ന്യായാ. 19
19
ലേവ്യനും അവന്‍റെ വെപ്പാട്ടിയും
1യിസ്രായേലിൽ രാജാവില്ലാതിരുന്ന നാളുകളിൽ എഫ്രയീംമലനാട്ടില്‍ ഉൾപ്രദേശത്ത് പാർത്തിരുന്ന ഒരു ലേവ്യൻ ഉണ്ടായിരുന്നു; അവൻ യെഹൂദായിലെ ബേത്‍ലേഹേമിൽ നിന്ന് ഒരു വെപ്പാട്ടിയെ എടുത്തു. 2അവന്‍റെ വെപ്പാട്ടി അവനെ ദ്രോഹിച്ച്, വ്യഭിചാരം ചെയ്തു അവനെ വിട്ട് യെഹൂദായിലെ ബേത്‍ലേഹേമിൽ തന്‍റെ അപ്പന്‍റെ വീട്ടിൽപോയി നാലു മാസം അവിടെ പാർത്തു. 3അവളുടെ ഭർത്താവ് അവളോട് നല്ലവാക്ക് പറഞ്ഞ് കൂട്ടിക്കൊണ്ടുവരുവാൻ ഒരു ബാല്യക്കാരനും രണ്ടു കഴുതകളുമായി അവളെ അന്വേഷിച്ച് ചെന്നു; അവൾ അവനെ തന്‍റെ അപ്പന്‍റെ വീട്ടിൽ കൈക്കൊണ്ടു; യുവതിയുടെ അപ്പൻ അവനെ കണ്ടപ്പോൾ അവനെ സന്തോഷത്തോടുകൂടി സ്വീകരിച്ചു. 4യുവതിയുടെ അപ്പനായ അവന്‍റെ അമ്മാവിയപ്പൻ അവനെ പാർപ്പിച്ചു; അങ്ങനെ അവൻ മൂന്നുദിവസം അവനോടുകൂടെ പാർത്തു. അവർ തിന്നുകുടിച്ച് അവിടെ രാപാർത്തു.
5നാലാം ദിവസം അവൻ അതികാലത്ത് എഴുന്നേറ്റ് യാത്ര പുറപ്പെടുവാൻ ഭാവിച്ചപ്പോൾ യുവതിയുടെ അപ്പൻ മരുമകനോട്: “അല്പം വല്ലതും കഴിച്ചിട്ട് പോകാമല്ലോ” എന്നു പറഞ്ഞു.
6അങ്ങനെ അവർ രണ്ടുപേരും ഇരുന്നു തിന്നുകയും കുടിക്കുകയും ചെയ്തു. യുവതിയുടെ അപ്പൻ അവനോട്: “ദയചെയ്ത് രാപാർത്ത് ആനന്ദിച്ച് കൊൾക” എന്നു പറഞ്ഞു. 7അവൻ പോകേണ്ടതിന് എഴുന്നേറ്റപ്പോൾ, അവന്‍റെ അമ്മാവിയപ്പൻ അവനെ നിർബ്ബന്ധിച്ചു; ആ രാത്രിയും അവൻ അവിടെ പാർത്തു. 8അഞ്ചാം ദിവസം അവൻ പോകേണ്ടതിന് അതികാലത്ത് എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പൻ: “അല്പം വല്ലതും കഴിച്ചിട്ട് വെയിലാറും വരെ താമസിച്ചുകൊൾക” എന്നു പറഞ്ഞു. അവർ രണ്ടുപേരും ഭക്ഷണം കഴിച്ചു.
9പിന്നെ അവനും അവന്‍റെ വെപ്പാട്ടിയും ബാല്യക്കാരനും പോകാൻ എഴുന്നേറ്റപ്പോൾ, യുവതിയുടെ അപ്പനായ അവന്‍റെ അമ്മാവിയപ്പൻ അവനോട്: “ഇതാ, നേരം അസ്തമിപ്പാറായി, ഈ രാത്രിയും താമസിക്ക; നേരം വൈകിയല്ലോ; രാപാർത്ത് ആനന്ദിക്ക; നാളെ അതികാലത്ത് എഴുന്നേറ്റ് വീട്ടിലേക്ക് പോകാം” എന്നു പറഞ്ഞു.
10എന്നാൽ അന്നും രാപാർപ്പാൻ മനസ്സില്ലാതെ അവൻ എഴുന്നേറ്റ് പുറപ്പെട്ടു; യെരൂശലേമെന്ന യെബൂസിന് എതിർ വശത്ത് എത്തി; കോപ്പിട്ട രണ്ടു കഴുതയും അവന്‍റെ വെപ്പാട്ടിയും അവനോടുകൂടെ ഉണ്ടായിരുന്നു. 11അവൻ യെബൂസിന് സമീപം എത്തിയപ്പോൾ, നേരം നന്നാ വൈകിയിരുന്നു; ബാല്യക്കാരൻ യജമാനനോട്: “നാം ഈ യെബൂസ്യനഗരത്തിൽ കയറി രാപാർക്കരുതോ” എന്നു പറഞ്ഞു.
12യജമാനൻ അവനോട്: “യിസ്രായേൽമക്കളില്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുത്; നമുക്ക് ഗിബെയയിലേക്ക് പോകാം” എന്നു പറഞ്ഞു.
13അവൻ പിന്നെയും തന്‍റെ ബാല്യക്കാരനോട്: “നമുക്ക് ഗിബെയയിലോ രാമയിലോ പോയി അവിടെ രാപാർക്കാം” എന്നു പറഞ്ഞു.
14അങ്ങനെ അവർ മുമ്പോട്ടു പോയി, ബെന്യാമീൻദേശത്തിലെ ഗിബെയെക്കു സമീപം എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു. 15അവർ ഗിബെയയിൽ രാപാർപ്പാൻ കയറി; അവൻ ചെന്നു നഗരവീഥിയിൽ ഇരുന്നു; രാപാർക്കേണ്ടതിന് ആരും അവരെ വീട്ടിൽ കൈക്കൊണ്ടില്ല.
16അനന്തരം ഒരു വൃദ്ധൻ വൈകുന്നേരം വേലകഴിഞ്ഞ് വയലിൽനിന്ന് വന്നു; അവൻ എഫ്രയീംമലനാട്ടുകാരനും ഗിബെയയിൽ വന്ന് പാർക്കുന്നവനും ആയിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യർ ആയിരുന്നു. 17വൃദ്ധൻ തലയുയർത്തി നോക്കിയപ്പോൾ നഗരവീഥിയിൽ വഴിയാത്രക്കാരനെ കണ്ടു: “നീ എവിടെനിന്ന് വരുന്നു? എവിടേക്ക് പോകുന്നു?” എന്നു ചോദിച്ചു.
18അതിന് അവൻ: “ഞങ്ങൾ യെഹൂദായിലെ ബേത്ത്-ലേഹേമിൽനിന്ന് എഫ്രയീംമലനാട്ടിലെ ഉൾപ്രദേശത്തേക്ക് പോകുന്നു; ഞാൻ അവിടത്തുകാരൻ ആകുന്നു; ഞാൻ യെഹൂദായിലെ ബേത്ലേഹേം വരെ പോയിരുന്നു; ഇപ്പോൾ യഹോവയുടെ ആലയത്തിലേക്കു പോകയാകുന്നു; എന്നെ വീട്ടിൽ കൈക്കൊൾവാൻ ഇവിടെ ആരും ഇല്ല. 19ഞങ്ങളുടെ കഴുതകൾക്ക് വൈക്കോലും തീനും ഉണ്ട്; എനിക്കും നിന്‍റെ ദാസിക്കും അടിയങ്ങളോടുകൂടെയുള്ള ബാല്യക്കാരനും അപ്പവും വീഞ്ഞും കൈവശം ഉണ്ട്, ഒന്നിനും കുറവില്ല” എന്നു പറഞ്ഞു.
20അതിന് വൃദ്ധൻ: “നിനക്ക് സമാധാനം; നിനക്ക് വേണ്ടതൊക്കെയും ഞാൻ തരും; വീഥിയിൽ രാപാർക്കമാത്രമരുത്” എന്നു പറഞ്ഞു, 21അവനെ തന്‍റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കഴുതകൾക്ക് തീൻ കൊടുത്തു; അവർ തങ്ങളുടെ കാലുകൾ കഴുകി; ഭക്ഷണപാനീയങ്ങൾ കഴിച്ചു.
22ഇങ്ങനെ അവർ ആനന്ദിച്ചിരിക്കുമ്പോൾ പട്ടണത്തിലെ ചില അധർമ്മികൾ#19:22 അധർമ്മികൾ ബെലിയാല്‍ വീട് വളഞ്ഞു വാതിലിന് മുട്ടി: “നിന്‍റെ വീട്ടിൽ വന്നിരിക്കുന്ന പുരുഷനെ പുറത്ത് കൊണ്ടുവാ; ഞങ്ങൾ അവനെ ഭോഗിക്കട്ടെ” എന്നു വീട്ടുടയവനായ വൃദ്ധനോട് പറഞ്ഞു.
23വീട്ടുടയവനായ പുരുഷൻ അവരുടെ അടുക്കൽ പുറത്ത് ചെന്നു അവരോട്: “അരുതേ, എന്‍റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ ആൾ എന്‍റെ വീട്ടിൽ വന്നിരിക്കുന്നുവല്ലോ; നിങ്ങൾ ഈ മഹാദ്രോഹം പ്രവർത്തിക്കരുതേ. 24ഇതാ, കന്യകയായ എന്‍റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെ ഉണ്ട്; അവരെ ഞാൻ പുറത്ത് കൊണ്ടുവരാം; അവരോട് നിങ്ങൾക്ക് ബോധിച്ചതുപോലെ ചെയ്തുകൊൾവിൻ; ഈ ആളോടോ ഈ വക വഷളത്വം പ്രവർത്തിക്കരുതേ” എന്നു പറഞ്ഞു.
25എന്നാൽ അവർ അവനെ കൂട്ടാക്കിയില്ല; ആകയാൽ ആ പുരുഷൻ തന്‍റെ വെപ്പാട്ടിയെ പിടിച്ച് അവളെ അവരുടെ അടുക്കൽ പുറത്താക്കിക്കൊടുത്തു, അവർ അവളെ രാത്രിമുഴുവനും ബലാല്ക്കാരം ചെയ്തു; നേരം വെളുക്കാറായപ്പോൾ അവളെ വിട്ടുപോയി. 26പ്രഭാതത്തിൽ സ്ത്രീ വന്ന് തന്‍റെ യജമാനൻ പാർത്ത ആ പുരുഷന്‍റെ വീട്ടുവാതില്‍ക്കൽ, നേരം പുലരുംവരെ വീണുകിടന്നു.
27അവളുടെ യജമാനൻ രാവിലെ എഴുന്നേറ്റ് വീടിന്‍റെ വാതിൽ തുറന്ന് തന്‍റെ വഴിക്ക് പോകുവാൻ പുറത്തിറങ്ങിയപ്പോൾ അവന്‍റെ വെപ്പാട്ടി വീട്ടുവാതില്‍ക്കൽ കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നത് കണ്ടു. 28അവൻ അവളോട്: “എഴുന്നേല്ക്ക, നാം പോക” എന്നു പറഞ്ഞു. അതിന് മറുപടി ഉണ്ടായില്ല. അവൻ അവളെ കഴുതപ്പുറത്ത് വച്ചു, തന്‍റെ സ്ഥലത്തേക്ക് പോയി.
29അവൻ വീട്ടിൽ എത്തിയപ്പോൾ ഒരു കത്തിയെടുത്ത് തന്‍റെ വെപ്പാട്ടിയെ ഓരോ അവയവമായി, പന്ത്രണ്ട് കഷണമാക്കി വിഭാഗിച്ച് യിസ്രായേലിന്‍റെ സകലദിക്കുകളിലും കൊടുത്തയച്ചു.
30അത് കണ്ടവർ എല്ലാവരും: “യിസ്രായേൽ മക്കൾ മിസ്രയീംദേശത്ത് നിന്ന് പുറപ്പെട്ടുവന്ന നാൾമുതൽ ഇന്ന് വരെയും ഇങ്ങനെയുള്ള പ്രവൃത്തി നടന്നിട്ടില്ല, കണ്ടിട്ടുമില്ല; ഇതിനെപ്പറ്റി ചിന്തിച്ച്, ആലോചിച്ച്, അഭിപ്രായം പറവിൻ” എന്നു പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ന്യായാ. 19: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.