിടുവാനും ആടുകൾ ചവിട്ടിക്കളയുവാനുമുള്ള ഇടമാകും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശ. 7: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.