ന്യായാ. 2
2
ബോഖീമിലെ യഹോവയുടെ ദൂതൻ
1അനന്തരം യഹോവയുടെ ദൂതൻ ഗില്ഗാലിൽനിന്ന് ബോഖീമിലേക്ക് വന്ന് പറഞ്ഞത്: “ഞാൻ നിങ്ങളെ മിസ്രയീമിൽ നിന്ന് മോചിപ്പിച്ച്, നിങ്ങളുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് കൊണ്ടുവന്നുമിരിക്കുന്നു. നിങ്ങളോടുള്ള എന്‍റെ ഉടമ്പടിക്ക് ഒരുനാളും മാറ്റം ഉണ്ടാകയില്ല 2നിങ്ങൾ ഈ ദേശനിവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളയേണമെന്ന് കല്പിച്ചിരുന്നു. എന്നാൽ നിങ്ങൾ എന്‍റെ വാക്ക് കേട്ടനുസരിച്ചില്ല. നിങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു? 3അതുകൊണ്ട് ഞാൻ ഇപ്രകാരം പറയുന്നു: ഞാൻ അവരെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ല; അവർ, നിങ്ങൾക്ക് ഒരു ഉപദ്രവവും അവരുടെ ദേവന്മാർ നിങ്ങൾക്ക് ഒരു കെണിയും ആയിരിക്കും.”
4അങ്ങനെ യഹോവയുടെ ദൂതൻ ഈ വചനം എല്ലാ യിസ്രായേൽമക്കളോടും പറഞ്ഞപ്പോൾ ജനം ഉച്ചത്തിൽ കരഞ്ഞു. 5അനന്തരം അവർ ആ സ്ഥലത്തിന് ബോഖീം (കരയുന്നവർ)#2:5 ബോഖീം കരയുന്നവർ എന്നു പേരിട്ടു. അവിടെ യഹോവയ്ക്കു യാഗം കഴിച്ചു.
യോശുവയുടെ മരണം
6യോശുവ ജനത്തെ പറഞ്ഞയച്ച് കഴിഞ്ഞപ്പോൾ, യിസ്രായേൽ മക്കൾ ദേശം കൈവശമാക്കുവാൻ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്ക് പോയി. 7അങ്ങനെ യോശുവയുടെ ജീവകാലത്തും അവന്‍റെ ശേഷം ജീവിച്ചിരുന്നവരും, യഹോവ യിസ്രായേലിനു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും നേരിൽ കണ്ടിട്ടുള്ളവരുമായ മൂപ്പന്മാരുടെ കാലത്തും ജനം യഹോവയെ സേവിച്ചു. 8അനന്തരം നൂന്‍റെ മകനും, യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്താമത്തെ വയസ്സിൽ മരിച്ചു. 9അവർ അവനെ അവന്‍റെ അവകാശഭൂമിയുടെ അതിരായ എഫ്രയീംപർവ്വതത്തിലെ ഗായശ് മലയുടെ വടക്കുവശത്തുള്ള തിമ്നാത്ത്-ഹേരെസിൽ അടക്കം ചെയ്തു.
അനുസരണക്കേടും പരാജയവും
10പിന്നെ ആ തലമുറയൊക്കെയും മരിച്ചു തങ്ങളുടെ പിതാക്കന്മാരോട് ചേർന്നു. അവരുടെ ശേഷം യഹോവയെയും അവിടുന്ന് യിസ്രായേലിനു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിഞ്ഞിട്ടില്ലാത്ത വേറൊരു തലമുറ ഉണ്ടായി.
11അപ്പോൾ യിസ്രായേൽ മക്കൾ യഹോവയ്ക്ക് ഇഷ്ടമല്ലാത്തവ ചെയ്തു ബാല്‍ വിഗ്രഹങ്ങളെ സേവിച്ചു. 12തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്ന ദൈവമായ യഹോവയെ അവർ ഉപേക്ഷിച്ച്, ചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ അന്യദൈവങ്ങളെ ചെന്നു നമസ്കരിച്ചു, യഹോവയെ കോപിപ്പിച്ചു. 13അവർ യഹോവയെ ഉപേക്ഷിച്ച് ബാലിനെയും അസ്തോരെത്ത് ദേവിയേയും പ്രതിഷ്ഠകളെയും സേവിച്ചു. 14യഹോവ യിസ്രായേലിന്‍റെ നേരെ ഏറ്റവുമധികം കോപിച്ചു; അവരെ കവർച്ചചെയ്യേണ്ടതിന് അവിടുന്ന് അവരെ കവർച്ചക്കാരുടെ കയ്യിൽ ഏല്പിച്ചു; ചുറ്റുമുള്ള ശത്രുക്കൾക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്‍ക്കാൻ അവർക്ക് പിന്നെ കഴിഞ്ഞില്ല. 15യഹോവ സത്യംചെയ്ത് അവരോട് അരുളിച്ചെയ്തിരുന്നതുപോലെ, യഹോവയുടെ കൈ അവർ ചെന്നിടത്തൊക്കെയും, അനർത്ഥം വരത്തക്കവണ്ണം അവർക്ക് വിരോധമായിരുന്നു; അവർ മഹാകഷ്ടത്തിലാകുകയും ചെയ്തു.
16എന്നിരുന്നാലും യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരിൽ നിന്ന് അവരെ രക്ഷിച്ചു. 17എന്നാലും അവർ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോട് ഇടകലർന്ന് അവയെ നമസ്കരിച്ചു; യഹോവയുടെ കല്പനകൾ അനുസരിച്ച് നടന്ന തങ്ങളുടെ പിതാക്കന്മാരുടെ വഴികളിൽ നടക്കാതെ അതിൽ നിന്ന് വേഗം മാറിപ്പോയി.
18യഹോവ അവർക്ക് ന്യായാധിപന്മാരെ എഴുന്നേല്പിച്ചപ്പോൾ, അവിടുന്ന്, അതാത് ന്യായാധിപനോടു കൂടെയിരുന്ന് അവന്‍റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിച്ചിരുന്നു. എന്തെന്നാൽ തങ്ങളെ ഉപദ്രവിച്ച് പീഡിപ്പിക്കുന്നവരുടെ നിമിത്തമുള്ള അവരുടെ നിലവിളിയിങ്കൽ യഹോവയ്ക്ക് മനസ്സലിവ് തോന്നിയിരുന്നു. 19എന്നാൽ ആ ന്യായാധിപന്‍റെ മരണശേഷം അവർ വീണ്ടും അന്യദൈവങ്ങളെ സേവിച്ചും നമസ്കരിച്ചും കൊണ്ട് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചിരുന്നു. അവർ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിട്ടിരുന്നില്ല.
20അങ്ങനെ യഹോവ യിസ്രായേലിനോട് ഏറ്റവുമധികം കോപിച്ചു: “ഈ ജനം അവരുടെ പിതാക്കന്മാരോട് ഞാൻ കല്പിച്ചിട്ടുള്ള എന്‍റെ നിയമം ലംഘിച്ച് എന്‍റെ വാക്ക് കേൾക്കായ്കയാൽ 21അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും നടക്കുമോ ഇല്ലയോ എന്ന് യിസ്രായേലിനെ പരീക്ഷിക്കേണ്ടതിന്, 22യോശുവ മരിക്കുമ്പോൾ നശിപ്പിക്കാതെ വിട്ട ജാതികളിൽ ഒന്നിനെയും ഞാൻ ഇനി അവരുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ല” എന്നു അവിടുന്ന് അരുളിച്ചെയ്തു. 23അങ്ങനെ യഹോവ ആ ജനതകളെ വേഗത്തിൽ നീക്കിക്കളയാതെയും യോശുവയുടെ കയ്യിൽ ഏല്പിക്കാതെയുമിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ന്യായാ. 2: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.